മങ്കിപോക്സ്, കൊറോണ വൈറസ്, സിക്ക, എബോള-ഏതാനും വര്‍ഷങ്ങളായി നമുക്ക് വളരെയധികം പരിചിതമായ പേരുകളാണ് ഇവ. ഈ രോഗങ്ങളില്‍ പലതും ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏഷ്യയിലോ ആഫ്രിക്കയിലോ ആണ്. എങ്ങനെയാണ് വൈറസുകളെ കണ്ടെത്തുന്നത്? ഏതെങ്കിലും പ്രത്യേക പ്രദേശത്ത് പുതിയ വൈറല്‍ അണുബാധ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കൂടുതലാണോ? നമുക്ക് പരിശോധിക്കാം.
എങ്ങനെയാണ് വൈറസുകളെ കണ്ടെത്തുന്നത്?
പുതിയ വൈറസുകളുടെ കണ്ടെത്തല്‍ ചെന്നെത്തുന്നതു പലപ്പോഴും രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിലേക്കാണ്. രോഗത്തിന്റെ ഉത്ഭവം തിരിച്ചറിയുന്നത് എല്ലായ്പ്പോഴും നേര്രേഖയിലുള്ളതാവില്ല. ഇതിനു വ്യക്തമായ ഉദാഹരണമാണ് കോവിഡ്-19 മഹാമാരിയ്ക്കു കാരണമായ സാര്‍സ്-കോവ്-2. ചൈനയിലെ വുഹാനിലെ ഹുവാനന്‍ മത്സ്യ മാര്‍ക്കറ്റില്‍നിന്നാണ് രോഗം പടര്‍ന്നതെന്നു ഗവേഷണം സൂചിപ്പിക്കുന്നുണ്ടെങ്കിലും ചില വിദഗ്ധര്‍ ഇപ്പോഴും വിശ്വസിക്കുന്നതു വൈറസിനെ ലബോറട്ടറിയില്‍ വളര്‍ത്തിയതാണെന്നാണ്.
പുതിയ വൈറല്‍ രോഗത്തെ തിരിച്ചറിയുന്നതില്‍ ‘വിപുലമായ ഫീല്‍ഡ് വര്‍ക്ക്, സമഗ്രമായ ലാബ് പരിശോധന, കുറച്ച് ഭാഗ്യം’ എന്നിവ ഉള്‍പ്പെടുന്നതായി ‘ദി കോണ്വര്സേഷനില്’ അടുത്തിടെ എഴുതിയ ഒരു ലേഖനത്തില്‍ പെന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്ലാന്റ് പാത്തോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജി പ്രൊഫസറായ മെര്ലിന് ജെ റൂസിങ്ക് പറയുന്നു.
ഒന്നാമതായി, പല വൈറസുകളും അവയുടെ ചുറ്റുമുള്ള ജീവിതത്തിനു ദോഷം വരുത്താതെ പ്രകൃതിയില്‍ നിലനില്ക്കുന്നവയാണ്. മൃഗങ്ങളില്‍ വസിക്കുന്ന അവയില്‍ പലതും മൃഗങ്ങളിലൂടെ മനുഷ്യരിലെത്തുന്നതുവരെ വളരെക്കാലം കണ്ടെത്താനാവില്ല. കോവിഡ്-19, മങ്കിപോക്സ്, എബോള, പഴയ രോഗങ്ങളായ പ്ലേഗ്, റാബിസ് തുടങ്ങിയ ജന്തുജന്യരോഗങ്ങള്‍ ഉദാഹരണം.
”മറ്റൊരു പ്രശ്നം, ആളുകളും അവരുടെ ഭക്ഷണ മൃഗങ്ങളും ഒരിടത്തുമാത്രം നില്ക്കുന്നതല്ല എന്നതാണ്. ആദ്യം രോഗബാധിതനെ ഗവേഷകര്‍ കണ്ടെത്തുന്ന സ്ഥലം വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലത്തിന് അടുത്തായിരിക്കണമെന്നില്ല, ”റൂസിങ്ക് എഴുതി.
വൈറസുകളുടെ സാധ്യമായ അവയുടെ ജനിതക വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്നു. ”അസാധാരണ കാര്യങ്ങള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെടുന്നതോടെയാണു മിക്ക പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത് മനസിലാവുന്നത് … പൊട്ടിപ്പുറപ്പെടുന്നതിന്റെ ഏറ്റവും ആദ്യഘട്ടത്തില്‍ തന്നെ. രോഗകാരിയെ തിരിച്ചറിയുക എന്നതാണ് ഏറ്റവും നിര്‍ണായകമായ ദൗത്യം,” 2018 ല്‍ ‘നേച്ചര്‍ മൈക്രോബയോളജി’യില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിന്റെ രചയിതാക്കള്‍ എഴുതി.
ഏറ്റവും കൂടുതല്‍ വൈറസുകള്‍ എവിടെയാണ് കാണപ്പെടുന്നത്?
ലോകാരോഗ്യ സംഘടനയുടെ ‘ഡിസീസ് ഔട്ട്ബ്രേക്ക് ന്യൂസ്’ അനുസരിച്ച്, ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ രോഗങ്ങളുടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ജനുവരി മുതല്‍ ഇന്നുവരെ, ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഏഷ്യന്‍ അല്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. ആഫ്രിക്കയില്‍ 2012-2022 കാലയളവില്‍ 2001-2011നെ അപേക്ഷിച്ച് ജന്തുജന്യ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന എണ്ണത്തില്‍ 63 ശതമാനം വര്‍ധനവുണ്ടായെന്നു ലോകാരോഗ്യ സംഘടനയുടെ മറ്റൊരു വിശകലനം പറയുന്നു.
‘ദ അമേരിക്കന്‍ നാച്ചുറലിസ്റ്റ്’ പ്രസിദ്ധീകരിച്ച ഒരു പഠനത്തെ ഉദ്ധരിച്ചുള്ള 2016-ലെ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം പശ്ചിമാഫ്രിക്കയിലാണ് ജന്തുജന്യ വവ്വാല് വൈറസുകളില്നിന്നുള്ള ഏറ്റവും ഉയര്‍ന്ന അപകടസാധ്യത. 1900 നും 2013 നും ഇടയിലുള്ള ഡേറ്റ ഉദ്ധരിച്ച്, വിശാലമായ സബ്-സഹാറന്‍ ആഫ്രിക്ക മേഖലയും തെക്കുകിഴക്കന്‍ ഏഷ്യയും ഹോട്ട്സ്പോട്ടുകളായി കണ്ടെത്തി.
എന്തുകൊണ്ടാണ് ഏഷ്യയിലും ആഫ്രിക്കയിലും വൈറസുകള്‍ പലപ്പോഴും കണ്ടുവരുന്നത്?
പ്രദേശങ്ങളുടെ മാത്രം പ്രത്യേകതകള്‍ കൊണ്ടല്ല ഇവിടങ്ങളില്‍ പുതിയ രോഗങ്ങള്‍ ഉടലെടുക്കുന്നത്. ഒന്നിലധികം ഘടകങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ ഭൂഖണ്ഡങ്ങളിലെ മനുഷ്യര്‍ക്ക് അവരുടെ ജനസാന്ദ്രത കൂടുതലുള്ള നിരവധി പ്രദേശങ്ങളില്‍ മൃഗങ്ങളുമായി കൂടുതല്‍ തവണ സമ്പര്‍ക്കം പുലര്‍ത്താനുള്ള സാധ്യത കൂടുതലാണെന്നതാണ് ഏറ്റവും വ്യക്തമായ ഒരു കാരണം. അത് രോഗങ്ങള്‍ പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഈ മേഖലകളിലെ പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന നാടകീയവും പരിവര്‍ത്തനാത്മകവുമായ മാറ്റത്തിലേക്കു ഗവേഷകര്‍ വിരല്‍ ചൂണ്ടുന്നു. 18, 19 നൂറ്റാണ്ടുകളില്‍ വ്യാവസായികവല്‍ക്കരണത്തിനു വിധേയമാകുകയും കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്തപ്പോള്‍ യുകെ പോലുള്ള രാജ്യങ്ങള്‍ ഒരു പരിധിവരെ സമാന അനുഭവത്തിലൂടെ കടന്നുപോയി.
”യാത്രയുടെ ആവൃത്തിയും എത്തിച്ചേരലും, മാറുന്ന ഭൂവിനിയോഗ രീതികള്‍, മാറുന്ന ഭക്ഷണരീതികള്‍, യുദ്ധങ്ങളും സാമൂഹിക പ്രക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനവും എന്നീ ഘടകങ്ങള്‍ മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഇടപെടലുകള്‍ വര്‍ധിപ്പിക്കുകയും ആളുകളില്‍ ജന്തുജന്യ വൈറസുകള്‍ക്കും സ്പില്‍ഓവര്‍ അണുബാധകള്‍ക്കും കാരണമാകുന്നു,” 2018-ലെ നേച്ചര്‍ പ്രബന്ധം പറയുന്നു.
പ്രത്യേകിച്ച് ആഫ്രിക്കയിലേക്കു വരുമ്പോള്‍, ”മൃഗങ്ങളില്‍നിന്ന് ഉത്ഭവിച്ച് മനുഷ്യരിലേക്കെത്തുന്ന അണുബാധകള്‍ നൂറ്റാണ്ടുകളായി സംഭവിക്കുന്നു. എന്നാല്‍ ആഫ്രിക്കയില്‍ കൂട്ടത്തോടെയുള്ള അണുബാധകളുടെയും മരണങ്ങളുടെയും സാധ്യത താരതമ്യേന പരിമിതമായിരുന്നു. പരിമിതമായ ഗതാഗത അടിസ്ഥാനസൗകര്യം ഇക്കാര്യത്തില്‍ സ്വാഭാവിക തടസമായി പ്രവര്‍ത്തിച്ചു, ”ഡബ്ല്യു എച്ച് ഒയുടെ വിശകലന റിപ്പോര്‍ട്ടില്‍ ആഫ്രിക്കയിലെ റീജിയണല്‍ ഡയറക്ടര്‍ ഡോ. മത്ഷിഡിസോ മോയ്തി പറയുന്നു.
നഗരവല്‍ക്കരണത്തിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ദ്രുതഗതിയിലുള്ള വളര്‍ച്ചയും ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങള്‍ വെട്ടിത്തെളിച്ചതും ഏതാനും ദശകങ്ങളില്‍ ജീവജാലങ്ങളുമായുള്ള സമ്പര്‍ക്കം വര്‍ധിക്കാന്‍ കാരണമായി. മോശം ആരോഗ്യ സംവിധാനങ്ങളും കാരണമാണ്.
ഏഷ്യയുടെ കാര്യത്തില്‍ അതിന്റേതായ ചില ഘടകങ്ങളുണ്ട്. ഇടതൂര്‍ന്ന വനങ്ങളും ഭക്ഷണത്തിനും പരമ്പരാഗത ചികിത്സയ്ക്കുമായി വന്യജീവികളെ ഭക്ഷിക്കുന്ന സംസ്കാരവും ഇതിലൊന്നാണ്. ഒരുമിച്ച് സൂക്ഷിച്ചിരിക്കുന്ന വ്യത്യസ്ത ഇനം ജീവികളില്‍നിന്ന് പുറത്തെത്തിയതായിക്കാം സാസ്-കോവ്-2 വൈറസ് എന്നു കരുതുന്നതിനാല്‍ ജീവനുള്ള മൃഗങ്ങളെ ഒരുമിച്ച് സൂക്ഷിക്കുകയുംവില്പ്പനയ്ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ചന്തകളിലേക്കു പ്രത്യേക ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ഈ ഘടകങ്ങളില്‍ ചിലത് ഈ പ്രദേശങ്ങളുടെ കാര്യത്തില്‍ നേരത്തെ തന്നെയുള്ളതാണ്. എന്നാല്‍ ഏതാനും ദശകങ്ങളായി ആഗോളതലത്തില്‍ ആളുകള്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിലും യാത്രയിലുമുള്ള വര്‍ധനവ് രോഗങ്ങളുടെ കാര്യത്തില്‍ കാര്യമായ സംഭാവന നല്കുന്നു.
ആഗോള ആരോഗ്യ ഏജന്‍സികള്‍ക്കും വിദഗ്ധര്‍ക്കും മുന്നിലുള്ള വഴി എന്താണ്?
രോഗം പടരാനുള്ള കാരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഈ പ്രവണത കാലക്രമേണ വളരുമെന്നു തോന്നിയേക്കാം. ഇതുസംബന്ധിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ‘വണ്‍ ഹെല്‍ത്ത്’ സമീപനം ബോര്‍ഡിലുടനീളമുള്ള വിദഗ്ധര്‍ പരിഹാരമായി നിര്‍ദേശിക്കുന്നു.
കോവിഡ് മഹാമാരി പ്രകടമാക്കിയതുപോലെ മനുഷ്യന്റെ ആരോഗ്യം, പരിസ്ഥിതി ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഈ ആശയം അടിസ്ഥാനപരമായി പറയുന്നത്. ”ആവാസവ്യവസ്ഥയെ തടസപ്പെടുത്തുന്നതും ആവാസവ്യവസ്ഥയില്‍ കടന്നുകയറുന്നതും കാലാവസ്ഥാ വ്യതിയാനത്തെ കൂടുതല്‍ നയിക്കുന്നതുമായ മനുഷ്യ പ്രവര്‍ത്തനങ്ങളുടെ ആഘാതം പരിഗണിക്കാതെ നമുക്ക് മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയില്ല,”ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ് 2021-ല്‍ പറഞ്ഞു.