ഇന്ത്യയിൽ കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന് പ്രധാന കാരണമായ ഡെൽറ്റ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് യുകെയിൽ നിന്നുള്ള പുതിയ കണ്ടെത്തലുകളിൽ പറയുന്നു. യുകെയിൽ ആദ്യം കണ്ടെത്തിയ ആൽഫ വകഭേദത്തിനെക്കാൾ മാരക വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റ വകഭേദം.
എന്താണ് പുതിയ കണ്ടെത്തലുകൾ?
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ഇ) പ്രസിദ്ധീകരിച്ച പുതിയ ശാസ്ത്രീയ വിശകലനത്തിൽ, ഡെൽറ്റ വകഭേദമെന്ന് അറിയപ്പെടുന്ന B.1.617.2 വൈറസ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നത് തടയാൻ രണ്ട് ഡോസ് കോവിഡ് -19 വാക്സിനുകൾ ഫലപ്രദമാണെന്ന് കണ്ടെത്തി. വാക്സിൻ സ്വീകരിച്ചവരാരും മരണപ്പെട്ടിട്ടില്ല എന്നതും പ്രധാനമാണ്.
പുതിയ വിശകലനത്തിൽ രണ്ട് ഡോസ് വാക്സിനുകൾ ഫലപ്രാപ്തി നൽകുന്നു എന്നാണ് കണ്ടെത്തൽ. രണ്ട് ഡോസുകൾക്ക് ശേഷം ആശുപത്രിയിൽ പ്രവേശിക്കുന്നത് തടയുന്നതിന് ഫൈസർ-ബയോടെക്കിന്റെ എംആർഎൻഎ വാക്സിൻ 96 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. ഓക്സ്ഫോർഡ്-ആസ്ട്രസെനെക്ക വാക്സിൻ രണ്ട് ഡോസുകൾക്ക് ശേഷം 92 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. ഈ വാക്സിന്റെ ഇന്ത്യൻ പതിപ്പായ സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന കോവിഷീൽഡ് രാജ്യത്ത് നൽകുന്ന വാക്സിനുകളിൽ ഒന്നാണ്.
എങ്ങനെയാണ് ഈ വിശകലനം നടത്തിയത്?
ലണ്ടൻ സ്കൂൾ ഓഫ് ഹൈജീനിൻ ആന്റ് ട്രോപ്പിക്കൽ മെഡിസിൻ, ലണ്ടൻ ആൻഡ് ഗൈസ്, ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റൽ, എൻഎച്ച്എസ് ട്രസ്റ്റ് എന്നിവിടങ്ങളിലെ ഗവേഷകർ ഏപ്രിൽ 12 നും ജൂൺ 4നും ഇടയിൽ രോഗലക്ഷണങ്ങളോടെ എമർജൻസി കെയർ ഡാറ്റാസെറ്റുമായി (ഇസിഡിഎസ്) ബന്ധിപ്പിച്ച കേസുകളാണ് വിശകലനം നടത്തിയത്, ഇംഗ്ലണ്ടിലെ അത്യാഹിത വിഭാഗം വഴിയുള്ള എല്ലാ പ്രവേശനങ്ങളും ഇസിഡിഎസിലാണ് രേഖപ്പെടുത്തുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 166 കേസുകൾ ഉൾപ്പടെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ച 14,019 കേസുകളാണ് വിശകലനം ചെയ്തത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് തടയുന്നതിൽ വാക്സിനുകളുടെ ഫലപ്രാപ്തി ഡെൽറ്റയിലും ആൽഫയുടേതിന് സമാനമാണെന്ന് വിശകലനത്തിൽ കണ്ടെത്തി. ഫൈസർ വാക്സിന്റെ ആദ്യ ഡോസിന് 94 ശതമാനം വരെയും രണ്ടാം ഡോസിന് ശേഷം 96 ശതമാനം വരെയും ഫലപ്രാപ്തി കണ്ടെത്തി. ഓക്സ്ഫോർഡ് ആസ്ട്രസെനെക്ക വാക്സിന്റെ ആദ്യ ഡോസിന് 71 ശതമാനം ഫലപ്രാപ്തിയും രണ്ടാം ഡോസിന് ശേഷം 92 ശതമാനം ഫലപ്രപ്തിയും കണ്ടെത്തി.
“ഈ കണ്ടെത്തലുകൾ ഡെൽറ്റ വകഭേദം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതിൽ നിന്നും രണ്ടു വാക്സിനുകളുടെയും ഒന്നോ രണ്ടോ ഡോസുകൾ വലിയ സുരക്ഷനൽകുന്നുവെന്ന് സൂചിപ്പിക്കുന്നു” എന്ന് ഗവേഷകർ പറഞ്ഞു.
ഇതിൽ നിന്നും മനസിലാക്കാൻ ഉള്ളവ എന്തൊക്കെയാണ്?
നിലവിലുളളതും ഇനി വരാനുള്ളതുമായ എല്ലാ വകഭേദങ്ങളിൽ നിന്നും പരമാവധി സുരക്ഷ നേടുന്നതിന് രണ്ട് ഡോസുകളും നിങ്ങൾക്ക് ലഭ്യമാകുന്ന ഉടൻ തന്നെ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യ സാമൂഹിക പരിപാലന സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറയുന്നു.
പിഎച്ച്ഇ (പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്) ൽ നിന്നുള്ള ലോക ഡാറ്റ സൂചിപ്പിക്കുന്നത് പ്രകാരം ചെറിയ രോഗലക്ഷണമുള്ള രോഗത്തിനെതിരെ വാക്സിനേഷന്റെ ഫലപ്രാപ്തി ആൽഫ വേരിയന്റിന് 74 ശതമാനവും ഡെൽറ്റ വേരിയന്റിന് 64 ശതമാനവും ആണെന്ന് ആസ്ട്രസെനെക്ക ചെവ്വാഴ്ച പറഞ്ഞു. “കോവിഡ് 19 വാക്സിനായ അസ്ട്രാസെനെക്കയോട് ടി-സെല്ലുകൾ പ്രതികരിക്കുന്നതാണ് കഠിനമായ രോഗത്തിനും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമെതിരെ ഉയർന്ന ഫലപ്രാപ്തി നൽകുന്നതെന്ന് സമീപകാല ഡാറ്റകളിൽ നിന്നും മനസിലാക്കാം, ഇത് വളരെ ഉയർന്നതും നീണ്ടുനിൽക്കുന്നതുമായ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു” കമ്പനി പറഞ്ഞു.
ഇന്ത്യയിൽ 88 ശതമാനം ഡോസുകളുടെ വിതരണം പൂർത്തിയാക്കിയ കോവിഷീൽഡ്, രാജ്യത്ത് കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും പുതിയ കണ്ടെത്തലിൽ സൂചിപ്പിക്കുന്നു.
“ഈ ലോക ഡാറ്റകൾ കാണിക്കുന്നത് COVID-19 വാക്സിനായ ആസ്ട്രസെനെക്ക ഡെൽറ്റ വകഭേദത്തിനെതിരെ വലിയ തോതിലുള്ള സംരക്ഷണം നൽകുന്നു എന്നാണ്, അതിവേഗമുണ്ടാകുന്ന വ്യാപനം കണക്കിലെടുക്കുമ്പോൾ നിലവിൽ ഇതൊരു നിർണായക കാര്യമാണ്“ അസ്ട്രാസാനേക്കയിലെ ബയോ ഫാർമസ്യൂട്ടിക്കൽസ് ആർആൻഡ്ഡി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മെനെ പംഗലോസ് പറഞ്ഞു.
Read Also: കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം പാർശ്വഫലങ്ങളുണ്ടോ? കാരണം ഇതാണ്
ഡെൽറ്റായെക്കുറിച്ചു മറ്റെന്തെങ്കിലും പുതിയ കണ്ടെത്തലുകൾ?
ജൂൺ 11 ന്, പിഎച്ഇയുടെ ഒരു സാങ്കേതിക വിലയിരുത്തലിൽ ഡെൽറ്റ മൂലമുള്ള 28 ദിവസത്തെ മരണ നിരക്ക് കുറവായി (0.1%) തുടരുന്നതായി പറഞ്ഞു. “മരണനിരക്കിൽ കാലതാമസം ഉണ്ടാവുമെങ്കിലും ഇപ്പോഴുള്ള മിക്ക കേസുകളും 28 ദിവസത്തിനുള്ളിൽ സംഭവിച്ചവയും ഫോളോ അപ്പുകൾ ആവശ്യമുള്ളവയുമാണ്.
ചൊവ്വാഴ്ച, ദി ലാൻസെറ്റ്, ഏപ്രിൽ മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ സ്കോട്ട്ലൻഡിലെ ഡെൽറ്റ വേരിയന്റിനെക്കുറിച്ച് നടത്തിയ ഒരു പഠനം പ്രസിദ്ധീകരിച്ചു. സാർസ് കോവ് -2 സ്ഥിരീകരിച്ച 19,543 കേസുകളാണ് ഗവേഷകർ വിശകലനം ചെയ്തത്, അതിൽ 377 പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരായിരുന്നു.
സ്കോട്ട്ലൻഡിലെ ഡെൽറ്റ വകഭേദം പ്രധാനമായും പ്രായം കുറഞ്ഞവരിലാണ് കണ്ടെത്തിയതെന്ന് ഗവേഷകർ പറഞ്ഞു. ആൽഫ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ വേരിയന്റു ബാധിച്ചവരുടെ ആശുപത്രി പ്രവേശന സാധ്യത ഏകദേശം ഇരട്ടിയായി.