scorecardresearch

ഖത്തർ ലോകകപ്പിലെ മദ്യനിരോധനം; ഇസ്‌ലാമിലെ മദ്യനിരോധനം എങ്ങനെ?

മദ്യം ലഭിക്കാത്ത രാജ്യങ്ങളിൽ, ചിലർ മദ്യപിക്കാനായി ഏതറ്റം വരെയും പോയിട്ടുണ്ട്. സോക്‌സിൽ ഒളിപ്പിച്ച വിസ്കി കുപ്പികളും പെപ്‌സിയുടെ ക്യാനിലെ ബിയറും വർഷങ്ങളായി രാജ്യത്തേക്ക് മദ്യം കടത്താനുള്ള ശ്രമങ്ങളിൽ ഉൾപ്പെടുന്നു

Islam alcohol ban, FIFA World Cup alcohol, 2022 FIFA World Cup Qatar alcohol

ലോകകപ്പ് ഉദ്ഘാടനത്തിന് രണ്ടു ദിവസം മുൻപാണ്, ആതിഥേയരാജ്യമായ ഖത്തർ സ്റ്റേഡിയങ്ങളിൽ ബിയർ വിൽപന നിരോധിച്ചത്. ചിലർ അതിനെ സ്വാഗതം ചെയ്തപ്പോൾ മറ്റു ചിലർ വിമർശിക്കുകയും ചെയ്തു. ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ഖത്തർ അവർ തങ്ങളുടെ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും മാനിക്കണമെന്നും പറഞ്ഞിരുന്നു.

രാജ്യം സൂക്ഷ്മമായ സന്തുലിതാവസ്ഥ കൈവരിക്കാൻ ശ്രമിക്കുന്ന മേഖലകളിലൊന്നാണ് മദ്യത്തിന്റെ ഉപയോഗം. മദ്യവും മുസ്‌ലിം വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ.

ഖുർആനിൽ മദ്യത്തെക്കുറിച്ച് പറയുന്നതെന്ത്?

ഇസ്‌ലാമിൽ മദ്യപാനം ഹറാം അല്ലെങ്കിൽ നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ ഒരു വാക്യമാണ് ഇതിനു തെളിവായി ഇസ്ലാമിക പണ്ഡിതന്മാരും മുസ്‌ലിം മത അധികാരികളും ചൂണ്ടിക്കാണിക്കുന്നത്. ആ വാക്യത്തിൽ ലഹരിയെ ‘സാത്താന്റെ പ്രവൃത്തി’ എന്ന് വിളിക്കുകയും അത് ഒഴിവാക്കാൻ വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളും മദ്യം ഉണ്ടാക്കുന്ന പ്രതികൂല ഫലങ്ങളും അവർ ഇതിനൊപ്പം പറയുന്നു.

മദ്യം ഒഴിവാക്കുന്നതിനുമപ്പുറം, പലരും മദ്യവുമായി ബന്ധപ്പെട്ട വിവി​ധ ചോദ്യങ്ങൾക്ക് മതപരമായ ഉത്തരങ്ങൾ തേടാറുണ്ട്. മദ്യം കലർന്ന ഭക്ഷണം കഴിക്കാമോ? പാശ്ചാത്യ രാജ്യത്ത് മദ്യം നൽകുന്ന റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നത് പാപമാകുമോ? മദ്യം അടങ്ങിയ സുഗന്ധദ്രവ്യങ്ങൾ അനുവദനീയമാണോ? മദ്യം വിളമ്പുന്ന ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കണോ തുടങ്ങിയ സംശയങ്ങൾ മിക്കവർക്കും ഉണ്ടാകാറുണ്ട്.

ഖത്തറിലെ മദ്യപാനം

സൗദി അറേബ്യയെപ്പോലെ ‘വഹാബിസം’ എന്നറിയപ്പെടുന്ന ഇസ്‌ലാമിന്റെ യാഥാസ്ഥിതിക രീതി പിന്തുടരുന്ന ഖത്തറിന്, വർഷങ്ങളായി ഹോട്ടൽ ബാറുകളിൽ മദ്യം വിൽക്കാൻ അനുവാദമുണ്ടെങ്കിലും മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും കർശനമായ പരിമിതികളുണ്ട്. ലോകകപ്പ് സമയത്ത് സ്റ്റേഡിയങ്ങളിലും വൈകുന്നേരങ്ങളിൽ ഫാൻ സോണുകളിലും ബിയർ വിൽക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്.

ഷാംപെയ്‌നും വൈനും വിസ്‌കിയും മറ്റ് മദ്യവും വിളമ്പുന്ന ആഡംബര ഹോസ്പിറ്റാലിറ്റി ഏരിയകളിലൊഴികെ, സ്റ്റേഡിയങ്ങളിൽ ആൽക്കഹോൾരഹിത ബിയർ മാത്രമേ ലഭ്യമാകൂ എന്ന് വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഭൂരിഭാഗം ടിക്കറ്റ് ഉടമകൾക്കും ആ മേഖലകളിലേക്ക് പ്രവേശനമില്ല.

മത്സരങ്ങളിൽ മദ്യവിൽപ്പന അനുവദിക്കണമോ എന്ന ചർച്ചയ്ക്ക് തുടക്കമിടുന്നത് ഖത്തറിലെ ലോകകപ്പ് അല്ല. 2014 ടൂർണമെന്റിനായി, സ്റ്റേഡിയങ്ങളിൽ മദ്യവിൽപ്പന അനുവദിക്കുന്നതിന് നിയമം മാറ്റാൻ ബ്രസീൽ നിർബന്ധിതരായി.

ആരാധകരുടെ അക്രമം തടയുന്നതിന്റെ ഭാഗമായി ഫുട്ബോൾ മത്സരങ്ങളിലെ മദ്യവിൽപന ബ്രസീൽ നിരോധിച്ചിരുന്നു. സ്റ്റേഡിയത്തിലെ ബിയർ വിൽപന ലോകകപ്പ് പാരമ്പര്യത്തിന്റെ പ്രധാന ഭാഗമാണെന്ന് നിരോധനം നീക്കാൻ പ്രേരിപ്പിക്കുന്ന ചിലർ അക്കാലത്ത് പറഞ്ഞു.

മദ്യത്തോടുള്ള മുസ്‌ലിം മനോഭാവം

ഇസ്‌ലാമിൽ മദ്യം നിരോധിച്ചിട്ടുണെങ്കിലും എല്ലാവരും അത് പാലിക്കുന്നവർ അല്ല. അവർ രഹസ്യമായും പരസ്യമായും മദ്യം ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള മുസ്‌ലിമുകൾക്കിടയിൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവേയിൽ, മദ്യപാനം ധാർമ്മികമായി തെറ്റാണെന്ന് പങ്കെടുത്ത ഭൂരിഭാഗം ആളുകളും പറഞ്ഞു.

സർവേ നടത്തിയ എല്ലാ രാജ്യങ്ങളിലും പകുതിയിലധികം പേരും ഈ വീക്ഷണം പുലർത്തിയിരുന്നു. തായ്‌ലൻഡ്, ഘാന, മലേഷ്യ, പലസ്തീൻ പ്രദേശങ്ങൾ, ഇന്തോനേഷ്യ, നൈജർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ പത്തിൽ ഒൻപത് പേർക്കും ഇതേ അഭിപ്രായമാണെന്നു 2013ൽ പ്രസിദ്ധീകരിച്ച പ്യൂ റിപ്പോർട്ട് പറയുന്നു. 38,000 അഭിമുഖങ്ങളും ഇതിൽ ഉൾപ്പെടുന്നു.

37 രാജ്യങ്ങളിൽ 11 എണ്ണത്തിലും, മദ്യപാനം ധാർമ്മികമായി സ്വീകാര്യമാണെന്ന് പത്തിൽ ഒരാളെങ്കിലും പറഞ്ഞു. ചില രാജ്യങ്ങളിൽ, മദ്യം കഴിക്കുന്നത് ഒരു ധാർമ്മിക പ്രശ്നമല്ലെന്നും ഗണ്യമായ ശതമാനം അഭിപ്രായപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു

എങ്ങനെയാണ് നിരോധനം ബാധകമാകുന്നത്?

ചില ഇസ്ലാമിക രാജ്യങ്ങളിൽ മദ്യം ലഭ്യമാണെങ്കിലും നിയന്ത്രണങ്ങൾ പരക്കെ വ്യത്യാസപ്പെട്ടിരിക്കും. അതിന്റെ വിൽപനയിലോ എവിടെ കഴിക്കാം എന്നതിലോ സങ്കീർണ്ണമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകാം. സൗദി അറേബ്യ പോലുള്ള ചില രാജ്യങ്ങൾ മദ്യം പൂർണ്ണമായും നിരോധിക്കുന്നു. അവിടെ മദ്യപിച്ചാൽ ചാട്ടവാറടിയും പിഴയും തടവും വിദേശികൾക്ക് നാടുകടത്തലും ശിക്ഷയായി ലഭിക്കും.

സമീപ വർഷങ്ങളിൽ രാജ്യം വിനോദ സഞ്ചാര സാധ്യതകൾ തുറക്കുന്നത്, ഭാവിയിൽ മദ്യപാനത്തിന്റെ നിയന്ത്രണങ്ങൾ ഒഴിവാക്കുമോ എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾക്ക് കാരണമായി. മദ്യത്തിന്റെ കാര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) മുൻനിര യാത്രാകേന്ദ്രമായ ദുബായ്ക്ക് വ്യത്യസ്തമായ സമീപനമാണ്.

സന്ദർശകരെയും പ്രവാസികളെയും ആകർഷിക്കുന്ന നിരവധി വൈവിധ്യമാർന്ന ബാറുകൾ, നിശാക്ലബ്ബുകൾ, വിശ്രമമുറികൾ എന്നിവ ദുബായിൽ ഉണ്ട്. സമീപ വർഷങ്ങളിൽ, മദ്യവിൽപ്പനയെയും മദ്യം കൈവശം വയ്ക്കുന്നതിനെയും നിയന്ത്രിക്കുന്ന നിയമങ്ങളും നഗരം കൂടുതൽ ഇളവു നൽകുന്നുണ്ട്. മറ്റ് ചില സ്ഥലങ്ങളിലെന്നപോലെ, അവിടെയും മദ്യവിൽപ്പന ഒരു ആദായകരമായ നികുതി വരുമാന സ്രോതസ്സാണ്.

ജോർദാനിലെ മദ്യവിൽപ്പനശാലകളിലും തലസ്ഥാനമായ അമ്മാനിൽ ഉടനീളമുള്ള ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യം സൗജന്യമാണ്. മുസ്‌ലിം ഭൂരിപക്ഷവും പരമ്പരാഗതമായി വിനോദസഞ്ചാരികൾക്കിടയിൽ പ്രചാരമുള്ളതും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ആവാസ കേന്ദ്രവുമായ ഈജിപ്തിലും ഇത് ലഭ്യമാണ്.

നിയമങ്ങൾ ലംഘിക്കപ്പെടുന്നു

മദ്യം ലഭിക്കാത്ത രാജ്യങ്ങളിൽ, ചിലർ മദ്യപിക്കാനായി ഏതറ്റം വരെയും പോയിട്ടുണ്ട്. ചിലപ്പോൾ അത് അറസ്റ്റിന് വരെ കാരണമായിട്ടുണ്ട്. ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ സൗദി അറേബ്യയിൽ, മദ്യ നിരോധനം ഒഴിവാക്കാനായി ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോക്‌സിൽ ഒളിപ്പിച്ച വിസ്കി കുപ്പികളും പെപ്‌സിയുടെ ക്യാനിലെ ബിയറും വർഷങ്ങളായി രാജ്യത്തേക്ക് മദ്യം കടത്താനുള്ള ശ്രമങ്ങളിൽ ഉൾപ്പെടുന്നു.

പക്ഷേ, ചില ശ്രമങ്ങൾ ദുരന്തത്തിലാണ് അവസാനിച്ചത്. 2002ൽ സൗദി അറേബ്യയിൽ മെഥനോൾ അടങ്ങിയ കൊളോൺ കുടിച്ച് 19 പേർ മരിക്കുകയും മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇറാനിൽ, വീട്ടിൽ ഉണ്ടാക്കിയ മദ്യത്തിലെ മെഥനോൾ വിഷാംശമേറ്റും ചിലർ മരിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Alcohol ban in qatar worldcup why alcohol is banned in islam721736