അദാനി എന്റർപ്രൈസസ് 20,000 കോടി രൂപയുടെ ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ് പി ഒ) റദ്ദാക്കിയതായി അദാനി ഗ്രൂപ്പ്. ബുധനാഴ്ചയാണ് (ഫെബ്രുവരി 1) റെഗുലേറ്ററി ഫയലിംഗിൽ കമ്പനി വിവരം അറിയിച്ചത്. വിപണിയിലെ അസ്ഥിരത കണക്കിലെടുത്താണ് എഫ് പി ഒ പിൻവലിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.
നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഗ്രൂപ്പ് അറിയിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികൾ കൂടുതൽ പണം സമാഹരിക്കുന്നതിനായി വീണ്ടും ഓഹരികൾ അവതരിപ്പിക്കുന്ന പ്രക്രിയയാണ് എഫ് പി ഒ. നിലവിലുള്ള ഓഹരി ഉടമകൾക്കും പുതിയ നിക്ഷേപകർക്കും പുതിയ ഓഹരികൾ വാങ്ങാൻ സാധിക്കും.
അദാനി ഗ്രൂപ്പിെതിരെ ” നാണംകെട്ട സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും” ആരോപിച്ചുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഓഹരികൾ വിപണിയിൽ വൻ തകർച്ച നേരിടുകയാണ്. ഇതിനിടെ അപ്രതീക്ഷിതമായാണ് ഈ തീരുമാനമെത്തിയത്.
എന്നാൽ അദാനി എഫ് പി ഒ ഓവർ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടില്ലേ?
അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. ആദ്യ ദിവസങ്ങളിൽ എഫ്പിഒയ്ക്ക് തണുത്ത പ്രതികരണമായിരുന്നെങ്കിലും അവസാന ദിവസം അപേക്ഷ ഉയർന്നു. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിൽ ചൊവ്വാഴ്ച (ജനുവരി 31) കോർപ്പറേറ്റുകളും വിദേശ നിക്ഷേപകരും അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (എ ഇ എൽ) എഫ്‌പിഒയെ രക്ഷപ്പെടുത്തിയിരുന്നു.
എ ഇ എൽ ഷെയറിന്റെ വിപണി വില ഇഷ്യൂ വിലയേക്കാൾ താഴെയായിരുന്നിട്ടും, ക്വോളിഫ്ലെഡ് ഇൻസ്റ്റിറ്റ്യൂഷനൽ ബയേഴ്സ് (ക്യുഐബി), വിദേശ സ്ഥാപന നിക്ഷേപകരും (എഫ് ഐ ഐ) സ്ഥാപനേതര നിക്ഷേപകരും (എൻ ഐ ഐ) ഉൾപ്പെടെയുള്ളവരുടെ ശക്തമായ പ്രതികരണത്തെത്തുടർന്ന് ഇഷ്യുവിന്റെ അവസാന ദിവസം എഫ് പി ഒ 1.12 തവണ സബ്‌സ്‌ക്രൈബ് ചെയ്‌തിരുന്നു.
ക്യുഐബി ഭാഗം 1.26 തവണയും എൻഐഐകൾ 3.32 തവണയും വരിക്കാരായി. 5,438 കോടി രൂപയുടെ 1.66 കോടി ഓഹരികൾക്കായി കോർപ്പറേറ്റുകളും 4,127 കോടി രൂപയുടെ 1.24 കോടി ഓഹരികൾക്കായി എഫ് ഐ ഐകളും അപേക്ഷിച്ചു. റീടെയിൽ നിക്ഷേപകരും, അദാനിയുടെ തന്നെ ജീവനക്കാരും എഫ്പിഒയിൽ കാര്യമായി പങ്കെടുത്തിരുന്നില്ല. റീട്ടെയിൽ നിക്ഷേപകരുടെ ഭാഗം 0.12 മടങ്ങ് മാത്രമാണ് (12 ശതമാനം) സബ്‌സ്‌ക്രൈബ് ചെയ്‌തത്. 2.29 കോടി ഓഹരികളുടെ ക്വാട്ടയിൽ നിന്ന് നിക്ഷേപകർ 27.45 ലക്ഷം ഓഹരികൾക്ക് ലേലം വിളിച്ചത്. ജീവനക്കാരുടെ ക്വാട്ടയുടെ 55 ശതമാനത്തിന് മാത്രമാണ് ലേലം വിളി ലഭിച്ചത്.
അദാനി ഗ്രൂപ്പ് എഫ്പിഒ പിൻവലിച്ചു: എന്തുകൊണ്ട്, എന്താണ് സംഭവിച്ചത്?
അദാനി ഗ്രൂപ്പിന്റെ ഓഹരികളിലും കടപ്പത്രങ്ങളിലും ബുധനാഴ്ച വീണ്ടും തകർച്ച നേരിട്ടു. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 28 ശതമാനം ഇടിഞ്ഞു, അദാനി പോർട്ട്‌സ്, പ്രത്യേക സാമ്പത്തിക മേഖല എന്നിവയ്ക്ക് 19 ശതമാനം ഇടിവുണ്ടായി. ഇത് രണ്ട് ഓഹരികളുടെയും ഏറ്റവും മോശം ദിവസമാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച, അദാനി എന്റർപ്രൈസസിന്റെ ഓഹരി വില 34 ശതമാനത്തിലധികം ഇടിഞ്ഞ് കഴിഞ്ഞ ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2,975 രൂപയിൽ നിന്ന് 1,942 രൂപയിലെത്തി. സ്റ്റോക്ക് ഒടുവിൽ 28.45 ശതമാനം താഴ്ന്ന് 2,128.70 രൂപയിലെത്തി. ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചയോടെ, ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജി, അദാനി ഗ്രൂപ്പ് കമ്പനികളുടെ കടപത്രം തങ്ങളുടെ സ്വകാര്യ ബാങ്കിങ് ക്ലയന്റുകൾക്ക് മാർജിൻ ലോണുകൾക്കുള്ള ഈടായി സ്വീകരിക്കുന്നത് നിർത്തിയതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ഇലക്‌ട്രിസിറ്റി മുംബൈ ലിമിറ്റഡ് എന്നിവ വിറ്റ ബോണ്ടുകൾക്ക് (നോട്ടുകൾക്ക്) സ്വിസ് ലെൻഡേഴ്സ് സ്വകാര്യ ബാങ്കിങ് വിഭാഗം ലെൻഡിങ് മൂല്യം പൂജ്യമാക്കിയതായി പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
അദാനിയുടെ സാമ്പത്തിക കാര്യങ്ങളുടെ സൂക്ഷ്മപരിശോധന നടക്കുന്നുണ്ടെന്നാണ് ക്രെഡിറ്റ് സ്യൂസ് നടപടി സൂചിപ്പിക്കുന്നതെന്ന് ബ്ലൂംബെർഗ് പറഞ്ഞു. ഒരു സ്വകാര്യ ബാങ്ക് വായ്‌പയുടെ മൂല്യം പൂജ്യമായി വെട്ടിക്കുറയ്ക്കുമ്പോൾ, ഇടപാടുകാരൻ സാധാരണയായി പണമോ മറ്റു തരത്തിലുള്ള ഈടുകളോ ഉപയോഗിക്കേണ്ടി വരും. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, അവരുടെ സെക്യൂരിറ്റികൾ ലിക്വിഡേറ്റ് (പണമാക്കി ) ചെയ്യപ്പെടുമെന്ന് പ്പെടുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് വിശദീകരിച്ചു.
എഫ് പി ഒയിൽ അദാനി ഗ്രൂപ്പ് എന്താണ് പറഞ്ഞത്?
അഭൂതപൂർവമായ സാഹചര്യവും നിലവിലെ വിപണിയിലെ അസ്ഥിരതയും കണക്കിലെടുത്ത് കമ്പനി പൂർത്തിയാക്കിയ എഫ് പി ഒ ഇടപാട് പിൻവലിക്കുകയാണെന്ന് ഗ്രൂപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. എഫ് പി ഒയുടെ സബ്‌സ്‌ക്രിപ്‌ഷൻ ഇന്നലെ വിജയകരമായി അവസാനിച്ചുവെന്ന് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. “കഴിഞ്ഞ ആഴ്‌ചയിൽ സ്റ്റോക്കിൽ അസ്ഥിരത ഉണ്ടായിട്ടും, കമ്പനിയിലും അതിന്റെ ബിസിനസ്സിലും മാനേജ്‌മെന്റിലുമുള്ള നിങ്ങളുടെ വിശ്വാസം അങ്ങേയറ്റം ആശ്വാസകരമാണ്. നന്ദി.”
എന്നിരുന്നാലും, ഇന്ന് വിപണി അഭൂതപൂർവമാണ്, ഞങ്ങളുടെ ഓഹരി വില ഏറ്റക്കുറച്ചിലുകൾ നേരിട്ടു. ഈ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത്, മുന്നോട്ട് പോകുന്നത് ധാർമ്മികമായി ശരിയല്ലെന്ന് കമ്പനിയുടെ ബോർഡ് കരുതുന്നു. നിക്ഷേപകരുടെ താൽപ്പര്യം പരമപ്രധാനമാണ്, അതിനാൽ സംഭവിച്ചേക്കാവുന്ന സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ, എഫ് പി ഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചു.” ഗൗതം അദാനി പറഞ്ഞു.