/indian-express-malayalam/media/media_files/uploads/2020/08/IMG-20200818-WA0026.jpg)
എയര്‍ ബബിള്‍ കരാര്‍ പ്രകാരം വിവിധ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ പതിയെ നീക്കിത്തുടങ്ങിയതോടെ ഇന്ത്യയിലെയും വിദേശത്തെയും വ്യോമയാന കമ്പനികള്‍ യുഎസ്, ജര്‍മനി, ഫ്രാന്‍സ്, കാനഡ, യുകെ, യുഎഇ പോലുള്ള രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വാഗ്ദാനം ചെയ്തു തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും യാത്രക്കാരന്‍ പോകാനുദ്ദേശിക്കുന്ന രാജ്യത്തെ സര്‍ക്കാരുകളുടെയും ചില നിബന്ധനകള്‍ക്ക് വിധേയമാണ് യാത്ര.
എന്താണ് എയര്‍ ബബിള്‍?
കോവിഡ്-19 മഹാമാരി മൂലം റദ്ദാക്കിയ പതിവ് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ഇടപാടാണ് വ്യോമ ഗതാഗത ബബിളുകള്‍. രണ്ട് രാജ്യങ്ങളിലേയും വ്യോമയാന കമ്പനികള്‍ക്ക് ഒരേപോലെ നേട്ടം ഉണ്ടാകുന്നതാണ് ഇത്. യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, കാനഡ, യുഎഇ, മാലി ദ്വീപുകള്‍ പോലുള്ള രാജ്യങ്ങളുമായി ഇന്ത്യ ഈ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ആര്‍ക്കൊക്കെ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യാം?
എയര്‍ ബബിള്‍ ചട്ടങ്ങളനുസരിച്ച് ഈ രാജ്യക്കാര്‍ക്കും ഇന്ത്യാക്കാര്‍ക്കും ഈ രാജ്യങ്ങളിലൂടെ കടന്ന് പോകാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കും യാത്ര ചെയ്യാം. ഇന്ത്യയുമായി എയര്‍ ബബിള്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ ഏറ്റവും കുറഞ്ഞത് ഒരു മാസത്തെ വിസയെങ്കിലുമുള്ള (ടൂറിസ്റ്റ് വിസ അല്ലാത്തത്) ഇന്ത്യാക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. അതേസമയം, യുഎഇ ടൂറിസ്റ്റുകളെ അനുവദിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളുടെ വിസ, ബിസിനസ് വിസ, തൊഴില്‍ വിസ എന്നിവ ഉള്ളവര്‍ക്ക് ഇന്ത്യയില്‍നിന്നു വിദേശത്തേക്ക് യാത്ര ചെയ്യാം.നിയന്ത്രണങ്ങളോടെ യുഎസ് എംബസി ഇന്ത്യയില്‍ നിന്നുള്ളവർക്ക് പഠനാവശ്യങ്ങള്‍ക്കുള്ള വിസ ഓഗസ്റ്റ് 17 മുതല്‍ പരിഗണിച്ചു തുടങ്ങി.
Read Also: Explained: 800 വർഷം പഴക്കമുള്ള മുളന്തുരുത്തി പള്ളി സർക്കാർ ഇപ്പോൾ ഏറ്റെടുക്കാൻ കാരണമെന്ത്?
അന്താരാഷ്ട്ര യാത്രകള്‍ക്ക് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ മനസില്‍ സൂക്ഷിച്ചു കൊണ്ട് സ്വന്തം ഉത്തരവാദിത്തത്തിൽ വേണം യാത്ര ചെയ്യാനെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പറയുന്നു.
വിദേശത്തുനിന്ന് ആര്‍ക്കൊക്കെ ഇന്ത്യയിലേക്ക് വരാം?
ഇന്ത്യയിലെയോ വിദേശത്തെയോ വ്യോമയാന കമ്പനികള്‍ നടത്തുന്ന സര്‍വീസുകള്‍ വഴി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് രാജ്യത്തേക്കു വരാം. അവരെ കൂടാതെ ചില വിഭാഗങ്ങളില്‍പ്പെട്ട വിദേശികളെയും ഇന്ത്യയിലേക്ക് വരാന്‍ അനുവദിച്ചിട്ടുണ്ട്. അടുത്തിടെ വരെ ചില ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ ഉള്ളവരെ മാത്രമേ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ഇപ്പോള്‍, എല്ലാ ഒസിഐ കാര്‍ഡുടമകളേയും ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കുന്നു.
ബിസിനസ് വിസ (സ്‌പോര്‍ട്‌സ് ആവശ്യത്തിനുള്ള ബി-3 വിസ ഒഴിച്ച്), ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ രംഗത്തെ ഗവേഷകര്‍, എഞ്ചിനീയര്‍മാര്‍, ഇന്ത്യയിലെ ആരോഗ്യ രംഗത്തെ സൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധര്‍, വിദേശ എഞ്ചിനീയര്‍മാര്‍, മാനേജ്‌മെന്റ് വിദഗ്ദ്ധര്‍, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം.
ഏതൊക്കെ വ്യോമയാന കമ്പനികള്‍ ഇന്ത്യയിലേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്നു?
ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളുരു, ഹൈദരാബാദ്, കൊച്ചി, അമൃത്സര്‍, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളിൽനിന്ന് ലണ്ടന്‍, ബിര്‍മിങ്ഹാം, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, നെവാര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ചിക്കാഗോ, വാഷിങ്ടണ്‍ ഡിസി എന്നീ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.
ഈ രാജ്യങ്ങളില്‍ നിന്നുള്ള വ്യോമയാന കമ്പനികള്‍ക്ക് ഇന്ത്യയിലേക്കും തിരിച്ചും യാത്രക്കാരുമായി സര്‍വീസ് നടത്താം. പൗരന്‍മാരെ ഒഴിപ്പിക്കുന്നതിനുള്ള സര്‍വീസുകളില്‍ ഒരു ഭാഗത്തേക്കുള്ള യാത്ര കാലിയായിട്ടായിരുന്നു. യുണൈറ്റഡ്, എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, എയര്‍ കാനഡ, എമിറേറ്റ്‌സ്, എത്തിഹാദ്, വെര്‍ജിന്‍ അറ്റ്‌ലാന്റിക് എന്നീ വിദേശ കമ്പനികളാണ് സര്‍വീസുകള്‍ നടത്തുന്നത്.
തങ്ങളുടെ രാജ്യങ്ങളിലൂടെ കടന്നുപോകാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരന്‍മാരെയും വിദേശ വ്യോമയാന കമ്പനികള്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാം. ഒരു നിബന്ധന മാത്രം, ആ പൗരന്‍മാര്‍ പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തേക്ക് യാത്ര അനുവദിക്കണം.
എയര്‍ ഇന്ത്യയെയും വിദേശ കമ്പനികളെയും കൂടാതെ ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളും എയര്‍ ബബിള്‍ കരാറുകള്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും ഇവിടെനിന്ന് തിരിച്ചും വിസ്താര സര്‍വീസ് ആരംഭിക്കും.
ഡല്‍ഹിക്കും ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കും വിസ്താര ആഴ്ചയില്‍ മൂന്ന് സര്‍വീസ് നടത്തും. പിന്നീട് പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഹീത്രൂവിലേക്ക് സര്‍വീസ് നടത്താന്‍ ബജറ്റ് എയര്‍ലൈന്‍സായ സ്‌പൈസ് ജെറ്റിന് സ്ലോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ഒരു ദിവസം ഒരു സര്‍വീസ് നടത്താനാണ് ശ്രമം.
വിദേശത്തേക്കു പോകാന്‍ എന്താണ് വേണ്ടത്?
വിദേശത്തുനിന്നു വരുന്നവര്‍ക്കായി ആരോഗ്യ മന്ത്രാലയം മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ പുറപ്പെടുവിച്ചിരുന്നു. അതു പ്രകാരം, യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് യാത്രക്കാരന്‍ http://www.newdelhiairport.in എന്ന പോര്‍ട്ടലില്‍ സ്വയം ഒരു സത്യവാങ്മൂലം നല്‍കണം. 14 ദിവസത്തെ ക്വാറന്റൈനില്‍ ഇവര്‍ പ്രവേശിക്കണം. ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും ഏഴ് ദിവസം വീട്ടിലും കഴിയണം. ആദ്യ ഏഴ് ദിവസത്തെ ചെലവ് സ്വയം വഹിക്കുകയും വീട്ടില്‍ ആരോഗ്യം സ്വയം നിരീക്ഷിക്കുകയും വേണം.
ഇന്ത്യയില്‍നിന്നു പുറത്തേക്കു പോകുന്നവര്‍ക്ക് വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത ഐസൊലേഷന്‍, പരിശോധനാ ചട്ടങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാഹരണമായി, രോഗവ്യാപനം അതിരൂക്ഷമായ ഇന്ത്യ, യുഎസ്, ബ്രസീല്‍ തുടങ്ങിയ 16 രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ഓണ്‍ ദി സ്‌പോട്ട് പരിശോധനയാണ് ഫ്രാന്‍സില്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലേക്ക് എത്തുന്നവരില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലാത്ത രാജ്യങ്ങളുടെ പട്ടിക യുകെ പുറത്തിറക്കിയിട്ടുണ്ട്. അതില്‍ ഇന്ത്യ ഇല്ല. അതിന് അര്‍ത്ഥം ഇന്ത്യയില്‍നിന്നു പോകുന്നവര്‍ 14 ദിവസം ഐസൊലേഷനില്‍ പ്രവേശിക്കണമെന്നാണ്.
Read in English: As travel restrictions ease, who can fly abroad, and where?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.