1989 നവംബര്‍ ഒന്പതിനു വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ശിലാന്യാസം നടത്തിയതു മുതല്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം കുറിക്കാന്‍ ഓഗസ്റ്റ് അഞ്ചിനു പ്രധാനമന്ത്രി നരേന്ദ്ര മോദി 22.6 കിലോ വെള്ളിക്കല്ല് പാകുന്നതുവരെ അയോധ്യ സാക്ഷ്യം വഹിച്ചത് ചരിത്ര, സാംസ്കാരിക, മത, രാഷ്ട്രീയ സംഭവങ്ങൾ കൂടിച്ചേർന്ന പരമ്പരയ്ക്കായിരുന്നു.
ശിലാന്യാസ് ഇന്ത്യയിലെ അന്നത്തെ പ്രമുഖ രാഷ്ട്രീയകക്ഷിയായ കോണ്‍ഗ്രസിന്റെ പതനത്തിന്റെ തുടക്കം അടയാളപ്പെടുത്തിയെങ്കില്‍, രാമക്ഷേത്ര ഭൂമിപൂജ ബിജെപി കൊണ്ടുവന്ന പുതിയ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
വിഎച്ച്പിയുടെ ശിലാന്യാസ്
തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിനു മുന്നു പതിറ്റാണ്ടു മുമ്പുള്ള അതേ ദിവസം, 1989 നവംബര്‍ ഒന്‍പതിനാണ് അയോധ്യയില്‍ രാമക്ഷേത്രത്തിനായി തറക്കല്ല് വിഎച്ച്പി സ്ഥാപിച്ചത്.
ലോക്സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്ക പ്രശ്നവും കശ്മീര്‍ സാഹചര്യവും കൈകാര്യം ചെയ്തതിലെ പിഴവ് മൂലവും ബോഫോഴ്സ് ഇടപാടിലെ അഴിമതി ആരോപണം സംബന്ധിച്ച പ്രതിപക്ഷ ആക്രമണവും കാരണം പ്രതിസന്ധിയിലായ സാഹചര്യം മുതലെടുത്ത് വിഎച്ച്പി രാമക്ഷേത്രവിഷയം സജീവമാക്കി.
വിഎച്ച്പിഅയോധ്യയില് ശിലാസ്ഥാപനച്ചടങ്ങ് പ്രഖ്യാപിച്ചതു മുതല്‍, ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ ഇതിനായി സാമ്പത്തിക സഹായം അയയ്ക്കാന്‍ തുടങ്ങി. ക്ഷേത്രനിര്‍മാണത്തിനായി വിഎച്ച്പി എല്ലാം സജ്ജമാക്കിയിരുന്നുവെങ്കിലും തല്‍സ്ഥിതി തുടരാന്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഉത്തരവിട്ടു.
എന്നാൽ, കോടതി ഉത്തരവ് ധിക്കരിക്കാനായിരുന്നു വിഎച്ച്പിയുടെ തീരുമാനം. ക്ഷേത്രനിര്‍മാണത്തിനായി ഫണ്ടും ശ്രീ റാം എന്നെഴുതിയ ഇഷ്ടികകളും ശേഖരിച്ച് കര്‍സേവകരെ സംഘടിപ്പിച്ച വിഎച്ച്പി ശിലാന്യാസുമായി മുന്നോട്ടുപോകാന്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
ശിലാന്യാസ് ചടങ്ങ് നടത്തുന്നതിന് വിഎച്ച്പിക്ക് അനുവാദം നല്കാന് രാജീവ് ഗാന്ധി സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിനെതിരായ രൂക്ഷമായ രാഷ്ട്രീയപ്രക്ഷോഭത്തെയും ജനരോഷത്തെയും മറികടക്കാന്‍ ഹിന്ദുവികാരം കൊണ്ട് കഴിയുമെന്ന് പ്രതീക്ഷിച്ച് വിഎച്ച്പി നേതാവ് അശോക് സിംഗാളിനെ സന്ദര്‍ശിച്ച അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ബൂട്ടാ സിങ് ശിലാന്യാസുമായി മുന്നോട്ടുപോകാന്‍ അനുമതി നല്കി.
സാമുദായിക സംഘര്‍ഷം രൂക്ഷമായതോടെ, തര്‍ക്കസ്ഥലത്തിനു പുറത്ത് ശിലാന്യാസം നടത്തുന്നതിന് വിഎച്ച്പിക്ക് അനുവാദം നല്‍കാനായിരുന്നു കേന്ദ്രത്തിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും ശ്രമം.
എന്നാല്‍, 1989 നവംബര്‍ ഒന്‍പതിന് സന്ന്യാസിമാര്‍ ഉള്‍പ്പെടെയുള്ള വിഎച്ച്പി നേതാക്കളുടെ സംഘം, തര്‍ക്ക ഭൂമിയില്‍ പ്രവേശിച്ച് അധികൃതരുമായുള്ള ഉടമ്പടി ലംഘിച്ചു. സംഘം തര്‍ക്കഭൂമിയില്‍ 7x7x7 അടി വലുപ്പത്തിലുള്ള കുഴിയെടുത്ത് ശ്രീകോവിലിന്റെ പ്രധാന കവാടം സ്ഥാപിച്ചു.

എല്‍കെ അഡ്വാനിയുടെ രഥയാത്ര
ബിജെപിയുടെ രാഷ്ട്രീയയാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ് എല്‍കെ അഡ്വാനിയുടെ രഥയാത്ര. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രനിര്‍മാണം അജന്‍ഡയാക്കി സജീവ ക്യാമ്പയിൻ നടത്തിയ ബിജെപി കൊയ്തത് 89 സീറ്റ്. അതിനു മുന്‍പുള്ള രണ്ട് തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണത്തിൽ വന്‍ കുതിച്ചുചാട്ടമായിരുന്നു ഇത്.
വ്യത്യസ്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന രാജ്യത്തുടനീളമുള്ള ഹിന്ദുക്കള്‍ക്ക് ഏറ്റവും ആദരണീയവും ആകര്‍ഷണീയവുമായ രൂപമാണ് ശ്രീരാമന്. ഇതു നന്നായി മനസിലാക്കിയ ബിജെപി രാമക്ഷേത്രത്തിനു സൃഷ്ടിക്കാന്‍ കഴിയുന്ന രാഷ്ട്രീയ അവസരത്തിനായി ഒരുങ്ങി. രാമജന്മഭൂമിയെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാനായി 1990 സെപ്റ്റംബറില്‍ യാത്ര ആരംഭിക്കാന്‍ അഡ്വാനി തീരുമാനിച്ചു. അതുവരെ വിഎച്ച്പിയാണു രാം ജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ച് പ്രധാനമായും പ്രചാരണം നടത്തിയിരുന്നത്.
ഗുജറാത്തിലെ സോംനാഥില്നിന്ന് മധ്യ ഇന്ത്യ വഴി അയോധ്യയിലേക്കുള്ള അഡ്വാനിയുടെ, ടൊയോട്ടയെ രഥമാക്കിക്കൊണ്ടുള്ള യാത്ര ഹിന്ദുവികാരത്തെ ഇളക്കിവിടുകയും സമുദായത്തെ അദ്ദേഹത്തെ പിന്നില്‍ അണിനിരത്തുകയും ചെയ്തു. അഡ്വാനിക്കു വിശുദ്ധന്റെയും രക്ഷകന്റെയും പ്രതിച്ഛായ കൈവന്നു. 1992 ഡിസംബറിലെ സംഭവങ്ങളിലേക്കായിരുന്നു ആ രഥമുരുണ്ടത്.
ബാബറി മസ്ജിദ് തകർക്കുന്നു
ബിജെപിയുടെയും വിഎച്ച്പി നേതാക്കളുടെയും ആഹ്വാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വിഭ്രാന്തിപിടിച്ച കര്‍സേവകര്‍, പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്കു മുകളിലേക്ക് ആയാസപ്പെട്ട് കയറി. തുടര്‍ന്ന് അവ താഴേക്ക് തള്ളിയിട്ടു. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും നല്കിയ ഉറപ്പ് വീണ്ടും ലംഘിച്ചു. ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് രാജ്യത്തുടനീളമുണ്ടായ വര്‍ഗീയ കലാപത്തില്‍ രണ്ടായിരത്തോളം പേര് കൊല്ലപ്പെട്ടു.
സംഭവം കൈവി്ട്ടതോടെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകളെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. എന്നാല്‍, സംഭവം ബി.ജെ.പിയെ വിശാലമായ രാഷ്ട്രീയപാതയിലേക്ക് നയിച്ചു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ആധിപത്യത്തിനു പകരമായി രാജ്യത്തെ ഏറ്റവും പ്രമുഖവും വ്യാപക സാന്നിധ്യവുമുള്ള രാഷ്ട്രീയകക്ഷിയായി ബിജെപി ഉയര്‍ന്നുവരാന്‍ കാരണമായി.
ലിബറാന്‍ കമ്മിഷന്
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ജസ്റ്റിസ് എംഎസ് ലിബറാനെ അന്വേഷണ കമ്മിഷനെ നിയമിക്കുകയും മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 48 തവണ സമയം നീട്ടിച്ചോദിച്ച കമ്മിഷന് ഒടുവില്‍ 2009 ജനുവരി 30ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 10,000 പേജുള്ളതായിരുന്നു റിപ്പോര്‍ട്ട്.
നിയമയുദ്ധം പുനരാരംഭിക്കുന്നു
ബാബറി മസ്ജിദ്-രാമജന്മഭൂമി വിഷയം 2002 ഏപ്രിലില്‍ കോടതികളില്‍ തിരിച്ചെത്തുകയും മറ്റൊരു നിയമപോരാട്ടം ആരംഭിക്കുകയും ചെയ്തു. തര്‍ക്കമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ അലഹബാദ് ഹൈക്കോടതിയിലെ മൂന്നംഗ ബഞ്ച് വാദം കേള്‍ക്കാനാരംഭിച്ചു. സ്ഥലം ഖനനം ചെയ്ത് ഇവിടെ നേരത്തെ ക്ഷേത്രമുണ്ടായിരുന്നോയെന്ന് നിര്‍ണയിക്കാന്‍ ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യോട് ഉത്തരവിട്ടു.
ബാബറി മസ്ജിനു കീഴെ ക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവുകള്‍
2003ല്‍ എ.എസ്.ഐ കണ്ടെത്തി. ഇത് വിഎച്ച്പിയെ വീണ്ടും ഊര്‍ജസ്വലമാക്കി. സ്ഥലം രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഹിന്ദുക്കള്‍ക്കു കൈമാറാന്‍ നിയമനിര്‍മാണം നടത്താന്‍ വിഎച്ച്പി തലവന്‍ അശോക് സിംഗാള്‍ അന്നത്തെ ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എഎസ്ഐ കണ്ടെത്തലുകളും മറ്റു തെളിവുകളും പരിഗണിച്ച ഹൈക്കോടതി തര്‍ക്കസ്ഥലം മൂന്നായി വിഭജിക്കാന്‍ 2010 സെപ്റ്റംബറില്‍ ഉത്തരവിട്ടു. രാം ലല്ല വിരാജ്മനെ പ്രതിനിധാനം ചെയ്യുന്ന അഖില ഭാരതീയ ഹിന്ദു മഹാസഭ, സുന്നി വഖഫ് ബോര്‍ഡ്; നിര്‍മോഹി അഖാഡ എന്നിവയ്ക്കു തുല്യമായി വിഭജിക്കാനായിരുന്നു ഉത്തരവ്.
വിധിക്കെതിരെ കക്ഷികള്‍ ഡിസംബറില്‍ സുപ്രീം കോടതിയെ സമീപിച്ചു. വിഎച്ച്പി-ബിജെപി വിഭാഗങ്ങളോ മുസ്ലീങ്ങളോ ഉത്തരവില്‍ സന്തുഷ്ടരായിരുന്നില്ല. 2011 മേയില്‍ സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു.
അതേസമയം, രാമക്ഷേത്രത്തിനായുള്ള വിഎച്ച്പി പ്രചാരണം സജീവമായി തുടര്‍ന്നു. എന്നാല്‍, ബിജെപി അധികാരത്തില്‍ വന്നതിനും ക്ഷേത്രത്തെക്കുറിച്ചുള്ള അവരുടെ നിശബ്ദതയ്ക്കുമൊപ്പം ക്ഷേത്രനിർമാണം സംബന്ധിച്ച സമ്മര്‍ദം വര്ധിപ്പിക്കരുതെന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ ഉപദേശവും കൂടിയായതോടെ ശബ്ദം താഴ്ത്താൻ വിഎച്ച്പി നിര്‍ബന്ധിതമായി.
എന്നാല്‍ 2018 അവസാനത്തോടെ, വിഎച്ച്പി വീണ്ടും ശബ്ദമുയര്ത്തിത്തുടങ്ങി. ലക്ഷക്കണക്കിന് ഹിന്ദു ദാര്‍ശനികരും അനുയായികളും അയോധ്യയില്‍ ഒത്തുകൂടി. ശിവസേനയ്ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധര്‍മസഭകള്‍ സംഘടിപ്പിക്കുകയും ക്ഷേത്രനിര്‍മാണത്തിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. അവര്‍ക്ക് പിന്നീട് ആര്‍എസ്എസ് നേതാക്കളുടെ പോലും പിന്തുണ ലഭിക്കുകയുണ്ടായി. സര്‍ക്കാര്‍ സുപ്രീംകോടതി വിധിക്കായി കാത്തിരിക്കാന്‍ ബാധ്യസ്ഥമാണെന്നു ബോധ്യപ്പെടുത്താന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ആർഎസ്എസ് നേതൃത്വവുമായി പലതവണ ചർച്ചകൾ നടത്തേണ്ടി വന്നു.
2019 നവംബര്‍ 9: നിർണായക വിധി
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ബഞ്ച് രാം ലല്ലയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. 2.7 ഏക്കര്‍ ഭൂമി മുഴുവന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറുമെന്നും ചീഫ് ജസ്റ്റിസ് വിധിയില്‍ പറഞ്ഞു. ഈ ട്രസ്റ്റായിരിക്കും രാമക്ഷേത്ര നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുക. പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു.
ഫെബ്രുവരി 5, 2020
ട്രസ്റ്റ് രൂപീകരിക്കുന്നതിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ട്രസ്റ്റിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ നടത്തി. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രം എന്ന് പേരിട്ടിരിക്കുന്ന ട്രസ്റ്റ് രാമക്ഷേത്രത്തിന്റെ നിര്‍മാണവും അനുബന്ധ പ്രശ്നങ്ങളും സംബന്ധിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കും. അയോധ്യയുടെ പവിത്രത നിലനിര്‍ത്തുന്നതിനും ക്ഷേത്രനിര്മാണത്തിനുമായി കോടിക്കണക്കിന് ഭക്തരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഏറ്റെടുത്ത 67.703 ഏക്കര്‍ മുഴുവന്‍ കൈമാറിയതായി മോദി പറഞ്ഞു.
30 വര്‍ഷം മുമ്പ് വിഎച്ച്പി നിര്‍ദേശിച്ച മാതൃകയില്‍നിന്ന് രാമക്ഷേത്രത്തിനു മാറ്റമുണ്ടാകില്ലെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വിഎച്ച്പി നേതാവ് ചമ്പത് റായ് പ്രഖ്യാപിച്ചു.
ചൊവാഴ്ച രാവിലെ അയോധ്യയില്‍ ഹനുമാന് ആരാധനയോടെയാണ് പ്രാര്‍ത്ഥനയും ഭൂമിപൂജ ചടങ്ങും ആരംഭിച്ചത്. രാജ്യത്തൊട്ടാകെയുള്ള 36 ആത്മീയ പാരമ്പര്യങ്ങളില്‍ നിന്നുള്ള 133 സന്യാസിമാരും മറ്റു വിശാഷ്ടാതിഥികളും ഉള്‍പ്പെടെ 175 പേരെയാണു ഭൂമി,ശിലാപൂജ ചടങ്ങിലേക്ക് ശ്രീരാം ജന്മഭൂമി തീര്‍ത്ഥക്ഷേത്രം ക്ഷണിച്ചിരിക്കുന്നത്. ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി നേതാക്കളും ഇക്കൂട്ടത്തിലുണ്ട്. ഭൂമി പൂജയ്ക്കായി വിഎച്ച്പിയുടെ പ്രതിനിധികള്‍ ഉത്തരാഖണ്ഡിലെ ചാര് ധാം ദേവാലയങ്ങളില്‍നിന്ന് മണ്ണും ഗംഗയില്‍ നിന്നുള്ള വെള്ളവും അയോധ്യയിലെത്തിച്ചിട്ടുണ്ട്.