scorecardresearch

അമർ ജവാൻ ജ്യോതിയുടെ പ്രാധാന്യവും ദേശീയ യുദ്ധ സ്മാരകവുമായി ലയിപ്പിക്കുന്നതിനു പിറകിലെ കാരണങ്ങളും

സ്വാതന്ത്ര്യാനന്തരം വിവിധ യുദ്ധങ്ങളിലും സംഘർഷങ്ങളിലും രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യം നൽകുന്ന ആദരാഞ്ജലികളുടെ പ്രതീകമായിരുന്നു അമർ ജവാൻ ജ്യോതിയിലെ നിത്യജ്വാല

amar jawan jyoti, national war memorial, republic day 2022, indian express, express explained, അമർ ജവാൻ ജ്യോതി, ദേശീയ യുദ്ധ സ്മാരകം, IE Malayalam

ഇന്ത്യാ ഗേറ്റിന് താഴെയുള്ള അമർ ജവാൻ ജ്യോതിയുടെ ഭാഗമായ അണയാത്ത ജ്വാല കേന്ദ്ര സർക്കാർ അണച്ചിരിക്കുകയാണ്. ഏതാനും നൂറ് മീറ്റർ അകലെ 2019ൽ നിർമിച്ച ദേശീയ യുദ്ധസ്മാരകത്തിലേക്ക് അമർ ജവാൻ ജ്യോതിയെ കൂട്ടിച്ചേർത്തിരിക്കുകയാണ് സർക്കാർ ഇപ്പോൾ.

രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണിതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചതോടെ ഈ തീരുമാനം രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടു.

എന്തായിരുന്നു അമർ ജവാൻ ജ്യോതി, എന്തിനാണ് അത് നിർമ്മിച്ചത്?

സെൻട്രൽ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് താഴെയുള്ള അമർ ജവാൻ ജ്യോതിയിലെ നിത്യജ്വാല, സ്വാതന്ത്ര്യാനന്തരം വിവിധ യുദ്ധങ്ങളിലും സംഘർഷങ്ങളിലും രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് രാജ്യം നൽകുന്ന ആദരാഞ്ജലികളുടെ പ്രതീകമായിരുന്നു.

1972ലാണ് ഇത് സ്ഥാപിതമായത്. ബംഗ്ലാദേശിന്റെ രൂപീകരണത്തിന് കാരണമായ 1971-ലെ യുദ്ധത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിനാണ് ഇത് സ്ഥാപിച്ചത്. 1971 ഡിസംബറിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് ശേഷം 1972 ലെ റിപ്പബ്ലിക് ദിനത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇത് ഉദ്ഘാടനം ചെയ്തു.

Also Read: 5ജിയും വിമാനസുരക്ഷയെക്കുറിച്ചുള്ള ആശങ്കയും

അമർ ജവാൻ ജ്യോതിയുടെ പ്രധാന ഘടകങ്ങളിൽ ഒരു കറുത്ത മാർബിൾ സ്തംഭം ഉൾപ്പെടുന്നു. അത് ഒരു അജ്ഞാത സൈനികന്റെ ശവകുടീരമായി കണക്കാക്കുന്നു. ബയണറ്റ് സഹിതമുള്ള ഒരു സെൽഫ് ലോഡിങ് എൽ1എ1 റൈഫിൾ തലതിരിച്ച് വച്ചതാണ് അതിന് മുകളിൽ. ആ റൈഫിളിന് മുകളിൽ ഒരു സൈനികന്റെ യുദ്ധ ഹെൽമെറ്റും ഉണ്ടായിരുന്നു. സ്മാരകത്തിൽ നാല് ബർണറുകൾ ഉണ്ടായിരുന്നു. സാധാരണ ദിവസങ്ങളിൽ നാല് ബർണറുകളിൽ ഒന്ന് അണയാതെ നിലനിർത്താറുണ്ടായിരുന്നു. റിപ്പബ്ലിക് ദിനം പോലുള്ള പ്രധാന ദിവസങ്ങളിൽ നാല് ബർണറുകളും കത്തിച്ചു. ഈ ബർണറുകളെ അണയാത്ത ജ്വാല എന്ന് വിളിക്കുന്നു, അത് ഒരിക്കലും കെടുത്താൻ അനുവദിച്ചിരുന്നില്ല.

അണയാത്ത ജ്വാല എങ്ങനെ ജ്വലിച്ചുകൊണ്ടിരുന്നു?

50 വർഷമായി ഇന്ത്യാ ഗേറ്റിന് താഴെ അണയാതെ നിത്യജ്വാല ജ്വലിച്ചുകൊണ്ടിരുന്നു. എന്നാൽ ഈ വെള്ളിയാഴ്ച, ദേശീയ യുദ്ധസ്മാരകത്തിലെ മറ്റൊരു അണയാത്ത ജ്വാലയുമായി ലയിപ്പിച്ചതിനാൽ അമർ ജവാൻ ജ്യോതിയിലെ ജ്വാല ഒടുവിൽ അണഞ്ഞു.

Also Read: കോവിഡ് വ്യാപനം: ജില്ലകളെ മൂന്ന് വിഭാഗമായി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

1972 മുതൽ, ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത് മുതൽ, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് അല്ലെങ്കിൽ എൽപിജിയുടെ സിലിണ്ടറുകളുടെ സഹായത്തോടെ അത് അണയാതെനിലനിർത്തിയിരുന്നു. ഒരു സിലിണ്ടറിന് ഒരു ബർണറിനെ ഒന്നര ദിവസം നിലനിർത്താൻ കഴിയും.

2006-ൽ അത് മാറ്റി, ഇന്ധനം എൽപിജിയിൽ നിന്ന് പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് മാറ്റി. ഈ പൈപ്പ് വഴിയുള്ള വാതകത്തിലൂടെയാണ് ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ജ്വാല എന്നെന്നേക്കുമായി നിലനിർത്തിയത്.

എന്തുകൊണ്ടാണ് ഇത് ഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ചത്?

ഇന്ത്യാ ഗേറ്റ്, ഓൾ ഇന്ത്യ വാർ മെമ്മോറിയൽ, നേരത്തെ അറിയപ്പെട്ടിരുന്നതുപോലെ, ബ്രിട്ടീഷുകാർ 1931-ൽ പണികഴിപ്പിച്ചതാണ്. അതുവരെ നിരവധി യുദ്ധങ്ങളിലും പ്രചാരണങ്ങളിലും മരിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ 90,000 ഇന്ത്യൻ സൈനികരുടെ സ്മാരകമായാണ് ഇത് സ്ഥാപിച്ചത്.

“ഫ്രാൻസ്, ഫ്ലാൻഡേഴ്സ് മെസൊപ്പൊട്ടേമിയ, പേർഷ്യ ഈസ്റ്റ് ആഫ്രിക്ക ഗാലിപ്പോളി എന്നിവിടങ്ങളിലോ അല്ലെങ്കിൽ വടക്ക്-പടിഞ്ഞാറൻ അതിർത്തിയും മൂന്നാം അഫ്ഗാൻ യുദ്ധസമയത്തും മരണപ്പെട്ട ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്ക്,” എന്ന് സ്മാരകത്തിലെ ലിഖിതത്തിൽ എഴുതിയിരിക്കുന്നു.

മരിച്ച 13,000-ത്തിലധികം സൈനികരുടെ പേരുകൾ അവരെ അനുസ്മരിക്കുന്ന സ്മാരകത്തിൽ പരാമർശിച്ചിരിക്കുന്നു.

യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ സ്മാരകമായി, 1972-ൽ സർക്കാർ ഇന്ത്യാ ഗേറ്റിൽ അമർ ജവാൻ ജ്യോതി സ്ഥാപിച്ചു.

എന്തിനാണ് അണയാത്ത ജ്വാല അവിടെ നിന്ന് മാറ്റുന്നത്?

നിരവധി കാരണങ്ങളാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടതിനാൽ, അഗ്നിജ്വാല അണയ്ക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു. പക്ഷേ ദേശീയ യുദ്ധസ്മാരകത്തിൽ ലയിപ്പിക്കാൻ നീക്കം തുടരുന്നു. “1971 ലെ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് അണയാത്ത ജ്വാലയിൽ ആദരാഞ്ജലി അർപ്പിച്ചു, എന്നാൽ അവരുടെ പേര് പരാമർശിക്കുന്നില്ല, ഇന്ത്യാ ഗേറ്റ് നമ്മുടെ കൊളോണിയൽ ഭൂതകാലത്തിന്റെ പ്രതീകമാണ്’ എന്ന് ഉദ്യോഗസ്ഥ തലങ്ങളിലുള്ളവർ പറഞ്ഞു.

1971-ലെ യുദ്ധങ്ങളിലും അതിനു മുമ്പും ശേഷവുമുള്ള യുദ്ധങ്ങളിലുമുള്ള എല്ലാ ഇന്ത്യൻ രക്തസാക്ഷികളുടെയും പേരുകൾ ദേശീയ യുദ്ധ സ്മാരകത്തിൽ സൂക്ഷിച്ചിരിക്കുന്നു. അതിനാൽ അവിടെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ജ്വാല ഒരു യഥാർത്ഥ ആദരാഞ്ജലിയാണെന്നും ഉദ്യോഗസ്ഥ തലങ്ങളിലുള്ളവർ പറയുന്നു.

2019-ൽ ദേശീയ യുദ്ധസ്മാരകം വന്നുകഴിഞ്ഞാൽ, മുമ്പ് അമർ ജവാൻ ജ്യോതിയിൽ ആദരാഞ്ജലി അർപിച്ചത് യുദ്ധ സ്മാരകത്തിലേക്ക് മാറ്റാനാവുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ദേശീയ യുദ്ധസ്മാരകം പണിയുമ്പോൾ രണ്ട് ജ്വാലകളും ജീവനോടെ നിലനിർത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നെങ്കിലും ഈ മാറ്റത്തോടെ രണ്ട് ജ്വാലകൾ ആവശ്യമില്ലെന്ന് മന്ത്രാലയം കരുതുന്നതായി വ്യക്തമാക്കുന്നു.

എന്നാൽ മറ്റൊരു കാരണവും ഇപ്പോഴത്തെ മാറ്റത്തിന് പിറകിലുള്ളതായി വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്റെ വൈകാരിക മനസ്സിൽ അമർ ജവാൻ ജ്യോതി ശക്തമായി പതിഞ്ഞിരുന്നു, പുതിയ യുദ്ധ സ്മാരകം സർക്കാർ പ്രതീക്ഷിച്ചതുപോലെ ശ്രദ്ധ നേടിയില്ല, 2019 ൽ നിർമ്മിച്ച പുതിയ സ്മാരകം പ്രോത്സാഹിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. കൂടാതെ, ഇന്ത്യാ ഗേറ്റ്, അമർ ജവാൻ ജ്യോതി, നാഷണൽ വാർ മെമ്മോറിയൽ എന്നിവ ഉൾപ്പെടുന്ന സെൻട്രൽ വിസ്തയുടെ മുഴുവൻ സർക്കാർ പുനർവികസനത്തിന്റെ ഭാഗമായും ഇത് കാണാം.

ജ്വാല മാറ്റുന്നതിനൊപ്പെ ഇന്ത്യാ ഗേറ്റിന് സമീപംൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിച്ചു. 28 അടി ഉയരത്തിലായിരിക്കും പുതിയ പ്രതിമ. പ്രതിമ പൂർത്തിയാകുന്നതുവരെ, ബോസിന്റെ ഒരു ഹോളോഗ്രാം പ്രതിമ താഴെ സ്ഥാപിക്കുമെന്നും അത് ജനുവരി 23 ന് താൻ അനാച്ഛാദനം ചെയ്യുമെന്നും മോദി പറഞ്ഞു.

എന്താണ് ദേശീയ യുദ്ധ സ്മാരകം, അത് എപ്പോഴാണ് നിർമ്മിച്ചത്?

ഇന്ത്യാ ഗേറ്റിൽ നിന്ന് 400 മീറ്റർ അകലെയുള്ള ദേശീയ യുദ്ധ സ്മാരകം 2019 ഫെബ്രുവരിയിൽ 40 ഏക്കറോളം സ്ഥലത്ത് മോദി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ വിവിധ യുദ്ധങ്ങളിലും യുദ്ധങ്ങളിലും പ്രവർത്തനങ്ങളിലും സംഘട്ടനങ്ങളിലും വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും സ്മരണയ്ക്കായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അത്തരം സൈനികർക്കായി നിരവധി സ്വതന്ത്ര സ്മാരകങ്ങൾ ഉണ്ട്, എന്നാൽ ദേശീയ തലത്തിൽ അവരെ അനുസ്മരിക്കുന്ന ഒരു സ്മാരകവും നിലവിലില്ല.

1961 മുതൽ ഇത്തരമൊരു സ്മാരകം പണിയുന്നതിനുള്ള ചർച്ചകൾ നടന്നിരുന്നുവെങ്കിലും അത് ഉയർന്നുവന്നില്ല. 2015-ൽ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇതിന്റെ നിർമ്മാണത്തിന് അംഗീകാരം നൽകി, ഇന്ത്യാ ഗേറ്റിന് കിഴക്ക് സ്ഥലം അന്തിമമാക്കി. ഒരു മത്സരത്തിലൂടെയാണ് സ്മാരകത്തിന്റെ അന്തിമ രൂപരേഖ തിരഞ്ഞെടുത്തത്.

സ്മാരകത്തിന്റെ വാസ്തുവിദ്യ നാല് കേന്ദ്രീകൃത വൃത്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏറ്റവും വലുത് രക്ഷാ ചക്രം അല്ലെങ്കിൽ സംരക്ഷണ വലയം, ഇത് ഒരു നിര മരങ്ങളാൽ അടയാളപ്പെടുത്തിയിരിക്കുന്നു, അവ ഓരോന്നും രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരെ പ്രതിനിധീകരിക്കുന്നു. ത്യാഗ ചക്രം, ചക്രവ്യൂഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ഓരോ സൈനികർക്കും വേണ്ടിയുള്ള സ്വതന്ത്ര ഗ്രാനൈറ്റ് ഫലകങ്ങൾ ചുവരുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇന്നത്തെ കണക്കനുസരിച്ച്, സുവർണ്ണ ലിപികളിൽ കൊത്തിവച്ചിരിക്കുന്ന ഈ ഗ്രാനൈറ്റ് ഫലകങ്ങളിൽ 26,466 സൈനികരുടെ പേരുകൾ ഉണ്ട്. ഓരോ തവണയും ഒരു സൈനികൻ കർത്തവ്യത്തിനിടെ കൊല്ലപ്പെടുമ്പോൾ ഒരു ഗ്രാനൈറ്റ് ഫലകം ചേർക്കുന്നു.

Also Read: ആരാണ് ഹൂതികള്‍, അവര്‍ എന്തിനാണ് അബുദാബിയിൽ ആക്രമണം നടത്തിയത്?

വീർത്ത ചക്ര, എന്ന ധീരതയുടെ വലയം ആണ് അടുത്തത്. സായുധ സേനയുടെ യുദ്ധങ്ങളും പ്രവർത്തനങ്ങളും ചിത്രീകരിക്കുന്ന വെങ്കലത്തിൽ നിർമ്മിച്ച ആറ് ചുവർചിത്രങ്ങളാൽ മൂടപ്പെട്ട ഒരു ഗാലറിയുണ്ട് അതിൽ.

അവസാനത്തേത് അമർ ചക്ര, അഥവാ അമരത്വത്തിന്റെ ചക്രം. അതിൽ ഒരു സ്തൂപം, നിത്യജ്വാല എന്നിവയുണ്ട്. ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ നിന്നുള്ള ജ്വാല ഈ ജ്വാലയുമായി ലയിപ്പിക്കും. ഈ ജ്വാല 2019 ൽ സ്മാരകം അനാച്ഛാദനം ചെയ്തപ്പോൾ മുതൽ കത്തിക്കൊണ്ടിരിക്കുന്നു. രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ ആത്മാവിന്റെ അനശ്വരതയുടെ പ്രതീകമാണ് ജ്വാല. അവരുടെ ത്യാഗം രാജ്യം മറക്കില്ല എന്നതിന്റെ അടയാളമാണ് ഇത്.

രാജ്യത്തിന്റെ പരമോന്നത ധീര പുരസ്‌കാരമായ പരമവീര ചക്ര സമ്മാനിച്ച 21 സൈനികരുടെ പ്രതിമകളും സ്മാരകത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Amar jawan jyoti national war memorial