അയോധ്യയിലെ 2.77 ഏക്കർ തര്‍ക്ക ഭൂമി രാമക്ഷേത്രം നിർമിക്കുന്നതിനായി വിട്ടു നല്‍കാന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠ്യേന വിധിച്ചിരിക്കുകയാണ്. അയോധ്യയില്‍ അഞ്ച് എക്കര്‍ ഭൂമി ബദലായി സുന്നി വഖഫ് ബോര്‍ഡിന് അനുവദിക്കണമെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
അതേസമയം, അലഹാബാദ് ഹൈക്കോടതിയുടെ 2010 ലെ വിധിയില്‍ തര്‍ക്കഭൂമിയുടെ മൂന്നിലൊന്ന് അവകാശം നല്‍കിയിരുന്ന നിര്‍മോഹി അഖാഡയ്ക്ക് ഭൂമിയില്‍ അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യയിൽ രാമക്ഷേത്രം പണിയുക ട്രസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും.
Read More: അയോധ്യ ഭൂമിത്തര്‍ക്ക കേസ്: മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ മറ്റൊരു സ്ഥലം, തർക്കഭൂമിയിൽ രാമക്ഷേത്രം
പളളിക്ക് ഭൂമി അനുവദിക്കുന്നതിനും ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുന്നതിനും മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി രൂപീകരിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിർദേശിച്ചു. രാം ലല്ല വിരാജ്മാന് നിയമസാധുതയുണ്ടെന്ന് സമ്മതിച്ച കോടതി പക്ഷെ, രാം ജന്മസ്ഥാന്‍ ആണെന്ന വാദത്തിന് സാധുതയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, രാമജന്മഭൂമിക്ക് നിയമവ്യക്തിത്വമില്ല. അതേസമയം, രാമജന്മഭൂമി എന്ന വിശ്വാസത്തെ കോടതി അംഗീകരിക്കുന്നു. അതേസമയം, ഭൂമിയില്‍ അവകാശം തെളിയിക്കാന്‍ മുസ്‌ലിം വിഭാഗത്തിനു സാധിച്ചില്ലെന്നും കോടതി വിധിയില്‍ പറയുന്നു.
എന്നാല്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് തളളിക്കളയാനാവില്ല. ഒഴിഞ്ഞ സ്ഥലത്തല്ല ബാബറി മസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്നും മറിച്ച് ഇസ്‌ലാമികമല്ലാത്ത നിർമിതിയുടെ മുകളിലാണെന്നും വിധിയില്‍ കോടതി പറയുന്നു.