അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ പ്രവേശിച്ചത് ഈ ഞായറാഴ്ചയാണ്. സായുധ ഇസ്ലാമിസ്റ്റ് സംഘത്തെ പിടിച്ചുനിർത്താൻ പോരാടിയിരുന്ന സർക്കാർ സേനയെ പരാജയപ്പെടുത്തി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ നിരവധി പ്രദേശങ്ങൾ പിടിച്ചടിക്കിയ ശേഷമായിരുന്നു അവർ തലസ്ഥാനം കാബൂളും പിടിച്ചടക്കിയത്. താലിബാന്റെ ചരിത്രത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചില പ്രധാന വസ്തുതകൾ ഇതാ.
താലിബാന്റെ ചരിത്രം
പാഷ്തൂൺ ഭാഷയിൽ “വിദ്യാർത്ഥികൾ” എന്നർഥമുള്ള വാക്കാണ് ‘താലിബാൻ’. 1994 ൽ തെക്കൻ അഫ്ഗാൻ നഗരമായ കാണ്ഡഹാറിന് ചുറ്റുമുള്ള മേഖലകളിൽ ‘താലിബാൻ’ ഉയർന്നുവന്നു. സോവിയറ്റ് യൂണിയൻ പിൻവാങ്ങിയതോടെ രാജ്യത്തുണ്ടായ ഭരണകൂട തകർച്ചയെത്തുടർന്ന് രാജ്യത്തിന്റെ നിയന്ത്രണത്തിനായി ആഭ്യന്തരയുദ്ധം നടത്തുന്ന വിഭാഗങ്ങളിലൊന്നായിരുന്നു അത്.
1980 കളിൽ അമേരിക്കയുടെ പിന്തുണയോടെ സോവിയറ്റ് സൈന്യത്തെ പിന്തിരിപ്പിച്ച “മുജാഹിദ്ദീൻ” സംഘത്തിൽ നിന്നുള്ളവരായിരുന്നു ആദ്യകാലത്ത് താലിബാനിലെത്തിയത്.
രണ്ട് വർഷത്തിനുള്ളിൽ, താലിബാൻ രാജ്യത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കി, 1996 ൽ ഇസ്ലാമിക നിയമത്തിന്റെ കടുത്ത വ്യാഖ്യാനങ്ങൾ അധിഷ്ടിതമാക്കി അവർ ഒരു ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപിച്ചു. മറ്റ് മുജാഹിദ്ദീൻ ഗ്രൂപ്പുകൾ രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്ക് പിൻവാങ്ങുകയും ചെയ്തു.
Read More: അഗ്ഫാനിസ്ഥാൻ: കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി ദൃക്സാക്ഷികൾ
2001 സെപ്റ്റംബർ 11ന് യുഎസിൽ നടന്ന അൽഖയ്ദ ആക്രമണത്തെ തുടർന്ന് അതേ വർഷം നവംബറിൽ യുഎസ് പിന്തുണയുള്ള സൈന്യം അഫ്ഗാനിന്റെ വടക്കുഭാഗത്തു നിന്ന് കാബൂളിലേക്ക് നീങ്ങി. സേനയുടെ വ്യോമാക്രമണവും അന്ന് നടന്നു.
പീന്നീട് താലിബാൻ വിദൂര പ്രദേശങ്ങളിലേക്ക് നിങ്ങി. അവിടെ അഫ്ഗാൻ സർക്കാരിനും പാശ്ചാത്യ സഖ്യകക്ഷികൾക്കുമെതിരെ 20 വർഷം നീണ്ട കലാപം ആരംഭിച്ചു.
മുല്ല മുഹമ്മദ് ഒമർ ആയിരുന്നു താലിബാന്റെ സ്ഥാപകനും ആദ്യ നേതാവും. താലിബാനെ അട്ടിമറിച്ച ശേഷം മുല്ല മുഹമ്മദ് ഒമർ ഒളിവിൽ പോയിരുന്നു. 2013 ൽ മുല്ല മുഹമ്മദ് ഒമറിന്റെ മരണം സംഭവിച്ചെങ്കിലും രണ്ട് വർഷത്തിന് ശേഷം മാത്രമാണ് മകൻ അത് സ്ഥിരീകരിച്ചത്.
താലിബാന്റെ പ്രത്യയശാസ്ത്രം
അഞ്ചുവർഷത്തെ ഭരണകാലത്ത്, താലിബാൻ ശരീഅത്ത് നിയമത്തിന്റെ കർശനമായ പതിപ്പ് നടപ്പിലാക്കി. സ്ത്രീകൾ ജോലി ചെയ്യുന്നതും പഠിക്കുന്നതും അത് കാര്യമായി വിലക്കിയിരുന്നു. ഒരു പുരുഷ രക്ഷകർത്താവിനൊപ്പം അല്ലെങ്കിൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്നും താലിബാൻ ഭരണത്തിൽ നിബന്ധനയുണ്ടായിരുന്നു.
Read More: അഷ്റഫ് ഗനിയുടെ നീക്കം അപ്രതീക്ഷിതം, അഫ്ഗാനിസ്ഥാനില് യുദ്ധം അവസാനിച്ചു: താലിബാന് വക്താവ്
പരസ്യമായി വധശിക്ഷകളും ചാട്ടവാറടികളും സാധാരണമായിരുന്നു, പാശ്ചാത്യ സിനിമകളും പുസ്തകങ്ങളും നിരോധിച്ചു, ഇസ്ലാമിന് കീഴിൽ ദൈവനിന്ദയായി കാണപ്പെടുന്ന സാംസ്കാരിക കലാരൂപങ്ങൾ നശിപ്പിക്കപ്പെട്ടു.താലിബാൻ ഇതിനകം നിയന്ത്രിക്കുന്ന മേഖലകളിൽ ഈ ഭരണരീതി മടക്കിക്കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്നാണ് അവരെ എതിർക്കുന്നവരും പാശ്ചാത്യ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ എതിരാളികളും പാശ്ചാത്യ രാജ്യങ്ങളും ഉന്നയിക്കുന്ന ആ വാദം താലിബാൻ നിഷേധിക്കുന്നു.
സാംസ്കാരിക പാരമ്പര്യങ്ങൾക്കും മത നിയമങ്ങൾക്കും അനുസൃതമായി സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്ക് ഇടം നൽകിക്കൊണ്ട് അഫ്ഗാനിസ്ഥാനിൽ ഒരു “യഥാർത്ഥ ഇസ്ലാമിക സംവിധാനം” വേണമെന്ന് ഈ വർഷം ആദ്യം താലിബാൻ പറഞ്ഞിരുന്നു.
എന്നിരുന്നാലും, ചില മേഖലകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനെ താലിബാൻ ഇതിനകം വിലക്കാൻ ആരംഭിച്ചതായി സൂചനകളുമുണ്ട്.
താലിബാന്റെ അന്താരാഷ്ട്ര അംഗീകാരം
താലിബാൻ സർക്കാർ അധികാരത്തിലിരുന്നപ്പോൾ അയൽരാജ്യമായ പാക്കിസ്ഥാൻ ഉൾപ്പെടെ നാല് രാജ്യങ്ങൾ മാത്രമാണ് അവരെ അംഗീകരിച്ചത്. ഐക്യരാഷ്ട്രസഭയ്ക്കൊപ്പം മറ്റ് ഭൂരിഭാഗം രാജ്യങ്ങളും കാബൂളിന്റെ വടക്കുഭാഗത്തുള്ള പ്രവിശ്യകൾ കൈവശമുള്ള സർക്കാരിനെ ശരിയായ ഭരണകൂടമായി അംഗീകരിച്ചു.
Read More: അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്ട്ട്
അമേരിക്കയും ഐക്യരാഷ്ട്രസഭയും താലിബാനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. മിക്ക രാജ്യങ്ങളും ഈ സംഘത്തെ നയതന്ത്രപരമായി അംഗീകരിക്കുമെന്നതിന് സൂചനകൾ നൽകിയിട്ടുമില്ല.
താലിബാൻ അധികാരം പിടിച്ചെടുക്കുകയും അതിക്രമങ്ങൾ നടത്തുകയും ചെയ്താൽ ഈ മാസം ആദ്യം അഫ്ഗാനിസ്ഥാൻ ഒരു തെമ്മാടി രാഷ്ട്രമായി മാറുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ചൈന പോലുള്ള മറ്റ് രാജ്യങ്ങൾ താലിബാനെ നിയമാനുസൃതമായ ഭരണമായി അംഗീകരിക്കുമെന്ന് സൂചന നൽകാൻ തുടങ്ങിയിട്ടുണ്ട്.