സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കു പടിപടിയായി നീങ്ങുകയാണ് ആന്ധ്രാപ്രദേശ്. ഇതിന്റെ ഭാഗമായി മദ്യപാനം കൂടുതല്‍ ചെലവുള്ളതാക്കി മാറ്റിയിരിക്കുകയാണു വൈ.എസ്. ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍. ഈ നടപടി തങ്ങളുടെ ഭര്ത്താക്കന്മാരെ മദ്യപാനശീലത്തില്‍നിന്ന് അകറ്റിയിരിക്കുകയാണെന്നും വരുമാനം നശിപ്പിക്കുന്നില്ലെന്നുമാണു മദ്യനിരോധനത്തിനുവേണ്ടി പ്രചാരണം നടത്തുന്ന ഗ്രാമീണമേഖലകളിലെ സ്ത്രീകള്‍ പറയുന്നത്.
മേയ് 30നു മുഖ്യമന്ത്രിയായി അധികാരമേറ്റ വൈ.എസ്.ജഗന്മോഹന് റെഡ്ഡി, തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന്, മദ്യഷോപ്പുകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തു. ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുകയും പുതുക്കുന്നതിനുള്ള തുക ഇരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്തു.
മദ്യോപഭോഗം കുറഞ്ഞോ?
പുതിയ സര്‍ക്കാര്‍ സംസ്ഥാനത്ത് 40,000 അനധികൃത മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി. ലൈസന്‍സുള്ള 4380 മദ്യഷോപ്പുകളില്‍ 880 എണ്ണവും അടച്ചു. ബാക്കിയുള്ള 3500 ഷോപ്പുകളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തു. ഈ നടപടികളെത്തുടര്‍ന്നു മേയ്-ഒക്ടോബര്‍ കാലയളവില്‍ മദ്യോപഭോഗം 47.87 ശതമാനം കുറഞ്ഞു.
ഈ വര്‍ഷം മേയില്‍ 28,52,922 കെയ്സ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 34,47,391 കെയ്സ് ബിയറുമായിരുന്നു ആന്ധ്രയിലെ ഡിപ്പോകള്‍ വഴിയുള്ള വില്‍പ്പന. ജൂണിലിതു യഥാക്രമം 24,62,967ഉം 26,69,343 ഉം ആയി കുറഞ്ഞു. എന്നാല്‍ ജൂലൈയില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വില്‍പ്പന 31,14,902 കെയ്സായി ഉയര്‍ന്നു. 25,64,563 കെയ്സായിരുന്നു ബിയര്‍ വില്‍പ്പന.
ഓഗസ്റ്റില്‍ യഥാക്രമം 29,48,495 ഉം 19,87,944 ഉം ആയിരുന്നു വിദേശമദ്യ, ബിയര്‍ വില്‍പ്പന. സെപ്റ്റംബറില്‍ വിദേശമദ്യം 22,25,546, ബിയര്‍ 16,45,813 എന്നിങ്ങനെയായിരുന്നു വില്‍പ്പന. ഒക്ടോബറില്‍ വിദേശമദ്യം 14,87,229 ആയും ബിയര്‍ 5,95,599 കെയ്സായും വില്‍പ്പന ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വില്‍പ്പന 32,28,366 കെയ്സും ബിയര്‍ വില്‍പ്പന 23,86,397 കെയ്സുമായിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലെ വില്‍പ്പന വരുമാനം 1,701.24 കോടി രൂപയായിരുന്നെങ്കില്‍ ഈ വര്‍ഷമത് 1,038.89 കോടിയിലേക്കു താഴ്ന്നു.
മദ്യവില കൂടുന്നതെങ്ങനെ?
കുപ്പിയ്ക്ക് 10 മുതല്‍ 250 രൂപ വരെ അധിക ചില്ലറവില്‍പ്പന എക്സൈസ് നികുതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. 60 മില്ലി ലിറ്റര്‍ കുപ്പിയ്ക്കു 10 രൂപയും 90 മില്ലറിന് 20 രൂപയും ലിറ്ററിനു 150 രൂപയും വര്‍ധിച്ചു. അളവ്, ബ്രാന്‍ഡ് വ്യത്യാസമനുസരിച്ച് ബിയറിനു 20 മുതല്‍ 60 രൂപ വരെയും വര്‍ധിപ്പിച്ചു. ബാറുകള്‍ സംബന്ധിച്ച നിലവിലുള്ള നയം കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പകരമായി, ബാറുകളുടെ എണ്ണം 40 ശതമാനം കുറച്ചുകൊണ്ടുള്ള പുതിയ നയം നടപ്പാക്കി.
”ലൈസന്‍സ് ഫീസ് ഇരട്ടിയാക്കിയതിനൊപ്പം ബാറുകളില്‍നിന്നു മദ്യപിക്കുന്നതു ചെലവേറുന്നതാക്കാന് ഉദ്ദേശ്യമുണ്ട്. ഈ നടപടി മദ്യവില്‍പ്പനയും ഉപഭോഗവും കുറയ്ക്കും. നടപടികള്‍ പതിവായി കൂടുതല്‍ ശക്തമാക്കും,”ഉപമുഖ്യമന്ത്രിയും എക്സൈ് മന്ത്രിയുമായ കെ.നാരായണ സ്വാമി പറഞ്ഞു.
തെരഞ്ഞെടുപ്പ് വാഗ്ദാനം നിരോധനമായത് എങ്ങനെ?
2017 ജൂണില്‍ ആന്ധ്രയിലെ നിരവധി ഗ്രാമങ്ങളിലെ സ്ത്രീകളുടെ സംഘങ്ങള്‍ അനധികൃത മദ്യവില്‍പ്പന ഷോപ്പുകളും ചാരായ നിര്‍മാണ കേന്ദ്രങ്ങളും ആക്രമിച്ചു. ഇതു പതുക്കെ ശക്തിപ്പെട്ട് 13 ജില്ലകളിലെ ഗ്രാമീണസ്ത്രീകളുടെ പ്രസ്ഥാനമായി മാറി. പ്രതിഷേധം പലപ്പോഴും മദ്യവില്‍പ്പന ഷോപ്പുകള്‍ ആക്രമിച്ച് കുപ്പികള്‍ നശിപ്പിക്കുന്നതിലേക്കു മാറി. 2019 നവംബര്‍ ആറിനു വിശാഖപട്ടണത്തെ റല്ലഗദ്ദ ഗ്രാമത്തിലെ സ്ത്രീകള്‍ അനധികൃത മദ്യവില്‍പ്പന കേന്ദ്രം ആക്രമിക്കുകയും ഇതിന്റെ വിഡിയോ അധികൃതര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ബാറുകളുടെ എണ്ണം 40 ശതമാനം കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആന്ധ്രയിലെ ഗ്രാമീണമേഖലയിലെ പുതിയ പ്രസ്ഥാനം, 1992ലെ വനിതാ മുന്നേറ്റത്തിനു സമാനമായതും 2017 നവംബര്‍ ആറിനു ജഗന് ആരംഭിച്ച 3648 കിലോ മീറ്റര്‍ നീണ്ട പദയാത്രയുമായി ബന്ധമുള്ളതുമായിരുന്നു ”ഗ്രാമങ്ങളിലൂടെ നടന്ന ജഗനു ചുറ്റും കൂടിയ സ്ത്രീകളുടെ വന്‍ സംഘങ്ങള്‍ ഭര്ത്താക്കന്മാരുടെ മദ്യപാനശീലം തങ്ങളുടെ കുടുംബത്തെ തകിടംമറിക്കുന്നത് എങ്ങനെയെന്നു വിവരിച്ചു. മദ്യനിരോധനം നടപ്പാക്കുമെന്ന ഉറപ്പുതരികയാണെങ്കില്‍ തങ്ങള്‍ ജഗനു വോട്ട് ചെയ്യുമെന്നായിരുന്നു മിക്കസ്ഥലത്തും സ്ത്രീകള്‍ അദ്ദേഹത്തോട് പറഞ്ഞത്,” വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എ അംബതി രാംബാബു പറഞ്ഞു.
മദ്യനിരോധന പരീക്ഷണം: മുമ്പ് സംഭവിച്ചതെന്ത്?
നെല്ലൂര്‍ ജില്ലയിലെ ദുബഗുണ്ട ഗ്രാമത്തിലെ വര്ധിനേനി റോസമ്മ എന്ന നിരക്ഷരയായ സ്ത്രീ നേതൃത്വം നല്കിയ മദ്യനിരോധന പ്രസ്ഥാനം 1994ലെ തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി. ദുബഗുണ്ട റോസമ്മ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. അധികാരത്തിലെത്തിയാല്‍ ആന്ധ്രയില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നു തെലുങ്കു ദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍.ടി.രാമറാവു വാഗ്ദാനം ചെയ്തു. 1995 ജനുവരില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അദ്ദേഹം മദ്യരോധനം പ്രഖ്യാപിച്ചു. 1997ല്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന എന്‍.ചന്ദ്രബാബു നായിഡു മദ്യനിരോധനം പിന്‍വലിച്ചു. വരുമാന നഷ്ടവും അതിര്‍ത്തികടന്നുള്ള മദ്യവില്‍പ്പനയും അനധികൃത ചാരായവാറ്റും ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.