scorecardresearch
Latest News

എയർ ഇന്ത്യ ഓഹരി വിറ്റഴിക്കൽ: സർക്കാർ വാഗ്ദാനങ്ങൾ എന്തെല്ലാം

ഓഹരി വിറ്റഴിക്കൽ പ്രക്രിയയുടെ ഈ ഘട്ടത്തിൽ വാങ്ങുന്നയാൾ എയർ ഇന്ത്യയുടെ മൊത്തം കടബാധ്യതയായ 60,074 കോടി രൂപയിൽ 23,286 കോടി രൂപ കടം ഏറ്റെടുക്കേണ്ടിവരും

Air India, എയർ ഇന്ത്യ, Air India sale, എയർ ഇന്ത്യ വിൽപ്പനയ്ക്ക്, Air India stake sake, Air India news, Govt to sell 100 per cent stake in Air India, Air India debt, aviation sector news, business news, market news, indian express business news, iemalayalam, ഐഇ മലയാളം

സാമ്പത്തിക ബാധ്യതയെത്തുടർന്ന് എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിറ്റഴിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. 2018ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നു. എന്നാല്‍ ആരും താൽപ്പര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണത്തേതു പോലെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഇന്ത്യ ഗ്രൗണ്ട്‌ ഹാൻഡ്‌ലിങ് കമ്പനിയായ എയർ ഇന്ത്യ-സാറ്റ്സ് എന്നിവയുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ തിങ്കളാഴ്ച മെമ്മോറാണ്ടം പുറത്തിറക്കി.

എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും നൂറ് ശതമാനം ഓഹരികളും സംയുക്ത സംരംഭമായ എഐഎസ്എടിഎസിന്റെ 50 ശതമാനം ഓഹരികൾ വിൽക്കുന്നതിനുള്ള പ്രാഥമിക അപേക്ഷകളാണ് കേന്ദ്ര സർക്കാർ ക്ഷണിച്ചു. മാർച്ച് 17 നകം ഓഹരികൾ വാങ്ങാൻ ആഗ്രഹമുള്ള കമ്പനികൾ താൽപര്യപത്രം നൽകണം. യോഗ്യരായ കമ്പനികളുടെ പേരുകൾ മാർച്ച് 31 ന് പ്രസിദ്ധീകരിക്കും. സ്വാതന്ത്ര്യത്തിന് മുന്‍പ് ആരംഭിച്ച് സ്വാതന്ത്ര്യത്തിന് ശേഷം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയാണ് എയർ ഇന്ത്യ.

എയർ ഇന്ത്യ: 100 ശതമാനം ഓഹരി വിൽപ്പന

ഇക്കുറി സർക്കാർ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരി വിറ്റഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാനായിരുന്നു പദ്ധതി. വിറ്റഴിക്കലിന് ശേഷം ചെറിയ ശതമാനം ഓഹരി സർക്കാർ കൈവശം വയ്ക്കുന്നതു പോലും വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം പ്രതികൂലമാണെന്ന് വ്യവസായ നിരീക്ഷകർ പറയുന്നു. 24% ഓഹരി കൈവശം വയ്ക്കുന്നതിന് പിന്നിലെ യുക്തി, ബാക്കി 76% വിൽക്കുന്നത് ഉടൻ തന്നെ എയർലൈനിലെ സർക്കാൺ ഓഹരിയുടെ മൂല്യം വർധിപ്പിക്കുമെന്നാണ്, അത് പിന്നീട് വിൽക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നത്.

എയർ ഇന്ത്യയുടെ കട ബാധ്യത

പ്രതിദിനം 26 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. ഓഹരി വിറ്റഴിക്കൽ പ്രക്രിയയുടെ ഈ ഘട്ടത്തിൽ വാങ്ങുന്നയാൾ എയർ ഇന്ത്യയുടെ മൊത്തം കടബാധ്യതയായ 60,074 കോടി രൂപയിൽ 23,286 കോടി രൂപ കടം ഏറ്റെടുക്കേണ്ടിവരും. 2018ൽ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ച സമയത്ത് 33,392 കോടി രൂപയായിരുന്നു വാങ്ങിക്കുന്നയാൾ ഏറ്റെടുക്കേണ്ടിയിരുന്ന ബാധ്യത. പ്രവർത്തന മൂലധനവും മറ്റ് വിമാനേതര സേവനങ്ങളുടെ കടങ്ങളും സർക്കാർ നിലനിർത്തും. എയ‍ർ ഇന്ത്യ വാങ്ങുന്ന കമ്പനിയുടെ മൊത്തം ആസ്തി 5,000 കോടി രൂപയായിരിക്കണം എന്ന നിബന്ധന 3,500 കോടി രൂപയായി സ‍ര്‍ക്കാര്‍ കുറച്ചിട്ടുണ്ട്. 2018-19 സാമ്പത്തിവര്‍ഷം 8556.35 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ നഷ്ടം.

2011-12 സാമ്പത്തിവര്‍ഷം മുതല്‍ ഇതുവരെ 30,520.21 കോടി രൂപയാണ് എയര്‍ ഇന്ത്യക്കു കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം 2,400 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ നല്‍കിയത് 500 കോടി മാത്രമാണ്. കൂടുതല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.

എയർ ഇന്ത്യയുടെ ആസ്തി

എയർ എന്ത്യയുടെ 121 വിമാനങ്ങളും എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ 25 വിമാനങ്ങളുമാണ് ഓഹരി വാങ്ങുന്നയാൾക്ക് ലഭിക്കുക. നിലവിലെ ഇടപാടിന്റെ ഭാഗമല്ലാത്ത, സബ്സിഡിയറി അലയൻസ് എയറിലേക്ക് മാറ്റാൻ എയർലൈൻ ഉദ്ദേശിക്കുന്ന നാല് ബോയിങ് 747-400 ജംബോജെറ്റ് വി മാനങ്ങൾ ഇതിൽ ഉൾപ്പെടില്ല. എന്നിരുന്നാലും, അവസാന ശ്രമമായി, നരിമാൻ പോയിന്റ് കെട്ടിടവും ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിനടുത്തുള്ള കമ്പനിയുടെ ആസ്ഥാനവും ഉൾപ്പെടെ എയർ ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന സ്വത്തുക്കൾ സർക്കാർ നിലനിർത്തും.

ഓഹരികൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നത് വിദേശ കമ്പനികളാണെങ്കിലും ഇവയ്ക്ക് പൂര്‍ണമായും ഓഹരികള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്ന് മാത്രമേ എയര്‍ ഇന്ത്യയെ വാങ്ങാന്‍ സാധിക്കു. എന്നാല്‍ എയര്‍ ഇന്ത്യയുടെ നിര്‍ണായക ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയുടെ പക്കലായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ, അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വെയ്സ് എന്നിവര്‍ എയര്‍ ഇന്ത്യ വാങ്ങുന്നതിനായി കേന്ദ്ര സർക്കാരുമായി നേരത്തെ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Air india disinvestment what govt has on offer