നടിയും മോഡലുമായ ജിയാ ഖാൻ ആത്മഹത്യ ചെയ്ത കേസിൽ നടൻ സൂരജ് പാഞ്ചോളിയെ കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മുംബൈ സ്പെഷൽ സിബിഐ കോടതി കോടതി സൂരജ് പാഞ്ചോളിയെ വെറുതെ വിട്ടത്.
സൂരജിനെ കുറ്റവിമുക്തനാക്കിയതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിയയുടെ അമ്മ റാബിയ ഖാൻ പ്രതികരിച്ചു. “ആത്മഹത്യ പ്രേരണാ കുറ്റം നീക്കി. പക്ഷേ എന്റെ കുട്ടി എങ്ങനെയാണ് മരിച്ചത്? ഇതൊരു കൊലപാതകമാണ്. ഹൈക്കോടതിയെ സമീപിക്കുമെന്നും,” അവർ പറഞ്ഞു.
എന്താണ് കേസ്?
അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായ നിശബ്ദ എന്ന സിനിമയിലെ വേഷത്തിലൂടെ പ്രശസ്തയായ നടി ജിയ ഖാൻ 2013 ജൂൺ 3ന് ജുഹുവിലെ വീട്ടിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
നടി എഴുതിയ ആറ് പേജുള്ള കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 11 ന് നടൻ സൂരജ് പഞ്ചോളി അറസ്റ്റിലായത്. കുറിപ്പിൽ, ജിയ തന്റെ “കാമുകൻ” (കത്തിൽ പേര് പരാമർശിച്ചിട്ടില്ല)ന്റെ ഭാഗത്ത് നിന്നുണ്ടായ ട്രോമയെക്കുറിച്ച് എഴുതിയിരുന്നു. ജിയയുടെ മരണശേഷം, അവളുടെ അമ്മയും മറ്റ് ബന്ധുക്കളും സൂരജ് “ജിയയെ ബഹുമാനിച്ചിരുന്നില്ലെന്നും അശ്ലീലമായ ഭാഷ ഉപയോഗിക്കുകയും അവളെ തല്ലുകയും ചെയ്തു” എന്ന് ആരോപിച്ചു. ഈ ആരോപണങ്ങൾ സൂരജും പിതാവായ നടൻ ആദിത്യ പഞ്ചോളിയും തള്ളിക്കളഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 306 (ആത്മഹത്യ പ്രേരണ) പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തത്. 2019ൽ കേസിന്റെ വിചാരണ ആരംഭിച്ചു. ജിയയുടെ അമ്മ റാബിയയും സഹോദരിമാരും ഉൾപ്പെടെ 22 സാക്ഷികളെ പ്രോസിക്യൂഷൻ ഏജൻസിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വിസ്തരിച്ചു.
ജിയ ആത്മഹത്യ ചെയ്തതല്ലെന്നും സൂരജിന്റെ മേൽ കൊലപാതക കുറ്റം ചുമത്തണമെന്നും റാബിയ ആവശ്യപ്പെട്ടിരുന്നു. ഇതിനായി ബോംബെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അവർ ഒന്നിലധികം ഹർജികൾ സമർപ്പിച്ചിരുന്നു.
എന്താണ് ‘ആത്മഹത്യ പ്രേരണ’ കുറ്റം?
ഇന്ത്യൻ പീനൽ കോഡ്, 1860 പ്രകാരം ആത്മഹത്യാ പ്രേരണയെ ശിക്ഷാർഹമായ കുറ്റമാണ്. ഐപിസി സെക്ഷൻ 306 പ്രകാരം പത്തു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നു.
“ഏത് വ്യക്തി ആത്മഹത്യ ചെയ്യുകയാണെങ്കിലും, അത്തരം ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നവർക്ക് ഒന്നുകിൽ പത്ത് വർഷം വരെ തടവ് ശിക്ഷയ്ക്ക് വിധേയനാകും, കൂടാതെ പിഴയ്ക്ക് വിധേയരാകുകയും ചെയ്യും.” മരണപ്പെട്ടവരുടെ ബന്ധുക്കൾക്കാണ് പിഴതുക ലഭിക്കുന്നത്. ഐപിസിയിൽ പ്രേരണയെക്കുറിച്ച് ഒരു പ്രത്യേക അധ്യായം തന്നെ ഉണ്ട്.
പ്രേരണാ കുറ്റം ഗുരുതരമാണോ?
ആത്മഹത്യാ പ്രേരണ എന്നത് സെഷൻസ് കോടതിയിൽ വിചാരണ നേരിടാവുന്ന ഗുരുതരമായ കുറ്റമാണ്. അത് നോൺ കോമ്പൗണ്ടബിൾ, കോഗ്നിസബിൾ, ജാമ്യം ലഭിക്കാത്ത കുറ്റവുമാണ്.
ഒരു പൊലീസ് ഉദ്യോഗസ്ഥന് കോടതിയിൽ നിന്ന് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന കുറ്റമാണ് കോഗ്നിസബിൾ കുറ്റകൃത്യം. ജാമ്യമില്ലാ കുറ്റം എന്നാൽ കോടതിയുടെ വിവേചനാധികാരത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിക്കുന്നത്.
പരാതിക്കാരനും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും പരാതിക്കാരന് കേസ് പിൻവലിക്കാൻ കഴിയാത്തതാണ് നോൺ കോമ്പൗണ്ടബിൾ കുറ്റകൃത്യം. നോൺ കോമ്പൗണ്ടബിൾ കുറ്റം ഉൾപ്പെടുന്ന കേസ് പിൻവലിക്കാൻ കോടതിക്ക് അനുവദിക്കാനാവില്ല.
ആത്മഹത്യാ പ്രേരണ കൊലപാതകത്തിന് തുല്യമാണോ?
അല്ല. 1997ൽ ‘സംഗരബോനിയ ശ്രീനുവും സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശും’ എന്ന കേസിൽ സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഒരാളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുക എന്നതാണ് കുറ്റോരോപിതന്റെ ഉദ്ദേശ്യമെങ്കിലും, ആത്മഹത്യാ പ്രേരണ കൊലപാതകത്തിന് തുല്യമല്ല. രണ്ട് കേസുകളിലും, മറ്റൊരാളുടെ മരണത്തിന് കാരണമാകുക എന്നത് ഒരു ഘടകമാണെങ്കിലും രണ്ടും വ്യത്യസ്ത കുറ്റങ്ങളാണ്. കൊലപാതകത്തിന്റെ കാര്യത്തിൽ, അന്തിമ ‘കൃത്യം’ ചെയ്യുന്നത് കുറ്റാരോപിതനാണ്. എന്നാൽ ആത്മഹത്യയിൽ അത് അങ്ങനെ അല്ല.
ആത്മഹത്യയ്ക്ക് പ്രേരണ നൽകിയിട്ടുണ്ടോ എന്ന് കോടതി നിർണ്ണയിക്കുന്നതെങ്ങനെ?
ആത്മഹത്യാ പ്രേരണ കുറ്റത്തിന് രണ്ട് പ്രധാന ഘടകങ്ങളുണ്ട്. ആദ്യത്തേത് ആത്മഹത്യ. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന കുറ്റോരോപിതരുടെ ലക്ഷ്യമാണ് രണ്ടാമത്തെ ഘടകം.
നിയമപരമായി, മരണം ആത്മഹത്യയാണോ അല്ലയോ എന്നതിന് തെളിവുകൾ വിലയിരുത്തേണ്ടതുണ്ട്. ഒരു വ്യക്തി ചെയ്യാൻ പോകുന്നതിന്റെ അനന്തരഫലം അറിഞ്ഞിട്ടും അത് മനഃപൂർവ്വം ചെയ്യുന്നതാണ് ആത്മഹത്യയിൽ നടക്കുന്നത്. അങ്ങനെയൊരു തീരുമാനം എടുത്ത് കഴിഞ്ഞാൽ പ്രേരണ കുറ്റം ആരോപിക്കപ്പെട്ട ആളുടെ ഉദേശമാണ് പിന്നെ പരിശോധിക്കുന്നത്.
ഏഴ് വർഷമോ അതിൽ കുറവോ ആയ വിവാഹിതയായ സ്ത്രീയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകുന്നതാണ് മറ്റൊരു വിഭാഗം.
1983ൽ ക്രിമിനൽ നടപടിച്ചട്ടത്തിലെ ഭേദഗതിയിലൂടെ, വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനുള്ളിൽ ഭാര്യ ആത്മഹത്യ ചെയ്താൽ ഭർത്താവ് കുറ്റക്കാരനാണെന്ന് അനുമാനിക്കുന്ന രീതിയിൽ നിയമം വന്നു. സ്ത്രീധന മരണങ്ങൾ ആത്മഹത്യയായി തരംതിരിച്ചത് വർധിക്കുന്നത് തടയുന്നതിനാണ് ഭേദഗതി വരുത്തിയത്.
വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള ഉദ്ദേശ്യം എങ്ങനെയാണ് കോടതി നിർണ്ണയിക്കുന്നത്?
പ്രതിയുടെ പ്രവർത്തനങ്ങളിൽ നിന്നാണ് ഉദ്ദേശ്യം തിരിച്ചറിയുന്നത്. 2002ലെ ‘സഞ്ജയ് സിങ്ങും സ്റ്റേറ്റ് ഓഫ് മധ്യപ്രദേശും’കേസിലെ വിധി ഉൾപ്പെടെ സുപ്രീം കോടതിയുടെ ഒന്നിലധികം വിധികളിൽ, തിടുക്കത്തിൽ പറയുന്ന ഒരു അഭിപ്രായമോ പ്രസ്താവനയോ ആത്മഹത്യാ പ്രേരണയായി കണക്കാക്കില്ല.
ഉദാഹരണത്തിന് എ എന്ന വ്യക്തി ബി എന്ന വ്യക്തിയോട് “പോയി, മരിക്കൂ” എന്ന് പറയുകയും ബി തൂങ്ങി മരിക്കുകയും ചെയ്തു എന്ന കരുതുക. ഈ കേസിൽ എ എന്ന വ്യക്തിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാവില്ല. ഒന്നാമതായി, എ ആത്മഹത്യ ചെയ്യാൻ ബിയെ പ്രേരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, മാത്രമല്ല ദേഷ്യം കൊണ്ട് അങ്ങനെ പറയുക മാത്രമാണ് ചെയ്തത്. അത്തരമൊരു സാഹചര്യത്തിൽ, ബിയോടുള്ള എ എന്ന വ്യക്തിയുടെ പൊതുവായ പെരുമാറ്റം കോടതി പരിശോധിക്കുകയും ഉദ്ദേശ്യം നിർണ്ണയിക്കുകയും ചെയ്യും.
വിവാഹശേഷം ഭാര്യയെ തുടർച്ചയായി ശാരീരിക പീഡനത്തിന് വിധേയയാക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്താൽ ഭർത്താവും കുടുംബവും കുറ്റത്തിന് ഉത്തരവാദികളാകും.കൂടാതെ, മരിച്ചയാൾ വളരെ സെൻസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ, ആത്മഹത്യാ പ്രേരണാ കുറ്റം ദുർബലമാകുമെന്ന് കോടതി പറഞ്ഞു.