പശ്ചിമ ബംഗാളിൽ കോൺഗ്രസ്സും സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും മുസ്ലീം പണ്ഡിതൻ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും (ഐഎസ്എഫും) ചേർന്നുള്ള സഖ്യത്തിന്റെ ശക്തിപ്രകടനമായി മാറിയ റാലി കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്നത് ഫെബ്രുവരി 28 നാണ്. “സംയുക്ത് മോർച്ച” എന്ന, ഈ കക്ഷികൾ ചേർന്ന മുന്നണിയുടെ പ്രഖ്യാപനവും അന്ന് നടന്നു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് ഈ നീക്കം വഴിയൊരുക്കി. സംസ്ഥാനത്തെ പ്രതിപക്ഷ വോട്ടുകൾ വിഭജിക്കപ്പെടാനും ഭരണകക്ഷി തൃണമൂൽ കോൺഗ്രസിന് നേട്ടമുണ്ടാകാനും ഈ നീക്കം സഹായകമകാം.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 13 ശതമാനം വോട്ടും രണ്ട് സീറ്റും മാത്രം നേടിയ കോൺഗ്രസ്-ഇടതു സഖ്യത്തിന് പുതിയ മുന്നണിയിലൂടെ സ്ഥിതി മെച്ചപ്പെടുത്താനാവും എന്നാണ് കരുതുന്നത്. ഐഎസ്എഫിന്റെ പിന്തുണയോടെ, നഷ്ടപ്പെട്ട വോട്ടുകളിൽ ചിലത് തിരിച്ചുപിടിക്കാൻ കഴിയുമെന്ന് പാർട്ടികൾ പ്രതീക്ഷിക്കുന്നു.
Read More: ഇടത് പക്ഷ-കോൺഗ്രസ്-ഐഎസ്എഫ് സംയുക്ത റാലിക്ക് ശേഷം; പശ്ചിമ ബംഗാളിലെ പുതിയ മുന്നണി അർത്ഥമാക്കുന്നത്
ഐഎസ്എഫുമായി കൈകോർക്കുന്നതിലൂടെ, ഇടതുപക്ഷം മുസ്ലിം സമുദായത്തിന്റെ ആത്മവിശ്വാസവും പിന്തുണയും നേടാൻ ശ്രമിക്കുന്നു. അത് പാർട്ടിയെ ശക്തിപ്പെടുത്തുകയും കൂടുതൽ സീറ്റുകൾ നേടാൻ സഹായിക്കുകയും ചെയ്യും. ബംഗാളിൽ മുസ്ലിംകൾ ഇതുവരെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയാണ് കൂടുതലായി പിന്തുണച്ചത്. പ്രധാനമായും മുഖ്യമന്ത്രി മമത ബാനർജി സമുദായത്തിന്റെ ഉന്നമനത്തിനായി സ്വീകരിച്ച നടപടികളാണ് അതിന് കാരണം.
എന്നിരുന്നാലും, സമുദായത്തിലെ ഒരു വിഭാഗം ടിഎംസി തങ്ങളെ ഒരു വോട്ട് ബാങ്കായി കണക്കാക്കുകയാണെന്ന് കരുതുകയും ഭരണകക്ഷിയോട് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. ഈ വികാരമുള്ളവരുടെ വോട്ട് അടക്കം നേടി മുന്നോട്ട് പോവാൻ ഐഎസ്എഫ്-ഇടത്-കോൺഗ്രസ് സഖ്യം ശ്രമിക്കും. ഐഎസ്എഫ് ഇടതുമുന്നണിയുമായി ബന്ധം സ്ഥാപിച്ചത് ഈ ലക്ഷ്യം കൈവരിക്കാൻ സഹായകമാവുമെന്ന് കരുതപ്പെടുന്നു. ബംഗാളിലെ 34 വർഷത്തെ ഭരണകാലത്ത് ഇടതുപക്ഷത്തിന് സംസ്ഥാനത്തെ മുസ്ലീം സമുദായത്തിന്റെ പിന്തുണയുണ്ടായിരുന്നു.
മുർഷിദാബാദ്, മാൽഡ, വടക്കൻ ദിനാജ്പൂർ ജില്ലകളിലെ കോൺഗ്രസിന് മുസ്ലീങ്ങളുടെ പിന്തുണയുണ്ടെങ്കിലും, സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ സമുദായത്തിന്റെ വോട്ട് നേടാൻ പാർട്ടിക്ക് കഴിയാറില്ല. ഐഎസ്എഫിന്റെ പിന്തുണയോടെ അത് മാറ്റാമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഐഎസ്എഫ് കണ്ണുവയ്ക്കുന്ന ചില സീറ്റുകൾ ഉപേക്ഷിക്കാൻ കോൺഗ്രസ് തയ്യാറാകാത്തതിനാൽ, ഭാവിയിൽ ഇരു പാർട്ടികളും തമ്മിൽ ഭിന്നതകൾക്ക് സാധ്യതയുണ്ട്.