scorecardresearch

ബാങ്ക് ലോക്കർ: ആർ ബി ഐയുടെ പുതിയ നിബന്ധനകളും നിരക്കുകളും ഉപഭോക്താക്കളെ വട്ടംകറക്കുന്നത് എന്തുകൊണ്ട്?

ബാങ്ക് ലോക്കർ സംബന്ധിച്ച് പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശങ്ങളു നിരക്കുകളും നടപ്പാക്കുന്നതിൽ ആശയക്കുഴപ്പങ്ങൾ തുടരുന്നു. നീട്ടി നൽകിയ കാലാവധിക്ക് മുമ്പ് ഇത് പൂർത്തിയാക്കാനാകുമോ? ബാങ്ക് ലോക്കറിനെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചും ജോർജ് മാത്യു വിശദമാക്കുന്നു

ബാങ്ക് ലോക്കർ സംബന്ധിച്ച് പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശങ്ങളു നിരക്കുകളും നടപ്പാക്കുന്നതിൽ ആശയക്കുഴപ്പങ്ങൾ തുടരുന്നു. നീട്ടി നൽകിയ കാലാവധിക്ക് മുമ്പ് ഇത് പൂർത്തിയാക്കാനാകുമോ? ബാങ്ക് ലോക്കറിനെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചും ജോർജ് മാത്യു വിശദമാക്കുന്നു

author-image
George Mathew
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bank locker|RBI

Bank locker


പുതുക്കിയ സമയപരിധിക്കുള്ളിൽ ബാങ്ക് ലോക്കർ ഉടമകൾ തങ്ങളുടെ ലോക്കർ ഉടമ്പടികൾ ഉൾപ്പെടുത്തി സ്റ്റാമ്പ് പേപ്പറിൽ പുതുക്കണമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിബന്ധന പാലിക്കാൻ ലോക്കർ ഉടമകൾ നെട്ടോട്ടമോടുകയാണ്. പുതുക്കിയ കരാറുകൾ നടപ്പാക്കാനും എല്ലാവിഭാഗങ്ങളെയും ബാധിക്കുന്ന വർദ്ധിപ്പിച്ച നിരക്കുകളും നടപ്പാക്കാൻ ഉപഭോക്താക്കളോട് ബാങ്കുകൾ ആവശ്യപ്പെടുന്നു.

ആർബിഐയുടെ സമയപരിധി എന്നുവരെ?

Advertisment

എല്ലാ ഉപഭോക്താക്കളോടും 2023 ഏപ്രിൽ 30-നകം പുതുക്കിയ നടപടികൾ അറിയിക്കാനും നിലവിലുള്ള ഉപഭോക്താക്കളിൽ കുറഞ്ഞത് 50 ശതമാനവും പേരുമായി ജൂൺ 30-നും 75 ശതമാനം പേരുമായി യഥാക്രമം സെപ്റ്റംബർ 30-നും ഇടയിൽ പുതുക്കിയ കരാറുകൾ നടപ്പിലാക്കണമെന്നും ബാങ്കുകളോട് ആർ ബി ഐ ആവശ്യപ്പെട്ടിരുന്നു.

ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ കണക്കുകൾ പ്രതിമാസ അടിസ്ഥാനത്തിൽ റിസർവ് ബാങ്കിന്റെ ദക്ഷ് (DAKSH) സൂപ്പർവൈസറി പോർട്ടലിൽ ബാങ്കുകൾ റിപ്പോർട്ട് ചെയ്യണം.ഈ നടപടികൾ പൂർത്തിയാക്കാനായി ബാങ്കുകൾക്കുള്ള സമയപരിധി 2023 ഡിസംബർ 31 വരെ നീട്ടി.

എന്താണ് പുതിയ നടപടിക്രമം?

ലോക്കർ ഇടപാടുകാരോട് 2023 ജനുവരി 1-നകം നിലവിലുള്ള ലോക്കർ കരാറുകൾ പുതുക്കാൻ ബാങ്കുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും, വലിയ വിഭാഗം ഉപഭോക്താക്കൾ ഇതുവരെ പുതുക്കിയ കരാർ നടപ്പിലാക്കാത്തതിനാൽ അത് നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. മിക്ക കേസുകളിലും, 2023 ജനുവരി 1-ന് മുമ്പ് കരാറുകൾ പുതുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചിട്ടില്ല. മാത്രമല്ല, പരിഷ്കരിച്ച നിർദ്ദേശങ്ങൾ പൂർണ്ണമായും നടപ്പാക്കുന്നതിന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) തയ്യാറാക്കിയ മാതൃകാ കരാറിൽ പുനരവലോകനം ആവശ്യമാണ്.

Advertisment

സ്റ്റാമ്പ് പേപ്പറില്‍ കരാറുകൾ തയ്യാറാക്കുക , ഫ്രാങ്കിങ് (സ്വത്തുമായി ബന്ധപ്പെട്ട രേഖകൾ സ്റ്റാമ്പ് ചെയ്യൽ), ഇലക്ട്രോണിക് രീതിയിൽ കരാർ നടപ്പാക്കാൽ, ഇ-സ്റ്റാമ്പിങ് തുടങ്ങിയ നടപടികൾ സ്വീകരിച്ച് ഉപഭോക്താക്കളുമായി പുതിയ/ അനുബന്ധ (സപ്ലിമെന്ററി) കരാറുകൾ നടപ്പിലാക്കാൻ ബാങ്കുകളോട് ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.

2023 ജനുവരി 1-നകം കരാർ നടപ്പാക്കാത്തതിനാൽ ലോക്കറുകളിലെ പ്രവർത്തനങ്ങൾ മരവിപ്പിച്ചിട്ടുണ്ടെങ്കിൽ, ആ നടപടി പിൻവലിച്ച് ലോക്കർ പ്രവർത്തനക്ഷമമാക്കണം. ലോക്കർ അനുവദിക്കുന്ന സമയത്ത്, സ്റ്റാമ്പ് പേപ്പറിൽ ഉപഭോക്താവുമായി ബാങ്ക് അത് സംബന്ധിച്ച കരാറിൽ ഏർപ്പെടണം.

രണ്ട് കക്ഷികളും (ബാങ്കും ലോക്കർ എടുക്കുന്ന വ്യക്തിയും) ഒപ്പിട്ട ലോക്കർ കരാറിന്റെ പകർപ്പ് ലോക്കർ വാടകയ്‌ക്കെടുക്കുന്ന വ്യക്തിക്ക്, അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അറിയാനായി നൽകണം. കരാറിന്റെ അസ്സല്‍ ( ഒറിജിനൽ കരാർ) ലോക്കർ സ്ഥിതി ചെയ്യുന്ന ബാങ്കിന്റെ ശാഖയിൽ സൂക്ഷിക്കണം.

ബാങ്കുകൾ എന്താണ് ചെയ്യുന്നത്?

ചില ബാങ്കുകൾ ലോക്കർ ഉടമകളോട് 500 രൂപ മുദ്രപത്രത്തിൽ കരാർ സമർപ്പിക്കാൻ ആവശ്യപ്പെടുമ്പോൾ, മറ്റുള്ളവർ 100 രൂപയുടെ സ്റ്റാമ്പ് പേപ്പർ മതിയാകും എന്ന് പറയുന്നു.മാത്രമല്ല, മുദ്രപ്പത്രത്തിന്റെ വില ആര് വഹിക്കും എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ചില ബാങ്കുകൾ സ്റ്റാമ്പ് പേപ്പർ അവർ തന്നെ നൽകുന്നു മറ്റ് ചില ബാങ്കുകൾ ഉപഭോക്താക്കളോട് സ്റ്റാമ്പ് പേപ്പർ കൊണ്ടുവരാൻ ആവശ്യപ്പെടുന്നു, മാത്രമല്ല, നിലവിൽ മുദ്രപ്പത്രങ്ങളുടെ ക്ഷാമവും നേരിടുന്നുണ്ട്. ലോക്കർ കരാർ പുതുക്കുന്നത് സംബന്ധിച്ച് ബാങ്കുകൾ തങ്ങളെ അറിയിച്ചിട്ടില്ലെന്ന നിരവധി പരാതികളും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഉയർന്നിട്ടുണ്ട്.

അതേസമയം, ബാങ്കുകൾ ലോക്കർ ചാർജുകൾ വർധിപ്പിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) വിവിധ തരം ലോക്കറുകൾക്ക് ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതിവർഷം 500-3,000 രൂപ വരെയായിരുന്നതുക 1,500-12,000 രൂപവരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ തുകയ്ക്കൊപ്പം ഉപഭോക്താവ് ഈ തുകയുടെ ജി എസ് എടിയും കൂടി നൽകേണ്ടി വരും.

ഒരു ഇടത്തരം ലോക്കറിന് നഗര, മെട്രോ ഉപഭോക്താക്കൾക്ക് 3,000 രൂപയും ജിഎസ്‌ടിയും ഗ്രാമ, അർദ്ധ നഗര (സെമി അർബൻ) ഉപഭോക്താക്കളിൽ ലോക്കറുകൾക്ക് 2,000 രൂപയും ജിഎസ്‌ടിയും എസ്ബിഐ ഈടാക്കുന്നു. ലോക്കറുകൾക്ക് ലൊക്കേഷനും തരവും അനുസരിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രതിവർഷം 1,350 മുതൽ 20,000 രൂപ വരെ നിരക്ക് ഈടാക്കുന്നു.

എന്തൊക്കെയാണ് വ്യവസ്ഥകൾ?

ആർബിഐ നിർദ്ദേശമനുസരിച്ച്, ലോക്കർ വാടക ഉടനടി അടയ്ക്കുന്നത് ഉറപ്പാക്കാൻ, ലോക്കർ അനുവദിക്കുന്ന സമയത്ത് തന്നെ ടേം ഡെപ്പോസിറ്റ് സ്വീകരിക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്, അതിൽ ലോക്കർ തുറക്കുന്നതിനുള്ള നിരക്കുകളും മൂന്ന് വർഷത്തെ വാടകയും ഉൾപ്പെടുന്നു. എന്നാൽ, നിലവിൽ ലോക്കർ ഉള്ളവരെയും തൃപ്തികരമായ സജീവ അക്കൗണ്ടു (ഓപ്പറേറ്റീവ് അക്കൗണ്ട്) ള്ളവരെയോ ഈ ടേം ഡെപ്പോസിറ്റുകൾക്ക് നിർബന്ധിക്കാൻ പാടില്ല. ലോക്കറുമായി ബന്ധപ്പെട്ടുള്ള ടേം ഡെപ്പോസിറ്റ് പദ്ധതി അതുമായി ബന്ധപ്പെട്ടുള്ള നടപടി മാത്രമായിരിക്കും.

ഉപഭോക്താവ് തുടർച്ചയായി മൂന്ന് വർഷത്തേക്ക് വാടക അടച്ചില്ലെങ്കിൽ, നടപടിക്രമങ്ങൾ പാലിച്ച് ആ ലോക്കർ തുറക്കാൻ ബാങ്കുകൾക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. അലോട്ട്‌മെന്റിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് നിലവിലുള്ള ലോക്കർ ഉപഭോക്താവിനെ അറിയിക്കുകയും അവർ അതിൽ സൂക്ഷിച്ചിട്ടുള്ള വസ്തുക്കൾ എടുക്കാൻ ന്യായമായ സമയം നൽകുകയും ചെയ്യുന്നുവെന്ന് ബാങ്ക് ഉറപ്പാക്കണം.

ഏഴ് വർഷത്തേക്ക് ലോക്കർ പ്രവർത്തനരഹിതമായിരിക്കുകയും ലോക്കർ വാടകയ്ക്ക് എടുക്കുന്നയാളെ കണ്ടെത്താനാകാതെ വരികയും ചെയ്താൽ, വാടക കൃത്യമായി അടയ്ക്കുന്നുണ്ടെങ്കിലും, ലോക്കറിലെ വസ്തുക്കൾ അവരുടെ നോമിനികൾക്കോ നിയമപരമായ അവകാശികൾക്കോ കൈമാറാനോ അല്ലെങ്കിൽ സാഹചര്യത്തിന് അനുസൃതമായ രീതിയിൽ സുതാര്യമായ രീതിയിൽ അതിലെ വസ്തുക്കൾ വില്‍ക്കാനോ ബാങ്കിന് അവകാശമുണ്ടെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് പറയുന്നു.

ലോക്കറിൽ സൂക്ഷിക്കാൻ കഴിയാത്തത് എന്തൊക്കെയാണ്?

ആഭരണങ്ങളും പ്രധാനപ്പെട്ട രേഖകളും പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മാത്രമേ നിയമപരമായ കാരണങ്ങളാൽ ബാങ്ക് ലോക്കറുകൾ ഉപയോഗിക്കാവൂ. ലോക്കറിൽ പണം സൂക്ഷിക്കാൻ പാടുള്ളതല്ല. ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, ലഹരിമരുന്ന്, മറ്റ് നിയമവിരുദ്ധ വസ്തുക്കൾ, ജീർണ്ണിക്കുന്ന വസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, നിയമവിരുദ്ധമായതോ, അപകടകരമായതോ ആയ വസ്തുക്കൾ ബാങ്കിനെയോ അതിന്റെ ഏതെങ്കിലും ഇടപാടുകാരെയോ അപകടപ്പെടുത്തുന്നതോ ആയ വസ്തുക്കൾ എന്നിവയൊന്നും ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ പാടില്ല.

തട്ടിപ്പിനിരയായാലുള്ള നഷ്ടപരിഹാരം എന്താണ്?

റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ച്, സുരക്ഷിത നിക്ഷേപ നിലവറകൾ (സേഫ് ഡെപ്പോസിറ്റ് വോൾട്ട്സ്) സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ സുരക്ഷയ്ക്കുള്ള എല്ലാ നടപടികളും സ്വീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണ്. ബാങ്കിന്റെ പോരായ്മ, അവഗണന അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ, പ്രവൃത്തിയോ കാരണം തീപിടിത്തം, മോഷണം, കവർച്ച, കൊള്ള, കെട്ടിടം തകർച്ച തുടങ്ങിയ സംഭവങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ബാങ്കിന് ഉത്തരവാദിത്തമുണ്ട്.

ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തു നഷ്‌ടപ്പെട്ടാൽ അതിൽ തങ്ങൾക്ക് ബാധ്യതയില്ലെന്ന് ബാങ്കുകൾക്ക് അവകാശപ്പെടാൻ കഴിയാത്തതിനാൽ, നേരത്തെ പറഞ്ഞ സംഭവങ്ങൾ മൂലമോ അല്ലെങ്കിൽ ജീവനക്കാരുടെ തട്ടിപ്പ് മൂലമോ ലോക്കറിനുള്ളിലെ വസ്തു നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ, സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ നിലവിലുള്ള വാർഷിക വാടകയുടെ 100 മടങ്ങ് തുല്യമായ തുകയായിരിക്കണം ബാങ്കുകളുടെ ബാധ്യതയെന്നും ആർബിഐ വ്യക്തമാക്കുന്നു.

എന്നാൽ, ഭൂകമ്പമോ വെള്ളപ്പൊക്കമോ പോലെയുള്ള ഒരു പ്രകൃതി ദുരന്തം മൂലം ലോക്കറിനുള്ളിലെ വസ്തുവിന് ഉണ്ടാക്കുന്ന കേടുപാടുകൾക്കോ നഷ്ടത്തിനോ തങ്ങൾ ഉത്തരവാദികളല്ലെന്ന് ബാങ്കുകൾ കരാറിൽ വ്യക്തമായി പറയുന്നു.

Banks Reserve Bank Of India Sbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: