വൈവിധ്യമാര്‍ന്ന ബിസിനസുകള്‍ കൈകാര്യം ചെയ്യുന്ന ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്, ടെലിവിഷന്‍ ചാനലായ എന്‍ഡി ടി വി ലിമിറ്റഡിന്റെ 29.18 ശതമാനം ഓഹരികള്‍ ചൊവ്വാഴ്ച ഏറ്റെടുത്തിരിക്കുകയാണ്. കൂടാതെ കമ്പനിയുടെ 26 ശതമാനം ഓഹരി കൂടി വാങ്ങാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദേശിക്കുന്ന തരത്തിലുള്ള ഓപ്പണ്‍ ഓഫര്‍ ആരംഭിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
ഡിജിറ്റല്‍ ന്യൂസ് പ്രൊവൈഡറായ ബ്ലൂംബെര്‍ഗ് ക്വിന്റിന്റെ 49 ശതമാനം ഏറ്റെടുക്കുമെന്ന് ഈ വര്‍ഷം മേയില്‍ പറഞ്ഞ അദാനി ഗ്രൂപ്പ്, ഒരു ടെലിവിഷന്‍ ചാനലിലൂടെ മീഡിയരംഗത്തെ നിക്ഷേപം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ്.
എന്‍ ഡി ടി വി സ്ഥാപകരായ പ്രണോയ് റോയിയുടെയും രാധികാ റോയിയുടെയും അറിവോ സമ്മതമോ ഇല്ലാതെയും അവരുമായി ചര്‍ച്ച നടത്താതെയുമാണ് ഏറ്റെടുക്കല്‍ നടന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് അയച്ച നോട്ടിസില്‍ എന്‍ ഡി ടി വി പറഞ്ഞു. എന്‍ ഡി ടി വിയില്‍ ഇരുവര്‍ക്കും 32.26 ശതമാനം ഓഹരിയാണുള്ളത്.
എങ്ങനെയാണ് ഇടപാട് നടന്നത്?
വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡി(വി സി പി എല്‍)നെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സഹ സ്ഥാപനമായ എ എം ജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ് ചൊവ്വാഴ്ച വാങ്ങിയതായി അദാനി ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. എന്‍ ഡി ടി വിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ ആര്‍ പി ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിനു 2009-ലും 2010-ലും 403.85 കോടി രൂപ വി സി പി എല്‍ 403.85 കോടി രൂപ വായ്പ നല്‍കിയിരുന്നു. രാധിക റോയിയുടെയും പ്രണോയ് റോയിയുടെയും ഉടമസ്ഥതയിലായിരുന്നു ആര്‍ ആര്‍ പി ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ്.
പലിശ രഹിത വായ്പ തുകയ്ക്കു പകരമായി തങ്ങളുടെ 99.9 ശതമാനം ഓഹരികള്‍ മാറ്റാന്‍ വി സി പി എല്ലിന് അവകാശം നല്‍കിക്കൊണ്ട് ആര്‍ആര്‍ പി ആര്‍ ഹോള്‍ഡിങ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്‍ ഡി ടിവിയില്‍ ആര്‍ ആര്‍ പി ആറിന് 29.18 ശതമാനം ഓഹരിയാണുള്ളത്..
ആര്‍ ആര്‍ പി ആറിലേക്കു വായ്പ മാറ്റുന്നതിനായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് സ്ട്രാറ്റജിക് വെഞ്ച്വേഴ്‌സില്‍നിന്ന് വി സി പി എല്‍ ഫണ്ട് സ്വരൂപിച്ചിരുന്നു.
”എന്‍ ഡി ടി വിയുമായോ അതിന്റെ സ്ഥാപക-പ്രൊമോട്ടര്‍മാരുമായോ ഒരു ചര്‍ച്ചയും കൂടാതെ, വി സി പി എല്‍ തങ്ങള്‍ക്ക് ഒരു നോട്ടിസ് നല്‍കിയിട്ടുണ്ട്. എന്‍ ഡി ടി വിയുടെ 29.18 ശതമാനം ഓഹരി കയ്യാളുന്ന പ്രമോര്‍ട്ടര്‍ ഉടമസ്ഥ കമ്പനിയായ ആര്‍ ആര്‍ പി ആറിന്റെ 99.50 നിയന്ത്രണം ഏറ്റെടുക്കാനുള്ള അവകാശം വി സി പി എല്‍ വിനിയോഗിച്ചതായാണ് നോട്ടിസില്‍ പറയുന്നു,”
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കു നല്‍കിയ പ്രസ്താവനയില്‍ എന്‍ ഡി ടിവി ലിമിറ്റഡ് പറഞ്ഞു.
113.75 കോടി രൂപയ്ക്കാണു വി സി പി എല്ലിനെ അദാനി ഗ്രൂപ്പിന്റെ എ എം ജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ് സ്വന്തമാക്കിയത്. ഇതിനു പിന്നാലെ എന്‍ ഡി ടിവിയുടെ 26 ശതമാനം ഓഹരികള്‍ കൂടി വാങ്ങാനുള്ള ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ഓഹരിക്ക് 294 രൂപയാണ് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്.
പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്നു എന്‍ ഡി ടി വി ഓഹരി ബി എസ് ഇയില്‍ 366.20 രൂപയിലാണു ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. മുന്‍ ദിവസത്തെ ക്ലോസിനേക്കാള്‍ 2.6 ശതമാനം ഉയര്‍ന്ന തുകയാണിത്.
തെങ്ങളുടെ ബോര്‍ഡില്‍ മൂന്ന് ഡയറക്ടര്‍മാരെ നിയമിച്ചതായി അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വി സി പി എല്‍ ഓഗസ്റ്റ് 23-നു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിച്ച ഏറ്റവും പുതിയ ഫയലിങ്ങില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സഞ്ജയ് പുഗാലിയ, സെന്തില്‍ ചെങ്കല്‍വരയന്‍, സുദീപ്ത ഭട്ടാചാര്യ എന്നിവരാണ് ഈ ഡയരക്ടര്‍മാര്‍. എ എം ജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ സി ഇ ഒയാണു സഞ്ജയ് പുഗാലിയ.
എന്‍ ഡി ടി വിയില്‍ അദാനിക്ക് നിയന്ത്രിത ഓഹരി ലഭിക്കുമോ?
നിലവില്‍ എന്‍ ഡി ടി വിയില്‍ അദാനി ഗ്രൂപ്പിനേക്കാള്‍ കൂടുതല്‍ ഓഹരികള്‍ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമാണ്. എന്നാല്‍ അദാനി ഗ്രൂപ്പിനാണു മുന്‍തൂക്കമുണ്ടെന്നാണു വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡയറക്ടര്‍മാരായ നാല് ഓഹരി ഉടമകള്‍ക്കു 2020 സെപ്റ്റംബര്‍ മുതല്‍ എന്‍ ഡി ടി വിയില്‍ 7.11 ശതമാനം ഓഹരിയുണ്ട്. 2022 ജൂണിലെ കണക്കനുസരിച്ച്, ഡ്രോളിയ ഏജന്‍സീസിനു 1.48 ശതമാനവും ജി ആര്‍ ഡി സെക്യൂരിറ്റീസിനു 2.8 ശതമാനവും ആദേശ് ബ്രോക്കിങ്ങിനു 1.5 ശതമാനവും കണ്‍ഫേം റിയല്‍ബില്‍ഡിന് 1.33 ശതമാനവും ഓഹരിയുണ്ട്.
എന്‍ ഡി ടി വിയില്‍ 9.75 ശതമാനം ഓഹരിയുള്ള എല്‍ ടി എസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് അദാനി എന്റര്‍പ്രൈസസില്‍ 1.69 ശതമാനവും അദാനി പവറില്‍ 1.09 ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 1.63 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസില്‍ 1.27 ശതമാനവും ഓഹരിയുണ്ട്. ഈ രണ്ട് സെറ്റ് നിക്ഷേപകരും തങ്ങളുടെ ഓഹരികള്‍ ഓപ്പണ്‍ ഓഫറില്‍ വില്‍ക്കുകയാണെങ്കില്‍, അത് എന്‍ ഡി ടി വിയിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം 46 ശതമാനത്തിലധികമായി എത്തിക്കും.
എന്തുകൊണ്ടാണ് അദാനി എന്‍ ഡി ടി വിയുടെ ഉടമസ്ഥാവകാശം ആഗ്രഹിക്കുന്നത്?
മുഖ്യധാരാ മാധ്യമ മേഖലയിലേക്കുള്ള കടന്നുവരവിനു തക്കം പാര്‍ക്കുന്ന അദാനി ഗ്രൂപ്പ്, കഴിഞ്ഞ സെപ്റ്റംബറില്‍ തങ്ങളുടെ മാധ്യമ കമ്പനിയായ അദാനി മീഡിയ വെഞ്ച്വേഴ്‌സിനെ നയിക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് പുഗാലിയയെ നിയമിച്ചിരുന്നു. ബ്ലൂംബെര്‍ഗ് ക്വിന്റ് നയിക്കുന്ന ക്വിന്റ് ഡിജിറ്റല്‍ മീഡിയയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം.
”ഇന്ത്യന്‍ പൗരന്മാരെയും ഉപഭോക്താക്കളെയും ഇന്ത്യയില്‍ താല്‍പ്പര്യമുള്ളവരെയും വിവരങ്ങളും അറിവും ഉപയോഗിച്ച് ശാക്തീകരിക്കാന്‍ അദാനി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ് (എ എം എന്‍ എല്‍)ശ്രമിക്കുന്നു. വാര്‍ത്തകളിലെ അതിന്റെ മുന്‍നിര സ്ഥാനത്തിനൊപ്പം വിവിധ വിഭാഗങ്ങളിലും പ്രദേശങ്ങളിലും ശക്തവും വൈവിധ്യമാര്‍ന്നതുമായ വ്യാപ്തിയു മുള്ളതിനാല്‍, എന്‍ ഡി ഡി വി ഞങ്ങളുടെ കാഴ്ചപ്പാട് എത്തിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പ്രക്ഷേപണ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ്. വാര്‍ത്താ വിതരണത്തില്‍ എന്‍ ഡി ടി വിയുടെ നേതൃത്വം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” സഞ്ജയ് പുഗാലിയ പ്രസ്താവനയില്‍ പറഞ്ഞു.