/indian-express-malayalam/media/media_files/uploads/2020/10/explained-fi-4.jpg)
രാജ്യാന്തര സന്ദര്‍ശനങ്ങളില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ ഇനി സഞ്ചരിക്കുക 'എയര്‍ ഇന്ത്യ വണ്‍' എന്ന പേരിലുള്ള അത്യാധുനിക വിമാനത്തില്‍. രണ്ട് ബോയിങ് 777 വിമാനങ്ങളാണ് 'എയര്‍ ഇന്ത്യ വണ്‍' ആയി പറക്കുക. ഇവയില്‍ ആദ്യത്തേത് എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുകയാണ്.
നിലവില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനങ്ങളിലാണ് വിദേശ സന്ദര്‍ശനത്തിനു പോകുന്നത്. 25 വര്‍ഷം പഴക്കമുള്ളവയാണ് ഈ വിമാനങ്ങള്‍.
അമേരിക്കന്‍ പ്രസിഡന്റ് സഞ്ചരിക്കുന്ന 'എയര്‍ ഫോഴ്‌സ് വണ്‍' മാതൃകയിലുള്ള പുതിയ വിവിഐപി വിമാനത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം:
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശസന്ദര്‍ശനത്തിനുവേണ്ടിയാണ് 'എയര്‍ ഇന്ത്യ വണ്‍' ഉപയോഗിക്കുക. ഈ രണ്ട് ബോയിങ് 777 വിമാനങ്ങള്‍ക്ക് 8,400 കോടി രൂപയാണ് ചെലവ്.
എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങളില്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുണ്ട്. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് (എല്‍എഐആര്‍സിഎം), സ്വയം പ്രതിരോധ സ്യൂട്ടുകള്‍ (എസ്പിഎസ്) എന്നീ സംവിധാനങ്ങള്‍ വിമാനത്തിലുണ്ട്.
മിസൈല്‍ മുന്നറിയിപ്പ് സെന്‍സറുകള്‍, ലേസര്‍ ട്രാന്‍സ്മിറ്റര്‍ അസംബ്ലി, കണ്‍ട്രോള്‍ ഇന്റര്‍ഫേസ് യൂണിറ്റ്, ഇന്‍ഫ്രാറെഡ് മിസൈലുകള്‍ കണ്ടെത്തല്‍, പിന്തുടരല്‍, തടസപ്പെടുത്തല്‍, തിരിച്ചടിക്കല്‍ എന്നിവയ്ക്കുള്ള പ്രൊസസറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എല്‍എഐആര്‍സിഎം.
'എയര്‍ ഇന്ത്യ വണ്‍' വിവിഐപി വിമാനത്തില്‍ അത്യാധുനിക ആശയവിനിമയ സംവിധാനമുണ്ട്. വിമാനത്തില്‍നിന്ന് വിവിഐപികള്‍ക്ക് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ദൃശ്യ-ശ്രാവ്യ ആശയവിനിമയം നടത്താന്‍ കഴിയും. വിവിഐപി സ്യൂട്ട്, രണ്ട് കോണ്‍ഫറന്‍സ് റൂമുകള്‍, പ്രസ് ബ്രീഫിങ് റൂം, മെഡിക്കല്‍ റൂം, നെറ്റ്വര്‍ക്ക് ജാമറുകളുള്ള സുരക്ഷിത ആശയവിനിമയ മുറി എന്നിവയും വിമാനത്തിന്റെ സവിശേഷതയാണ്.
'എയര്‍ ഇന്ത്യ വണ്‍' എന്നാണ് പേരെങ്കിലും ഈ വിവിഐപി വിമാനങ്ങള്‍ വ്യോമസേനയാണു പ്രവര്‍ത്തിപ്പിക്കുക. 25 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ബോയിങ് 747 വിമാനം വിവിഐപി സേവനത്തില്‍നിന്ന് ഘട്ടംഘട്ടമായി ഒഴിവാക്കുക എന്നതാണ് ബോയിങ് 777 വിമാനങ്ങളുടെ വരവ് അര്‍ത്ഥമാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.