ഇന്ത്യക്കാരുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ തായ്‌ലൻഡ് അന്താരാഷ്‌ട്ര സഞ്ചാരികൾക്കുള്ള യാത്രാ മാനദണ്ഡങ്ങൾ ലഘൂകരിച്ചു. ജൂലൈ ഒന്ന് മുതൽ, തായ്‌ലൻഡ് പാസ് രജിസ്ട്രേഷൻ സ്കീമിന്റെ ആവശ്യകതയും വിദേശികള്‍ക്കുള്ള 10,000 അമേരിക്കന്‍ ഡോളറിന്റെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസും ഒഴിവാക്കുകയാണ്.
ഏതൊക്കെ നിയമങ്ങളാണ് ഒഴിവാക്കുന്നത്?
അന്താരാഷ്‌ട്ര യാത്രക്കാര്‍ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ആരോഗ്യ ഇൻഷുറൻസ് പോളിസിയും സഹിതം തായ്‌ലൻഡ് പാസിനായി നിലവിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ജൂലൈ ഒന്ന് മുതല്‍ ഇതിന്റെ ആവശ്യകത ഇല്ല.
ജൂലൈ ഒന്ന് മുതൽ തായ്‌ലൻഡില്‍ എത്തുന്ന വിദേശ പൗരന്മാർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ യാത്ര ചെയ്യുന്നതിന് 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളുടെ നെഗറ്റീവ് ഫലം കാണിച്ചാല്‍ മതിയാകും. വാക്സിനേഷന്‍, കോവിഡ് പരിശോധനാ ഫലം ഡിജിറ്റല്‍ രൂപത്തിലാണെങ്കിലും കുഴപ്പമില്ല.
തായ്‌ലൻഡിലേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ മറ്റ് കാര്യങ്ങള്‍
തായ്‌ലൻഡിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും (22 പ്രവിശ്യകളിൽ) പരിശോധനകൾ ഉണ്ടായിരിക്കും. വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായൊ അല്ലാതെയൊ സ്വീകരിക്കാത്തവര്‍ അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് ഫലം കയ്യില്‍ കരുതാത്തവര്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും.
മറ്റ് രാജ്യങ്ങളും യാത്രാ ഇളവുകള്‍ നല്‍കുന്നുണ്ടോ?
ജൂണ്‍ 11 ന് ജര്‍മനി കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തു കളഞ്ഞിരുന്നു. ജര്‍മനിയിലേക്ക് യാത്ര ചെയ്യാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് പരിശോധനാ ഫലം എന്നിവയുടെ ആവശ്യമില്ല. അമേരിക്കയും യാത്രാ നിബന്ധനകളില്‍ ഇളവു വരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാര്‍ യാത്രയ്ക്ക് ഒരു ദിവസം മുന്‍പ് നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധനയാണ് അമേരിക്ക ഒഴിവാക്കിയത്.
Also Read: താൽക്കാലിക ജോലി, പെൻഷനോ ആരോഗ്യ ആനുകൂല്യമോ ഇല്ല; അഗ്നിപഥ് പദ്ധതി പ്രതിഷേധത്തിന് പിന്നിലെ കാരണങ്ങൾ