ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ, ഗുജറാത്തിൽ ബിജെപി തുടർച്ചയായ ഏഴാം തവണ അധികാരം ഉറപ്പിച്ചു കഴിഞ്ഞു. കോൺഗ്രസ് തകർന്നടിയുന്ന കാഴ്ചയാണ് കാണാനായത്. എഎപിയാണ് കോൺഗ്രസിനെ തളർത്തിയത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് അധികാരത്തിലേക്കെന്നാണ് നിലവിലെ ഫലങ്ങൾ കാണിക്കുന്നത്. അങ്ങനെയെങ്കിൽ കോൺഗ്രിസ് അത് ആശ്വാസമേകും.
ബിജെപി ചരിത്രമെഴുതിയ ദിനം
ഗുജറാത്ത്
ബിജെപി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ എക്കാലത്തെയും മികച്ച പ്രകടനമാണ് പാർട്ടി കാഴ്ചവച്ചത്. എക്സിറ്റ് പ്രവചനങ്ങളെക്കാൾ കൂടുതൽ സീറ്റുകൾ നേടിയാണ് ബിജെപിയുടെ മുന്നേറ്റം.
11.30 ന് ബിജെപി 149 സീറ്റുകളിലായിരുന്നു മുന്നിട്ടുനിന്നത്. 151 സീറ്റുകളിൽ പാർട്ടി എത്തുമെന്നാണ് പ്രവചനങ്ങൾ. 2002 ലെ 127 എന്ന സീറ്റ് നിലയിൽനിന്നും റെക്കോർഡ് മെച്ചപ്പെടുത്താനുള്ള പാതയിലാണ് പാർട്ടി. ഗുജറാത്തിലെ ഏതൊരു പാർട്ടിയുടെയും എക്കാലത്തെയും മികച്ച പ്രകടനമെന്നു പറയുന്നത് 1985ൽ മാധവ്സിങ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 സീറ്റാണ്. ആ റെക്കോർഡ് ഇന്ന് തകർന്നടിയുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, തുടർച്ചയായ ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. 1995, 1998, 2002, 2007, 2012, 2017 എന്നീ വർഷങ്ങളിലാണ് ബിജെപിയുടെ മുൻപുള്ള ജയങ്ങൾ. 1995ലെ നിയമസഭയിൽ ബിജെപി വിമതരായ ശങ്കർസിങ് വഗേലയും ദിലീപ് പരീഖും ഒന്നര വർഷക്കാലം മുഖ്യമന്ത്രിമാരായിരുന്നു.
ഈ നേട്ടം നേടിയ മറ്റൊരു പാർട്ടി സിപിഎം മാത്രമാണ്. 1977 മുതൽ ഏഴു തവണയാണ് പശ്ചിമ ബംഗാളിൽ ഇടതു മുന്നണി അധികാരം നേടിയെടുത്തത്. 2011ൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസാണ് ഇതിന് അവസാനമിട്ടത്. 34 വർഷമാണ് സിപിഎം ബംഗാൾ ഭരിച്ചത്.
ഹിമാചൽ പ്രദേശ്
1985 മുതൽ ഹിമാചൽ പ്രദേശിൽ ഒരു പാർട്ടിക്കും തുടർ ഭരണം നേടാൻ കഴിഞ്ഞിട്ടില്ല. ബിജെപിയും കോൺഗ്രസും ഹിമാചലിൽ മാറിമാറിയാണ് ഭരിക്കുന്നത്. ഇത്തവണ ബിജെപി അധികാരം നിലനിർത്തിയാൽ ജയ് റാം താക്കൂർ ചരിത്രമെഴുതും.
11.30 ആയപ്പോൾ കോൺഗ്രസ് 36 സീറ്റുമായി ബിജെപിക്ക് മുന്നിലാണ്. 29 സീറ്റാണ് ബിജെപിക്കുള്ളത്. ബിജെപി വിമതരായ മൂന്നുപേർ ലീഡ് ചെയ്യുന്നുണ്ട്. ഇവർ വിജയിച്ചാൽ പിന്തുണ നേടിയെടുക്കാനായി ബിജെപി എന്തും നൽകാൻ തയ്യാറാകുമെന്ന കാര്യം ഉറപ്പാണ്.
ഹിമാചലിലും ബിജെപി വിജയിച്ചാൽ അവരുടെ പോരാട്ടവീര്യത്തിന് വലിയ കരുത്താകും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം നേടാൻ ബിജെപിക്ക് കൂടുതൽ മനോവീര്യം പകരും. മാത്രമല്ല, പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള പ്രതിസന്ധികൾ നരേന്ദ്ര മോദിയുടെ ജനപ്രീതിയെ ബാധിക്കില്ലെന്നും ഇത് കാണിക്കും.
കോൺഗ്രസിന് നിരാശജനകമായ ദിനം
ഗുജറാത്ത്
കോൺഗ്രസ് പൂർണമായും തകർന്നടിഞ്ഞ നിലയിലാണ്. 11.30 ന് വെറും 20 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്തത്. സംസ്ഥാനത്തെ കോൺഗ്രസിന്റെ ഏറ്റവും മോശം പ്രകടനമാണിത്. അതേസമയം, ഗുജറാത്തിൽ എഎപി അക്കൗണ്ട് തുറന്നത് (11.30 ന് എട്ടു സീറ്റുകളിൽ ലീഡ്) പാർട്ടിക്ക് ഊർജം പകരുന്നതാണ്. വരുംവർഷങ്ങളിൽ കോൺഗ്രസിനെ മറികടന്ന് ബിജെപിയുടെ രാഷ്ട്രീയ എതിരാളിയായി എഎപി മാറുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിൽ 11.30 ന് കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നിട്ടുണ്ട്. പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നേടാനാൽ, തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ കുതന്ത്രങ്ങളെയും പണബലത്തെയും കടത്തിവെട്ടി അടുത്ത സർക്കാർ രൂപീകരിക്കാൻ കഴിയും.
രണ്ട് സംസ്ഥാനങ്ങളിലും തിരിച്ചടികൾ നേരിട്ടാൽ കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തുകയും 2024-ൽ ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ സംഘടനാപരമായും സാമ്പത്തികമായുമുള്ള സ്രോതസുകൾ കണ്ടെത്താനുള്ള പാർട്ടിയുടെ കഴിവിനെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച ജനപിന്തുണ ലഭിക്കുന്നുണ്ടെങ്കിലും, അതൊരു വോട്ടാക്കി മാറ്റി വിജയം കൈവരിക്കുകയെന്നത് കോൺഗ്രസിന് വെല്ലുവിളിയായിരിക്കും.