ഭിന്നശേഷിക്കാരുടെ വിമാനയാത്ര സംബന്ധിച്ച ചട്ടങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) ഭേദഗതി ചെയ്തിരിക്കുകയാണ്. യാത്രയ്ക്കുള്ള ഫിറ്റ്‌നസ് സംബന്ധിച്ച് വിമാനത്താവളത്തിലെ ഡോക്ടറുടെ മെഡിക്കല്‍ അഭിപ്രായം തേടാതെ ഭിന്നശേഷിക്കാരുടെ ബോര്‍ഡിങ് നിഷേധിക്കാനാവില്ലെന്ന് ഡി ജി സി എ അറിയിച്ചു.
ഡി ജി സി എയുടെ പുതിയ ചട്ടം പുതിയ എന്താണ് പറയുന്നത്?
ഭിന്നശേഷിക്കാര്‍ക്കു ബോര്‍ഡിങ്, ഫ്ളൈയിങ് സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതായി ഡി ജി സി എ അറിയിച്ചു.
മെഡിക്കല്‍ അഭിപ്രായം ലഭിച്ചശേഷം ബോര്‍ഡിങ് നിരസിക്കാന്‍ വിമാനക്കമ്പനി തീരുമാനിക്കുകയാണെങ്കില്‍, അത് കാരണങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ഉടന്‍ യാത്രക്കാരനെ രേഖാമൂലം അറിയിക്കണമെന്നു പുതിയ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റില്‍ (സി എ ആര്‍) ഡി ജി സി എ പറയുന്നു.
‘വൈകല്യമുള്ളവര്‍ അല്ലെങ്കില്‍ ചലനശേഷി കുറവുള്ള വ്യക്തികള്‍’ എന്ന വിഭാഗത്തില്‍ സി എ ആറില്‍ ചേര്‍ത്ത പുതിയ വ്യവസ്ഥയില്‍ ഇങ്ങനെ പറയുന്നു: ”വൈകല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെയും യാത്ര വിമാനക്കമ്പനി നിരസിക്കരുത്. എന്നാല്‍ അത്തരം യാത്രക്കാരുടെ ആരോഗ്യം വിമാനത്തിനുള്ളില്‍ വച്ച് മോശമായേക്കാമെന്നു വിമാനക്കമ്പനിക്കു തോന്നിയാല്‍ അവരെ ഡോക്ടര്‍ പരിശോധിക്കണം. യാത്രക്കാരുടെ രോഗാവസ്ഥയും അവര്‍ യാത്ര ചെയ്യാന്‍ യോഗ്യമാണോ അല്ലയോ എന്നതും ഡോക്ടര്‍ കൃത്യമായി വ്യക്തമാക്കണം. മെഡിക്കല്‍ അഭിപ്രായം നേടിയ ശേഷം വിമാനക്കമ്പനി ഉചിതമായ തീരുമാനമെടുക്കും.”
പഴയ ചട്ടം എന്തായിരുന്നു?
അത്തരത്തിലുള്ള ആളുകളുടെ യാത്ര വിമാനസുരക്ഷയ്ക്കു ദോഷകരമാകാമെന്നു തോന്നിയാല്‍ വൈകല്യത്തിന്റെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനികള്‍ക്ക് ഏതൊരു വ്യക്തിക്കും ബോര്‍ഡിങ് നിരസിക്കാമെന്നായിരുന്നു മുമ്പത്തെ ചട്ടങ്ങളില്‍ പറഞ്ഞിരുന്നത്. ബോര്‍ഡിങ് നിരസിക്കുന്നതിന്റെ കാരണം രേഖാമൂലം വ്യക്തമാക്കാന്‍ വിമാനക്കമ്പനികള്‍ ബാധ്യസ്ഥരായിരുന്നു.
ചട്ടം ഭേദഗതി ചെയ്തത് എന്തുകൊണ്ട്?
മേയില്‍ റാഞ്ചി വിമാനത്താവളത്തില്‍ നടന്ന സംഭവത്തെത്തുടര്‍ന്നാണ് ഇന്നലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. ജൂണ്‍ മൂന്നിനാണ് ഇതു നിര്‍ദേശിക്കപ്പെട്ടത്. ഭിന്നശേഷിയുള്ള കുട്ടിയെ ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ കയറാന്‍, കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാക്കുന്ന വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അനുവദിച്ചിരുന്നില്ല. വിമാനസുരക്ഷയ്ക്കു ഹാനികരമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
സംഭവത്തെക്കുറിച്ച് ഡി ജി സി എ അന്വേഷണം നടത്തുകയും ഇന്‍ഡിഗോയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫിന് ‘കൂടുതല്‍ അനുകമ്പയോടെയുള്ള കൈകാര്യം ചെയ്യലിലൂടെ’ സാഹചര്യം ഒഴിവാക്കാനാകുമായിരുന്നുവെന്നു പിഴ ചുമത്തുന്ന സമയത്ത് ഡി ജി സി എ സൂചിപ്പിച്ചിരുന്നു.
എന്നാല്‍, വിമാനത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ബോര്‍ഡിങ് നിരസിക്കാനുള്ള ഗ്രൗണ്ട് സ്റ്റാഫിന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന ഇന്‍ഡിഗോ പിന്നീട്, ഭിന്നശേഷിക്കാരായ യാത്രക്കാരെ എങ്ങനെ മികച്ചരീതിയില്‍ സേവിക്കാമെന്നതിനെക്കുറിച്ച് ഇന്റേണല്‍ കേസ് സ്റ്റഡി നടത്താന്‍ പദ്ധതിയിട്ടിരുന്നു.