കൊറിയൻ ഗെയിം കമ്പനിയായ ക്രാഫ്റ്റന്റെ ജനപ്രിയ ഗെയിമായ പബ്ജി മൊബൈലിന്റെ റീബ്രാൻഡഡ് പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ) ആപ്പ്, കേന്ദ്ര സർക്കാർ ഉത്തരവിനെത്തുടർന്ന് ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തതായി സംഭവത്തെ കുറിച്ച് അറിവുള്ള വൃത്തങ്ങൾ പറഞ്ഞു.
എന്നാൽ ഇതു സംബന്ധിച്ചു തങ്ങൾക്ക് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ക്രാഫ്റ്റൺ വക്താവ് പറഞ്ഞു: “ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും എന്തുകൊണ്ടാണ് ബിജിഎംഐ നീക്കം ചെയ്തതെന്ന് ഞങ്ങൾ പരിശോധിക്കുകയാണ്, ഞങ്ങൾക്ക് ഇതുസംബന്ധിച്ച് വിവരങ്ങൾ ലഭിച്ചാൽ നിങ്ങളെ അറിയിക്കാം”. വക്താവ് പറഞ്ഞു.
അതേസമയം , ക്രാഫ്റ്റനെ അറിയിച്ചതിന് ശേഷമാണ് പ്ലേ സ്റ്റോറിൽ നിന്ന് ഗെയിം നീക്കം ചെയ്തതതെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു. “ഉത്തരവ് ലഭിച്ചതിന് ശേഷം, ഞങ്ങൾ ഡെവലപ്പറെ അറിയിക്കുകയും ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ബ്ലോക്ക് ചെയ്യുകയും ചെയ്തു,” ഗൂഗിൾ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
എന്തുകൊണ്ടാണ് ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ ബിജിഎംഐ നീക്കം ചെയ്യപ്പെട്ടത്?
ഗെയിം പിൻവലിക്കാൻ നിർദ്ദേശിച്ചതായി സർക്കാർ ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും, പബ്‌ജി കളിക്കുന്നത് തടഞ്ഞതിന് മകൻ അമ്മയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിന് ഒരു മാസങ്ങൾക്ക് ശേഷമാണ് ഈ നടപടിയെന്നത് ശ്രദ്ധേയമാണ്. നിലവിൽ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിലും ഈ വിഷയം ഉയർന്നു വന്നിരുന്നു. നിരോധിച്ച ആപ്പുകൾ പുതിയ രീതിയിൽ പ്രത്യക്ഷപ്പെടുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സർക്കാർ പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ച, രാജ്യസഭാ എംപി വി വിജയസായി റെഡ്ഡി, പബ്ജി പോലുള്ള ആപ്പുകൾക്കെതിരെ ഐടി മന്ത്രാലയം നടപടിയെടുക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇത് സംബന്ധിച്ച് വിവിധ റിപ്പോർട്ടുകളും പരാതികളും ലഭിച്ചിട്ടുണ്ട് എന്നായിരുന്നു ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം. തുടർന്നാണ് ആഭ്യന്തര വകുപ്പ് ഇത് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയത്.
“ഒരു കുട്ടി തന്റെ അമ്മയെ കൊലപ്പെടുത്തിയതായി മാധ്യമ റിപ്പോർട്ട് പുതുവന്നിരുന്നു, ഇതിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്. പക്ഷേ, 2020ൽ പബ്ജി ആപ്പ് സർക്കാർ തടഞ്ഞതാണ്, അതിനുശേഷം പബ്ജി ഗെയിം ഇന്ത്യയിൽ ലഭ്യമല്ല,” ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് പബ്ജി മൊബൈൽ നേരത്തെ ഇന്ത്യയിൽ നിരോധിച്ചത്?
ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ഗെയിം നീക്കം ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്, ഇതിന് മുമ്പ് ജനപ്രിയ ഗെയിമായ പബ്ജി രാജ്യത്ത് നിരോധിച്ചിരുന്നു.
ചൈനീസ് ഇന്റർനെറ്റ് കമ്പനിയായ ടെൻസെന്റ് ഗെയിംസാണ്, ഗെയിം നിരോധിക്കുന്നതുവരെ ഇന്ത്യയിൽ ഗെയിം പ്രസിദ്ധീകരിച്ചിരുന്നത്, കൂടാതെ ചൈനീസ് കമ്പനികൾ നിർമിച്ച മറ്റു 117 ആപ്ലിക്കേഷനുകളും ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഈ ആപ്പുകൾ ” ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, ഇന്ത്യയുടെ പ്രതിരോധത്തിനും, പൊതു ക്രമത്തിനും സുരക്ഷയ്ക്കും” എതിരായി പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
തുടർന്നാണ് ക്രാഫ്റ്റൺ പബ്ജി മൊബൈൽ ഇന്ത്യ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ടെൻസന്റിൽ നിന്ന് ഇന്ത്യയിൽ പബ്ജി അവതരിപ്പിക്കുന്നതിനുള്ള എല്ലാ ഉത്തരവാദിത്തങ്ങളും നേടിയെടുത്ത ശേഷമായിരുന്നു ഇത്.
പബജിക്ക് മുമ്പ്, അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം മൂർദ്ധന്യത്തിലെത്തിയപ്പോൾ, ജനപ്രിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്ടോക്കും ചൈനയിൽ നിന്നുള്ള മറ്റു 58 ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചിരുന്നു. 2020 ജൂണിലായിരുന്നു ഇത്.