ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ സമാഹാരത്തിലുള്ള 77 ആർട്ടുവർക്കുകൾ ട്രിച്ചി സെൻട്രൽ ജയിലിൽ പുരാവസ്തു കടത്തിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന സുഭാഷ് കപൂറുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തി. ദി ഇന്ത്യൻ എക്സ്‌പ്രസും ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് ആൻഡ് ഫിനാൻസ് അൺകവേഡും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പുരാവസ്തു കടത്തുകേസിൽ 10 വർഷത്തേക്ക് ശിക്ഷയേറ്റുവാങ്ങി ജയിലിൽ കഴിയുകയാണ് സുഭാഷ് കപൂർ.
എന്താണ് പുരാവസ്തു ?
1976 ഏപ്രിൽ ഒന്നിന് നടപ്പിലാക്കിയ ആന്റിക്വിറ്റീസ് ആന്റ് ആർട്ട് ട്രഷേഴ്‌സ് ആക്റ്റ്(1972) പ്രകാരം, “നാണയം, ശിൽപം, ചിത്രങ്ങൾ, ശിലാരേഖ, ആർട്ടു വർക്കുകൾ അല്ലെങ്കിൽ മറ്റ് കരകൗശല സൃഷ്ടികൾ എന്നിവയെയാണ് പുരാവസ്തുക്കളെന്നു നിർവചിക്കുന്നത്. ഒരു കെട്ടിടത്തിൽ നിന്നോ ഗുഹയിൽ നിന്നോ ലഭിച്ച ഏതെങ്കിലും വസ്തുകൾ, ശാസ്ത്രം, കല, കരകൗശലവസ്തുക്കൾ, സാഹിത്യം, മതം, ആചാരങ്ങൾ, ധാർമ്മികത, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കൾ, അല്ലെങ്കിൽ ചരിത്രപരപ്രാധാന്യമുള്ളതോ 100 വർഷത്തിൽ കുറയാതെ പഴക്കമുള്ളതോ ആയ വസ്തു എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ശാസ്ത്രപരമോ ചരിത്രപരമോ സാഹിത്യപരമോ ആയ മൂല്യമുള്ള കൈയെഴുത്തുപ്രതി, രേഖ, മറ്റ് പ്രമാണങ്ങൾ എന്നിവയുടെ പഴക്കം 75 വർഷത്തിൽ കുറയാത്തതാകണം.”
അന്താരാഷ്ട്ര കൺവെൻഷനുകൾ പറയുന്നത്
അനധികൃത ഇറക്കുമതി, കയറ്റുമതി, സാംസ്കാരിക സ്വത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റം എന്നിവ നിരോധിക്കുന്നതിനും തടയുന്നതിനുമായി1970ലെ യുനെസ്കോ കൺവെൻഷൻ സംസ്കാരിക സമ്പത്തിനെ നിർവചിക്കുന്നത്, പുരാവസ്തുശാസ്ത്രം, ചരിത്രാതീതകാലം, ചരിത്രം, സാഹിത്യം, കല അല്ലെങ്കിൽ ശാസ്ത്രം എന്നിവയ്ക്ക് പ്രാധാന്യമുള്ള രാജ്യങ്ങളുടെ സ്വത്തായാണ്. “സാംസ്കാരിക സ്വത്തുക്കളുടെ അനധികൃത ഇറക്കുമതി, കയറ്റുമതി, ഉടമസ്ഥാവകാശം കൈമാറ്റം എന്നിവ അത്തരം സ്വത്തിന്റെ ഉത്ഭവ രാജ്യങ്ങളുടെ സാംസ്കാരിക പൈതൃകം ദരിദ്രമാക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്, ഈ വിഷയത്തിൽ അന്താരാഷ്ട്ര സഹകരണം വളരെ പ്രധാനമാണ്.” യുഎൻ ജനറൽ അസംബ്ലി 2000ത്തിലും യുഎൻ സുരക്ഷാ സമിതി 2015ലും 2016ലും ഈ വിഷയത്തിൽ ആശങ്കകൾ ഉന്നയിച്ചിരുന്നു. 2019ലെ ഒരു ഇന്റർപോൾ റിപ്പോർട്ടിൽ, യുനെസ്‌കോ കൺവെൻഷന് ഏകദേശം 50 വർഷങ്ങൾക്ക് ശേഷം സാംസ്‌കാരിക വസ്തുക്കളുടെ അനധികൃതമായ കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും നിരാശാജനകമായ രീതിയിൽ വർധിച്ചുവരികയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെ നിയമങ്ങൾ പറയുന്നത്?
യൂണിയൻ ലിസ്റ്റ് (67), സംസ്ഥാന ലിസ്റ്റ് (12) ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റ് (40) എന്നിവ രാജ്യത്തിന്റെ പൈതൃകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപ്, 1947 ഏപ്രിലിൽ, പാസാക്കിയ ഒരു ആന്റിക്വറ്റീസ് നിയമത്തിൽ (കയറ്റുമതി നിയന്ത്രണം) ലൈസൻസ് ഇല്ലാതെ ഒരു പുരാവസ്തുവും കയറ്റുമതി ചെയ്യാൻ കഴിയില്ലെന്ന് പറയുന്നുണ്ട്. 1958ൽ പുരാവസ്തു സ്മാരകങ്ങളും പ്രദേശങ്ങളും അവശിഷ്ടങ്ങളും സംരക്ഷിക്കാനുള്ള നിയമം രൂപീകരിച്ചെങ്കിലും അത് നിലവിൽ വരാൻ വീണ്ടും കാലതാമസമെടുത്തു. 1971ൽ ചമ്പയിൽനിന്നു ഒരു വെങ്കല വിഗ്രഹവും മറ്റിടങ്ങളിൽ നിന്നായി സാൻഡ്സ്റ്റോൺ വിഗ്രഹങ്ങളും മോഷണം പോയതിനെതുടർന്ന്, പാർലമെന്റിൽ പ്രശ്നങ്ങൾ ആരംഭിച്ചു. ഇതിനെതുടർന്നാണ് യുനെസ്കോ കൺവൻഷനൊപ്പം ചേർന്ന് ആന്റിക്വിറ്റീസ് ആൻഡ് ട്രേഷേഴ്സ് ആക്ട്- എഎടിഎ (1972) സർക്കാർ നടപ്പിലാക്കിയത്. 1976 ഏപ്രിൽ ഒന്നിനായിരുന്നു ഇത്.
“കേന്ദ്ര ഗവൺമെൻറ് അല്ലെങ്കിൽ കേന്ദ്ര സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും അതോറിറ്റിയ്ക്കോ ഏജൻസിയ്ക്കോ അല്ലാതെ ഒരു വ്യക്തിക്കും പുരാവസ്തുക്കൾ കയറ്റുമതി ചെയ്യാൻ നിയമാനുമതിയില്ല.” ലൈസൻസോ നിബന്ധനകളോ വ്യവസ്ഥകളോ ഇല്ലാതെ ഒരു വ്യക്തിയ്ക്ക് സ്വന്തമായോ മറ്റൊരു വ്യക്തിയുടെ പേരിലോ, പുരാതനവസ്തുക്കൾ വിൽക്കാൻ പാടില്ലെന്നും ഈ നിയമം അനുശാസിക്കുന്നു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് (എഎസ്ഐ) ലൈസൻസ് അനുവദിക്കുന്നത്. എഎടിഎ നടപ്പിലാക്കിയതിന് ശേഷം, വ്യാപാരികളും വ്യക്തിഗത ഉടമസ്ഥരും തങ്ങളുടെ കൈവശമുള്ള പുരാവസ്തുക്കളെക്കുറിച്ചുള്ള വിവരം സമർപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 1976 ജൂൺ അഞ്ചിനുള്ളിൽ വ്യാപാരികളും ജൂലൈ അഞ്ചിനുള്ളിൽ വ്യക്തിഗത ഉടമസ്ഥരും വിവരം സമർപ്പിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദ്ദേശം.
എന്താണ് ആന്റിക്വിറ്റിയുടെ ഉറവിടം?
പുരാവസ്തു അതിന്റെ നിർമ്മാതാവിന്റെ പക്കൽനിന്നും നിലവിലെ ഉടമയുടെ അടുത്ത് എത്തുന്നത് വരെ അത് കൈവശം വച്ച എല്ലാ ഉടമസ്ഥരുടെയും ലിസ്റ്റ് അതിൽ ഉൾപ്പെടുന്നു.
ഉടമസ്ഥാവകാശം തെളിയിക്കുന്നതെങ്ങനെ?
” തന്റെ വസ്തു വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന കക്ഷി തന്നെ സ്വന്തം ചെലവിൽ, വീണ്ടെടുക്കലിനും അവകാശവാദം സ്ഥാപിക്കുന്നതിനുമുള്ള ഡോക്യൂമെന്റേഷനും മറ്റു തെളിവുകളും നൽകും,” ഉടമസ്ഥാവകാശം തെളിയിക്കുന്നതിനെ കുറിച്ച് 1970ൽ യുനെസ്കോ പറഞ്ഞതിങ്ങനെ. ഉടമസ്ഥാവകാശം തെളിയിക്കാൻ ആദ്യം പോലീസിൽ എഫ്ഐആർ ഫയൽ ചെയ്യണം. എഫ്ഐആറിന്റെ അഭാവമാണ് ഇന്ത്യയിലെ മിക്ക പുരാവസ്തു കേസുകൾക്കും ഉള്ളത്. എന്നാൽ ഗവേഷണ പേപ്പറുകളിലും മറ്റും പ്രശസ്തരായ പണ്ഡിതന്മാർ സൂചിപ്പിച്ച വിശദാംശങ്ങൾ പോലെയുള്ളവ ഇവിടെ തെളിവുകളായി സ്വീകരിക്കും.
വ്യാജ പുരാവസ്തുക്കൾ എങ്ങനെ പരിശോധിക്കാം?
എഎടിഎയുടെ സെക്ഷൻ 14(3) പ്രകാരം, “പുരാവസ്തു സൂക്ഷിച്ചിരിക്കുന്ന വ്യക്തികൾ രജിസ്ട്രേഷൻ ഓഫീസറുടെ മുമ്പാകെ പുരാതനവസ്തുക്കൾ രജിസ്റ്റർ ചെയ്യുകയും രജിസ്ട്രേഷൻ ടോക്കണായി ഒരു സർട്ടിഫിക്കറ്റ് നേടുകയും വേണം.” 2007 മാർച്ചിൽ ആരംഭിച്ച ദേശീയ മിഷൻ, 3.52 ലക്ഷം പുരാവസ്തുക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമവിരുധപ്രവർത്തനങ്ങൾക്ക് തടയിടാനാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മൊത്തത്തിലുള്ള പുരാവസ്തുക്കളുടെ ഒരു ചെറിയ ഭാഗം മാത്രമാണിത്. ഇന്ത്യയിലൊട്ടാകെ ഇതുവരെ ആകെ രേഖപ്പെടുത്തിയിരിക്കുന്നത് 16.70 ലക്ഷം പുരാവസ്തുക്കളാണ്. എന്നാൽ സർക്കാരിന്റെ കണക്ക് പ്രകാരം, ഇത് ഏകദേശം 58 ലക്ഷമാണെന്ന് 2022 ജൂലൈയിൽ പാർലമെന്റിൽ സാംസ്കാരിക മന്ത്രാലയം നടത്തിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയ്ക്ക് പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാൻ കഴിയുമോ?
സ്വാതന്ത്യത്തിന് മുൻപ് രാജ്യത്തുനിന്നു കൊണ്ടുപോയ പുരാവസ്തുക്കൾ, സ്വാതന്ത്യാനന്തരം 1976 മാർച്ച് വരെയുള്ളവ (എഎടിഎ നിലവിൽവരുന്നതിന് മുൻപ്), 1976 ഏപ്രിലിനുശേഷം രാജ്യത്ത് നിന്നു പുറത്ത് കൊണ്ടുപോയത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്.
ആദ്യ രണ്ട് വിഭാഗങ്ങളിലെ വസ്തുക്കൾ കൊണ്ടുവരുന്നതിന്, ഉഭയകക്ഷി വേദികളിലോ അന്താരാഷ്ട്ര വേദികളിലോ അഭ്യർത്ഥനകൾ ഉന്നയിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഛത്രപതി ശിവജി മഹാരാജിന്റെ വാൾ ലണ്ടനിൽനിന്ന് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതായി 2022 നവംബർ 10ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ വാൾ 1875-76 കാലഘട്ടത്തിൽ ശിവാജി നാലാമൻ വെയിൽസ് രാജകുമാരനായ എഡ്വേർഡിന് (എഡ്വേർഡ് ഏഴാമൻ രാജാവ്) നൽകിയതാണ്. മധ്യപ്രദേശ് ധാറിലെ വാഗ്ദേവി മുതൽ കോഹിനൂർ വജ്രം, അമരാവതി മാർബിൾ, സുൽത്താൻഗഞ്ച് ബുദ്ധ, റാണി ലക്ഷ്മിഭായി, ടിപ്പു സുൽത്താൻ എന്നിവയുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ വരെ ഇപ്പോൾ പല വിദേശരാജ്യങ്ങളിലാണുള്ളത്.
മൂന്നാമത്തെ വിഭാഗത്തിൽ പെടുന്ന പുരാവസ്തുക്കൾ തിരിച്ചുകൊണ്ടുവരാൻ, ഉടമസ്ഥാവകാശത്തിന്റെ തെളിവോടെ യുനെസ്കോ കൺവെൻഷന്റെ സഹായത്തോടെ ഉഭയകക്ഷികളുമായി ഉടമസ്ഥാവകാശം ഉന്നയിച്ച്, എളുപ്പത്തിൽ വീണ്ടെടുക്കാൻ സാധിക്കും. സുഭാഷ് കപൂറിന്റെ ശിക്ഷാവിധി വിദേശത്തേക്ക് കടത്തിയ പുരാവസ്തുക്കൾ തിരികെ കൊണ്ടുവരാൻ ഇന്ത്യക്ക് അവസരം നൽകുകയാണ്.