മങ്കിപോക്സ് ബാധിച്ച് രാജ്യത്തെ ആദ്യ മരണം കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസം മുൻപ് യുഎഇയിൽനിന്നും കേരളത്തിൽ എത്തിയ തൃശൂർ സ്വദേശിയായ യുവാവാണ് ശനിയാഴ്ച (ജൂലൈ 30) മരിച്ചത്. യുവാവിന് രോഗം വിദേശത്ത് വച്ച് സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.
കേരളത്തിൽ നേരത്തെ സ്ഥിരീകരിച്ച മൂന്നു കേസുകളിൽനിന്നും വ്യത്യസ്തമാണ് പുതിയ കേസ്. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുപേരിൽ ഒരാൾ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ആയിരുന്നു. മറ്റു രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഡൽഹിയിലും മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ കേസ് വ്യത്യസ്തമാണ്, കാരണം രോഗി വിദേശയാത്ര നടത്തിയിട്ടില്ല. അതേസമയം, കേരളത്തിൽ റിപ്പോർട്ട് ചെയ്ത എല്ലാ കേസുകളിലെയും രോഗികൾ വിദേശത്തുനിന്നു വന്നവരാണ്.
കേരളത്തിൽ മരിച്ച രോഗി ആരാണ്?
തൃശൂരിലെ പുന്നിയൂർ സ്വദേശിയായ ഇരുപത്തി രണ്ടുകാരനാണ് യുഎഇയിൽനിന്നും തിരിച്ചെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ മങ്കിപോക്സിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇയാളുടെ സാമ്പിൾ ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
യുവാവിന് വിദേശത്തുവച്ചുതന്നെ രോഗം സ്ഥിരീകരിച്ചിരുന്നതായും, എന്നാൽ ഈ വിവരം കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബാംഗങ്ങൾ ആശുപത്രി അധികൃതരെ അറിയിച്ചതെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ജൂലൈ 22 ന് നാട്ടിലെത്തിയ യുവാവ് പനിയെ തുടർന്ന് ജൂലൈ 26 ന് ആശുപത്രിയിൽ പോയതായി ആരോഗ്യ വകുപ്പിലെ വൃത്തങ്ങൾ പറഞ്ഞു. അവിടെനിന്നും യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി, തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പിന്നാലെ, ശനിയാഴ്ച യുവാവ് മരിച്ചു.
മങ്കിപോക്സ് ഒരു “കൊലയാളി” രോഗമാണെന്നാണോ ഇതിനർത്ഥം?
അല്ല, അങ്ങനെ അർത്ഥമില്ല. മരിച്ചയാൾ മങ്കിപോക്സ് ബാധിച്ച് മരിച്ചുവെന്നതിനാൽ വൈറസ് ബാധിച്ച് കൊല്ലപ്പെട്ടുവെന്ന് അർത്ഥമാക്കുന്നില്ല. മരണത്തിന് മറ്റ് കാരണങ്ങളുണ്ടാകാം, വിദഗ്ധർ വിശദമായി വിശകലനം ചെയ്തതിനുശേഷം മാത്രമേ ഇത് സ്ഥാപിക്കാൻ കഴിയൂ.
മങ്കിപോക്സ് മരണനിരക്ക് വളരെ കുറവായതിനാൽ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പരിശോധനയിൽ പോസിറ്റീവ് ആയിട്ടും, രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും ജോർജ് പറഞ്ഞു. ”യുവാവിന് മങ്കിപോക്സിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മസ്തിഷ്ക ജ്വരത്തിന്റെയും ക്ഷീണത്തിന്റെയും ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ ബന്ധുക്കൾ പരിശോധനാ ഫലം (യുഎഇയിൽ നടത്തിയ പരിശോധനയുടെ) ശനിയാഴ്ച മാത്രമാണ് കൈമാറിയത്,” ആരോഗ്യ മന്ത്രി പറഞ്ഞു.
മങ്കിപോക്സ് ബാധിച്ച് ഇതുവരെ എത്രപേർ മരിച്ചു?
കഴിഞ്ഞ മേയിൽ ആഗോളതലത്തിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തതു മുതൽ 78 രാജ്യങ്ങളിലായി 20,000 ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണങ്ങളിൽ ഭൂരിഭാഗവും ആഫ്രിക്കയിലാണ്, അവിടെ വർഷങ്ങളായി മങ്കിപോക്സ് പൊട്ടിപ്പുറപ്പെടുന്നു, കൂടാതെ വൈറസ് കൂടുതൽ പ്രചരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. 75 ലധികം പേർ ആഫ്രിക്കയിൽ മങ്കിപോക്സ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആഫ്രിക്കയ്‌ക്ക് പുറത്ത്, കേരളത്തിലെ മരണത്തെ കണക്കാക്കാതെ മൂന്ന് മരണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് മങ്കിപോക്സ് ബാധിച്ച് ആദ്യത്തെ മരണം വെള്ളിയാഴ്ച (ജൂലൈ 29) ബ്രസീലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച തന്നെ, സ്പെയിനിലെ വലൻസിയ മേഖലയിൽ ഒരു മരണവും ശനിയാഴ്ച, രാജ്യത്തെ അൻഡലൂസിയ മേഖലയിൽ ഒരു രോഗിയും മരിച്ചു. സ്പെയിനിലെ രണ്ട് മരണങ്ങൾ യൂറോപ്പിലെ ആദ്യത്തെ മങ്കിപോക്സുമായി ബന്ധപ്പെട്ട മരണമാണ്.
ബ്രസീലിൽ മരിച്ചത് 41 വയസ്സുള്ള ഒരു വ്യക്തിയാണെന്നത് ശ്രദ്ധിക്കേണ്ടതാണ്, അയാൾക്ക് ലിംഫോമയും ദുർബലമായ രോഗപ്രതിരോധ ശേഷിയും ഉണ്ടായിരുന്നു. സ്പെയിനിലെ രണ്ട് രോഗികളും അവരുടെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിൽ തലച്ചോറിനെ ബാധിച്ച അണുബാധകളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നുവെന്നും അവരുടെ മരണങ്ങൾ മുമ്പുണ്ടായിരുന്ന അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കാമെന്നും ഡിഡബ്ല്യു (Deutsche Welle) റിപ്പോർട്ട് സൂചിപ്പിക്കുന്നു.
”മരണസാധ്യത വളരെ കുറവാണ് – 1 ശതമാനത്തിൽ താഴെ. ഈ കണക്ക് പോലും ആഫ്രിക്കയിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതുവരെ, ആഫ്രിക്കയ്ക്ക് പുറത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നിരുന്നാലും കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. സ്ഥിതിവിവരക്കണക്കനുസരിച്ച്, കേസിലെ മരണനിരക്ക് വളരെ കുറവാണ്,” ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ പകർച്ചവ്യാധി വിദഗ്ധരിൽ ഒരാളായ ഡോ. ആർ ഗംഗാഖേദ്കർ ഈ ആഴ്ച ആദ്യം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു (ബ്രസീലിലും സ്പെയിനിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പ്).