ഗുജറാത്തിൽ ചരിത്ര വിജയമാണ് ബിജെപി നേടിയത്. കോൺഗ്രസാകട്ടെ വൻ പരാജയവും. 5 സീറ്റ് മാത്രമാണ് നേടിയതെങ്കിലും ആംആദ്മി പാർട്ടിയും നേട്ടം കൊയ്തിരിക്കുകയാണ്. ഗുജറാത്തിൽ സീറ്റ് നേടിയതും വോട്ട് വിഹിതം കൂടിയതും ആംആദ്മിയെ ദേശീയ പാർട്ടിയാക്കി മാറ്റിയിരിക്കുന്നു.
” ഡൽഹിക്കും പഞ്ചാബിനും ശേഷം ഗോവയിലും ആം ആദ്മി സംസ്ഥാന പാർട്ടിയായിരിക്കുന്നു. ഒരു സംസ്ഥാനത്ത് കൂടി ഈ പദവി ലഭിച്ചാൽ ഔദ്യോഗികമായി ദേശീയ പാർട്ടി പദവിയിലെത്തും,’’ ഫെബ്രുവരിയില്‍ ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ ആറു ശതമാനത്തിലേറെ വോട്ട് നേടിയ ശേഷം അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററില്‍ പറഞ്ഞത് ഇങ്ങനെയാണ്.
10 വര്‍ഷത്തെ മാത്രം പാരമ്പര്യമുള്ള എഎപി വലിയ നേട്ടമാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. എഎപി ദേശീയ പാര്‍ട്ടിയായിരിക്കുന്നുവെന്നും അതിൽ പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ചും കേജ്‌രിവാള്‍ ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തു. 13 ശതമാനം വോട്ട് നേടാനായെന്നും കേജ്‌രിവാള്‍ പറഞ്ഞു.
എന്താണ് ദേശീയ പാർട്ടി?
ഒരു സംസ്ഥാനത്തോ പ്രദേശത്തോ മാത്രമായി പരിമിതപ്പെട്ടിരിക്കുന്ന പ്രാദേശിക പാർട്ടിക്ക് വിരുദ്ധമായി, ദേശീയ പാർട്ടി ‘ദേശീയമായി’ സാന്നിധ്യം അറിയിക്കുന്ന ഒന്നായിരിക്കണം. ദേശീയ പാർട്ടികളിൽ കോൺഗ്രസും ബിജെപിയും ഇന്ത്യയിലെ വലിയ പാർട്ടികളാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടികളെപ്പോലെ ചെറു പാർട്ടികളും ദേശീയ പാർട്ടികളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഡിഎംകെ, ഒഡിഷയിലെ ബിജെഡി, ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപി, ബിഹാറിലെ ആർജെഡി, തെലങ്കാനയിലെ ടിആർഎസ് എന്നീ പാർട്ടികൾ സംസ്ഥാനങ്ങളിൽ പ്രബലമായിട്ടും പ്രാദേശിക പാർട്ടികളായി തുടരുന്നു.
എങ്ങനെയാണ് ഒരു ദേശീയ പാർട്ടിയെ നിർവചിക്കുന്നത്?
ഒരു പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കുന്നതിനുള്ള സാങ്കേതിക മാനദണ്ഡം തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾക്കനുസരിച്ച്, ഒരു പാർട്ടിക്ക് കാലാകാലങ്ങളിൽ ദേശീയ പാർട്ടി പദവി ലഭിക്കുകയോ നഷ്ടപ്പെടുകയോ ചെയ്യാം.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും എന്ന 2019ലെ കൈപ്പുസ്തകം അനുസരിച്ച്, ഒരു രാഷ്ട്രീയ പാർട്ടിയെ ദേശീയ പാർട്ടിയായി പരിഗണിക്കാൻ വേണ്ട മാനദണ്ഡങ്ങൾ ഇവയാണ്:
- നാലോ അതിലധികമോ സംസ്ഥാനങ്ങളിലോ സംസ്ഥാന പാർട്ടി എന്ന അംഗീകാരം.
- നാലോ അതിലധികമോ സംസ്ഥാനങ്ങളിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ ആറ് ശതമാനം വോട്ട് വിഹിതവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 4 എംപിമാരും.
- മൂന്നു സംസ്ഥാനങ്ങളിൽ നിന്നെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലോക്‌സഭയിലെ മൊത്തം സീറ്റിന്റെ രണ്ടു ശതമാനം വോട്ട് വിഹിതം
ഒരു സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടാൻ ?
- കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് ആറ് ശതമാനം വോട്ട് വിഹിതം, കുറഞ്ഞത് രണ്ട് എംഎൽഎമാർ, അല്ലെങ്കിൽ ആ സംസ്ഥാനത്തുനിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ് ശതമാനം വോട്ട് വിഹിതവും ആ സംസ്ഥാനത്തുനിന്ന് ഒരു എംപിയും
- നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തം സീറ്റുകളുടെ മൂന്നു ശതമാനം അല്ലെങ്കിൽ മൂന്ന് സീറ്റുകൾ
- ഓരോ 25 അംഗങ്ങൾക്കും കുറഞ്ഞത് ഒരു എംപി
- കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ സംസ്ഥാനത്തുനിന്നുള്ള മൊത്തം സാധുതയുള്ള വോട്ടിന്റെ എട്ട് ശതമാനം എങ്കിലും ഉണ്ടായിരിക്കണം.
എഎപി ദേശീയ പാർട്ടി?
ഡൽഹിയിലും പഞ്ചാബിലും വലിയ ഭൂരിപക്ഷത്തോടെ, വളരെ വലിയ വോട്ട് വിഹിതത്തോടെയാണ് എഎപി അധികാരത്തിലുള്ളത്. മാർച്ചിൽ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 6.77 ശതമാനം വോട്ടും ലഭിച്ചു. ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ മൂന്നു സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാന പാർട്ടിയായി അംഗീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാർട്ടി നിറവേറ്റി.
നാലാമത്തെ സംസ്ഥാനമായി അംഗീകരിക്കപ്പെടുന്നതിന് ഹിമാചലിലെയോ ഗുജറാത്തിലെയോ തിരഞ്ഞെടുപ്പുകളിൽ ആറു ശതമാനം വോട്ട് ആവശ്യമാണ്. അത് എഎപിയെ ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടുന്നതിന് യോഗ്യമാക്കും.
എഎപിക്ക് ഹിമാചലിൽ ഒരു ശതമാനം വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ. എന്നാൽ ഗുജറാത്തിൽ ലഭിച്ച 13 ശതമാനം, സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടുത്തിന് ആവശ്യമായതിന്റെ ഇരട്ടിലധികം വരും. അതോടെ നാല് സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെടുന്ന പാർട്ടിയായി.
മറ്റ് ദേശീയ പാർട്ടികൾ ഏതൊക്കെയാണ്?
ബി ജെ പി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി പി ഐ(എം), സി പിഐ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി), ബഹുജൻ സമാജ് പാർട്ടി (ബി എസ് പി), കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻ പി പി) എന്നിങ്ങനെ എട്ട് പാർട്ടികളെ ദേശീയ പാർട്ടികളായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടുണ്ട്. എൻപിപിയ്ക്ക് 2019ലാണ് അംഗീകാരം ലഭിച്ചത്.