കോവിഡ്-19 രോഗികളില്‍ മാനസിക രോഗങ്ങള്‍ ഉണ്ടാകുന്നതായി ഗവേഷണ ഫലം. ഇറ്റലിയിലെ മിലാനിലെ സാന്‍ റഫാലെ ആശുപത്രിയിലെ ഗവേഷകര്‍ പഠനം നടത്തിയ കോവിഡ്-19 രോഗികളില്‍ നല്ലൊരു പങ്കിനും മാസിക രോഗങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. 402 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ഭൂരിപക്ഷത്തിനും ഒരു അപകടം സംഭവിച്ചു കഴിഞ്ഞാല്‍ മനുഷ്യന്‍ കടന്നു പോകുന്ന മാനസിക പ്രശ്‌നങ്ങള്‍ (പി ടി എസ് ഡി), വിഷാദം, ആകാംഷ തുടങ്ങിയവ ഉണ്ടായിരുന്നു.
എന്താണ് പഠനം കണ്ടെത്തിയത്?
മാനസികാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, ആകാംഷ പ്രശ്‌നങ്ങള്‍ ഉറക്കമില്ലായ്മ പോലുള്ള രോഗങ്ങള്‍ കോവിഡ്-19 രോഗത്തില്‍ നിന്നും മുക്തി നേടിയവരില്‍ ഉണ്ടാകാനുള്ള തെളിവുകളാണ് പഠനത്തില്‍ ലഭിച്ചത്.
രോഗമുക്തി നേടിയ 402 പേരുമായി ഗവേഷകര്‍ സംസാരിച്ചു. 265 പുരുഷന്‍മാരും 137 സ്ത്രീകളും. 18 വയസ്സിനും 87 വയസ്സിനും ഇടയിലുള്ളവരെയാണ് പഠന വിധേയമാക്കിയത്.
കോവിഡ്-19 ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടശേഷമാണ് രോഗമുക്തരുടെ മാനസിക പരിശോധന നടത്തിയത്. 55.7 ശതമാനം പേരും ഏതെങ്കിലുമൊരു മാനസിക പ്രശ്‌നം ഉള്ളതായി സ്വയം റിപ്പോര്‍ട്ട് ചെയ്തു.
Read Also: റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന് ബ്രിട്ടന്‍; റഷ്യ ചട്ടം പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ
പി ടി എസ് ഡി ഉണ്ടായതായി 28 ശതമാനം പേരും വിഷാം ഉണ്ടായതായി 31 ശതമാനം പേരും ആകാംഷ ഉണ്ടായതായി 42 ശതമാനം പേരും ഒബ്‌സസീവ് കമ്പല്‍സീവ് ലക്ഷണങ്ങള്‍ ഉള്ളതായി 20 ശതമാനം പേരും ഉറക്കമില്ലായ്മ 40 ശതമാനം പേരും പറഞ്ഞു.
മാനസിക രോഗ ലക്ഷണങ്ങള്‍ ആരൊക്കെയാണ് കൂടുതലായി കാണിച്ചത്?
സ്ത്രീകള്‍ പ്രത്യേകിച്ച് മുമ്പ് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവര്‍ കൂടുതല്‍ പോയിന്റുകള്‍ നേടി. യുവാക്കളായ രോഗികള്‍ കൂടുതലായി വിഷാദവും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ട്.
രോഗി ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളുടെ എണ്ണവും ഈ മാനസിക പ്രശ്‌നങ്ങളും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി.
402 പേരില്‍ 36 രോഗികളില്‍ കോവിഡിന് മുമ്പ് കടുത്ത വിഷാദ രോഗം ഉണ്ടായിരുന്നു. 28 പേരില്‍ പൊതുവിലെ ആകാംഷയും 20 പേരില്‍ അല്‍പനേരത്തേക്ക് അമിത ഉല്‍കണ്ഠ ഉണ്ടാകുന്ന പ്രശ്‌നവും അഞ്ച് പേര്‍ ബൈപോളാറും മൂന്ന് പേരില്‍ ഭക്ഷണം കഴിക്കുന്നതിലെ പ്രശ്‌നങ്ങളും നാല് പേരില്‍ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. കോവിഡ്-19 മുക്തമായശേഷം ഈ രോഗികളില്‍ കൂടുതല്‍ ആഘാതമുണ്ടായി.
രോഗം മാറിയശേഷം 10 മുതല്‍ 35 ശതമാനം പേരില്‍ വരെ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന മറ്റു കൊറോണവൈറസ് പഠനവുമായി ചേര്‍ന്ന് പോകുന്നതാണ് പുതിയ പഠനവും.
കോവിഡ് എങ്ങനെയാണ് മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്?
രണ്ട് തരത്തിലാണ് ഇത് സാധ്യമാകുന്നത്. ഒന്ന് വൈറസ് നേരിട്ട് മനുഷ്യന്റെ കേന്ദ്ര നാഡീ വ്യവസ്ഥയെ ബാധിക്കുന്നു, മറ്റൊന്ന് നേരിട്ടല്ലാതെ രോഗപ്രതിരോധ പ്രതികരണത്തിലൂടെ.
ഒരു രോഗാണു ബാധ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുമ്പോള്‍ മാനസ്സിക സമ്മര്‍ദ്ദം ഉണ്ടാകുന്നുവെന്ന് പഠനങ്ങളില്‍ പറയുന്നു.
കൊറോണവൈറസിനെതിരായ രോഗപ്രതിരോധശേഷിയുടെ പ്രതികരണമായ സൈറ്റോകൈന്‍ കൊടുങ്കാറ്റ് രോഗിയില്‍ മാനസിക പ്രശ്‌ന ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു.
രോഗപ്രതിരോധ സംവിധാനത്തെ മാറ്റി നിര്‍ത്തിയാല്‍ കോവിഡ് രോഗികളില്‍ രോഗത്തെ കുറിച്ചുള്ള പേടിയും ഭാവിയെ കുറിച്ചുള്ള അനിശ്ചിതാവസ്ഥയും കടുത്ത രോഗത്തെ കുറിച്ചുള്ള വേദനാജനകമായ ഓര്‍മ്മകളും സാമൂഹികമായ ഒറ്റപ്പെടലും കാരണം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
കോവിഡിനേയും മസ്തിഷ്‌കത്തേയും കുറിച്ച് എന്തറിയാം?
കോവിഡ്-19 രോഗികളുടെ ന്യൂറോഇമേജിങ്ങും നാഡീ സംബന്ധമായ ലക്ഷണങ്ങളും മൂന്ന് ഇറ്റാലിയന്‍ സ്ഥാപനങ്ങള്‍ മെയ് മാസത്തില്‍ പഠിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 725 രോഗികളുടെ വിവരങ്ങളാണ് പഠിച്ചത്. 59 ശതമാനം പേരില്‍ മാനസിക നിലയില്‍ മാറ്റം വന്നു, 31 ശതമാനം പേര്‍ക്ക് പക്ഷാഘാതം ഉണ്ടായി. അവ രണ്ടുമാണ് ഏറ്റവും സാധാരണമായി കാണുന്ന നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍. 12 ശതമാനം പേര്‍ക്ക് തലവേദന ഉണ്ടായി, ചുഴലി ഒമ്പത് ശതമാനം പേര്‍ക്കും തലചുറ്റല്‍ നാല് ശതമാനം പേര്‍ക്കും ഉണ്ടായി. മുതിര്‍ന്നവരില്‍ മാനസിക നിലയിലെ മാറ്റം കൂടുതല്‍ കണ്ടു.
Read in English: Anxiety, depression among hospitalised Covid-19 patients, finds new study