scorecardresearch

Latest News

ആരാണ് ഹൂതികള്‍, അവര്‍ എന്തിനാണ് അബുദാബിയിൽ ആക്രമണം നടത്തിയത്?

യെമനിലെ ഭൂരിപക്ഷ വിഭാഗമായ ഷിയ അംഗമായ ഹുസൈന്‍ ബദ്രിദ്ദീന്‍ അല്‍-ഹൂത്തി 1990-കളിലാണു ഹൂതി പ്രസ്ഥാനം സ്ഥാപിച്ചത്

Abu Dhabi, Abu Dhabi drone attack, Abu Dhabi drone attack Houthi, UAE drone attack Houthi Abu Dhabi airport, Houthi rebel, Houthi rebels, Saudi Arabia, UAE drone attack, Houthis, Abu Dhabi fire, Indians killed in Abu Dhabi drone attack, Abu Dhabi National Oil Company, Yemen, UAE, Saudi coalition, India, Pakistan, Dubai, latest news, gulf news, malayalam news, latest malayalam news, indian express malayalam,ie malayalam

യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ തിങ്കളാഴ്ച നടന്ന ഡ്രോണ്‍ ആക്രമണമെന്നു കരുതുന്ന സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ പൗരനും മരിച്ചിരുന്നു. മൂന്ന് പെട്രോളിയം ടാങ്കറുകള്‍ക്കു നേരെയായിരുന്നു ആക്രമണം. വിമാനത്താവള നിര്‍മാണമേഖലയിലും സ്‌ഫോടനം നടന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘യമനിനെതിരായ ആക്രമണം തുടരുന്നിടത്തോളം യുഎഇ സുരക്ഷിതമല്ലാത്ത രാജ്യമാണ്’ എന്നാണ് ഹൂതി വിമതരുടെ മുന്നറിയിപ്പ്.

അറബ് ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ യെമന്‍ ഏഴു വര്‍ഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്നിരിക്കുകയാണ്്. ഹൂതികള്‍ തലസ്ഥാനമായ സന പിടിച്ചെടുത്തതിനുശേഷം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈന്യം ഇടപെട്ട് ഇറാന്റെ സ്വാധീനം അവസാനിപ്പിക്കാനും മുന്‍ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ട് വിമതര്‍ക്കെതിരെ നീക്കം നടത്തി. 2015ല്‍ യുഎഇ സൗദി നടപടിയില്‍ ഭാഗമാകുകയും സംഘര്‍ഷത്തില്‍ ആഴത്തില്‍ ഇടപെടുകയും ചെയ്ത യുഎഇ 2019ലും 2020ലും സേനയെ ഔപചാരികമായി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ചത്തെ ഡ്രോണ്‍ ആക്രമണം ഹൂതികളുടെ തന്ത്രത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു. അവര്‍ ഇതുവരെ തങ്ങളുടെ തോക്കുകളും മിസൈലുകളും സൗദി അറേബ്യയിലേക്കാണ് കൂടുതല്‍ പ്രയോഗിച്ചത്്. 2018ലായിരുന്നു യുഎഇയില്‍ ഹൂതികള്‍ അവസാനമായി ആക്രമണം നടത്തിയത്.

ആരാണ് ഹൂതികള്‍?

യെമനിലെ ഭൂരിപക്ഷ വിഭാഗമായ ഷിയ അംഗമായ ഹുസൈന്‍ ബദ്രിദ്ദീന്‍ അല്‍-ഹൂത്തി 1990-കളിലാണു ഹൂതി പ്രസ്ഥാനം സ്ഥാപിച്ചത്. ‘ദൈവം മഹാനാണ്, അമേരിക്കയ്ക്കു മരണം, ഇസ്രായേലിനു മരണം, ജൂതന്മാര്‍ക്കു ദൈവശിക്ഷ, ഇസ്ലാമിനു വിജയം,’ എന്നതാണു മുദ്രവാക്യം. 2004-ല്‍ യെമന്‍ സൈന്യം ഹുസൈനെ വധിച്ചശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുള്‍ മാലിക് പ്രസ്ഥാനത്തിന്റെ ചുമതലയേറ്റെടുത്തു.

Also Read: വ്യത്യസ്തമായ പാറ്റേണ്‍, മികച്ച തുണി; കരസേനയ്ക്ക് ഇനി പുതിയ യൂണിഫോം

ഒരിക്കല്‍ ശക്തരായിരുന്ന സെയ്ദികള്‍ 1962-70 കാലഘട്ടത്തിലെ ആഭ്യന്തരയുദ്ധത്തിനുശേഷം ഒതുക്കപ്പെട്ടു. അയല്‍രാജ്യമായ സൗദി അറേബ്യയില്‍ സുന്നി ആദര്‍ശങ്ങള്‍ക്കു കൂടുതല്‍ പ്രാമുഖ്യം വന്ന 1980 മുതല്‍ അവര്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെട്ടു. അക്കാലത്ത്, തങ്ങളുടെ ദീര്‍ഘകാല സ്വേച്ഛാധിപത്യ പ്രസിഡന്റും സൗദി സഖ്യകക്ഷിയുമായ അലി അബ്ദുല്ല സാലിഹില്‍ അസന്തുഷ്ടരായ നിരവധി ഷിയ യെമനികള്‍ സൗദിക്കെതിരെ പോരാടുന്ന സൗദി തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്നു.

ഒടുവില്‍ നിരവധി പ്രതിഷേധങ്ങള്‍ക്കും കൊലപാതകശ്രമങ്ങളും നേരിട്ട ശേഷം, 2012-ല്‍ സാലിഹ് പദവിയില്‍നിന്ന് പടിയിറങ്ങി. 2014-ല്‍ ഹൂതികള്‍ സാലിഹുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിക്കുകയും സന പിടിച്ചെടുക്കുകയും അന്നത്തെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ ഭരണത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. സാലിഹ്, സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യവുമായി സഖ്യമുണ്ടാക്കാനും കക്ഷി മാറാനും പോകുന്നുവെന്നു മനസിലാക്കിയ ഹൂതികള്‍ 2017 ഡിസംബറില്‍ അദ്ദേഹത്തെ വധിച്ചു.

അഴിമതി, വ്യാപകമായ പട്ടിണി, തൊഴിലില്ലായ്മ, ജിഹാദി ആക്രമണങ്ങള്‍, തെക്കന്‍ മേഖലയില്‍ വളര്‍ന്നുവരുന്ന വിഘടനവാദ പ്രസ്ഥാനം എന്നിവ രൂക്ഷമായ രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ പ്രസിഡന്റെന്ന നിലയിലുള്ള തന്റെ ഹ്രസ്വകാല ജീവിതത്തില്‍ ഹാദിക്കു കഴിഞ്ഞിരുന്നില്ല. ഇന്നും ഹൂതികളുടെ നിയന്ത്രണത്തില്‍ തുടരുന്ന വടക്കന്‍ യെമന്റെ ഭൂരിഭാഗവും റാഞ്ചിയെടുക്കാന്‍ അവരെ അനുവദിച്ചത് ഹാദിയുടെ ബലഹീനതയാണ്.

സൗദി അറേബ്യ ഇടപെട്ടത് എങ്ങനെ?

ഹൂതികളുടെ വളര്‍ച്ച അറബ് രാജ്യങ്ങളില്‍, പ്രത്യേകിച്ച് സൗദി അറേബ്യയില്‍ ആശങ്ക സൃഷ്ടിച്ചു. വിമത ഗ്രൂപ്പിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവയുടെ പിന്തുണയുള്ള സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം യെമനില്‍ വ്യോമാക്രമണം ആരംഭിച്ചു. ഏതാനും ആഴ്ചകള്‍ മാത്രം എടുക്കുമെന്ന് സഖ്യം കരുതിയ സൈനിക നടപടി ഏഴു വര്‍ഷത്തോളം നീണ്ടു. അതൊരു സമ്പൂര്‍ണ ആഭ്യന്തരയുദ്ധമായി വളര്‍ന്നു.

Also Read: കാറുകളിൽ ആറ് എയർബാഗ് നിർബന്ധമായേക്കും- നിർദേശങ്ങൾ ഇങ്ങനെ

ഹൂതികളെ യെമന്റെ തെക്കു ഭാഗത്തുനിന്ന് തുരത്താന്‍ സഖ്യസേനയ്ക്ക് കഴിഞ്ഞെങ്കിലും വടക്കു-പടിഞ്ഞാറന്‍ മേഖലകളില്‍നിന്ന് അവരെ നിഷ്‌കാസനം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ലോകത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധികളിലൊന്നായി പരക്കെ കണക്കാക്കപ്പെടുന്ന ഈ പ്രക്രിയയില്‍ പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. എണ്ണിയാലൊടുങ്ങാത്ത യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായും സാധാരണക്കാരെ ലക്ഷ്യം വച്ചതായും ഇരുപക്ഷത്തിനുമേലും ആരോപണമുയര്‍ന്നു.

ഇതിനു പ്രതികാരമായി, സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങള്‍ ഹൂതികള്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം, വടക്കന്‍ യെമനില്‍ സര്‍ക്കാരിന്റെ അവശേഷിക്കുന്ന ഏക ശക്തികേന്ദ്രവും വിശാലമായ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ മാരിബ് പ്രവിശ്യ പിടിച്ചെടുക്കാന്‍ ഇരുപക്ഷവും കടുത്ത യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

എങ്ങനെയായിരുന്നു യുഎഇ ഇടപെടല്‍?

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ 2015 മാര്‍ച്ച് മുതല്‍ യുഎഇ അംഗമാണ്. എന്നാല്‍ വിഘടനവാദി സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്ടിസി), സാലിഹിന്റെ അനന്തരവന്‍ നയിക്കുന്ന സംയുക്ത സേന എന്നിവ പോലുള്ള യുഎഇ പിന്തുണയുള്ള സേനകള്‍ സൗദിയുടെ കാര്യത്തിലെന്ന പോലെ ഹൂതികളുടെ രോഷത്തിന്റെ ആഘാതം ശരിക്കും അനുഭവിച്ചിട്ടില്ല.

യുഎന്‍ നേതൃത്വത്തിലുള്ള സമാധാന പ്രക്രിയയുടെ ഭാഗമായി, തുറമുഖ നഗരമായ ഹൊദൈദയില്‍നിന്ന് ‘തന്ത്രപരമായ പുനര്‍വിന്യാസം’ പ്രഖ്യാപിച്ചുകൊണ്ട് യെമനില്‍നിന്ന് പതുക്കെ പിന്മാറുകയാണെന്ന് യുഎഇ 2019ല്‍ പ്രഖ്യാപിച്ചു.

എങ്കിലും സമീപ ആഴ്ചകളില്‍, യുഎഇ പിന്തുണയുള്ള തെക്കന്‍ യെമനി ജയന്റ്‌സ് ബ്രിഗേഡുകള്‍ എണ്ണസമ്പന്നമായ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഷാബ്വയില്‍ കടുത്ത ആക്രമണം നടത്തി മാരിബിലേക്കു മുന്നേറി. ഈ മാസമാദ്യം, യെമന്‍ തീരത്തുനിന്ന് ‘തീവ്രവാദികള്‍ക്കുള്ള ആയുധങ്ങള്‍’ വഹിച്ച യുഎഇ കപ്പലായ റവാബി പിടിച്ചെടുത്തതായി ഹൂതികള്‍ അവകാശപ്പെട്ടു. യുഎഇ ഈ ആരോപണം നിഷേധിച്ചിരുന്നു.

Also Read: ഒമിക്രോണ്‍: അറിയാം ഹോം കെയര്‍ മാനേജ്‌മെന്റ് കാര്യങ്ങള്‍

അടുത്തിടെയുണ്ടായ ആക്രമണം മുന്നറിയിപ്പാണെന്ന് സനയിലെ ഹൂതികളുടെ സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ ഉപദേശകന്‍ അബ്ദുല്‍ ഇലാ ഹജര്‍ പറഞ്ഞിരിക്കുന്നത്. ”തന്ത്രപരമായ അത്ര പ്രാധാന്യമില്ലാത്ത സ്ഥലങ്ങളില്‍ ആക്രമണം നടത്തി ഞങ്ങള്‍ അവര്‍ക്കു വ്യക്തമായ മുന്നറിയിപ്പ് സന്ദേശം നല്‍കി,” അദ്ദേഹം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

യുഎഇയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഇതിനു മുന്‍പ് ഏറ്റെടുത്തത് 2018-ലായിരുന്നു. യഎഇ പിന്തുണയുള്ള സേന ചെങ്കടല്‍ തീരത്ത് മുന്നേറ്റം നടത്തുകയും യുഎന്‍ ഇടപെടലിനു മുന്‍പ് ഹുദൈദ ഏതാണ്ട് പിടിച്ചെടുക്കുകയും ചെയ്തപ്പോഴായിരുന്നു അത്.

തിങ്കളാഴ്ചത്തെ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന്, വിമതരുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സന ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി സൗദി സഖ്യസേന അറിയിച്ചു. ”ഭീഷണിയ്ക്കും സൈനിക അനിവാര്യതയ്ക്കും മറുപടിയായി, സനയില്‍ വ്യോമാക്രമണം ആരംഭിച്ചു,” സൗദി ഔദ്യോഗിക പ്രസ് ഏജന്‍സി ട്വിറ്ററില്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Abu dhabi drone attack houthis who are the houthis