/indian-express-malayalam/media/media_files/uploads/2023/06/ai-camera-explained.jpg)
ആകാശക്കണ്ണ്
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്‍റലിജെന്‍റ് ക്യാമറകൾ അഥവാ എഐ ക്യാമറകൾ ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കി തുടങ്ങി. ഇനി സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ പിഴ വീട്ടിലെത്തും. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. അതിൽ 692 ക്യാമറകളാണ് ഇപ്പോൾ സജ്ജമായിരിക്കുന്നത്. ഏപ്രിൽ 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് മുതൽ എഐ ക്യാമറകൾ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.
ആദ്യം ക്യാമറകൾ ഈടാക്കുന്ന പിഴയുടെ വിവരങ്ങളാണ് വാർത്തയായതെങ്കിൽ പിന്നീട് അതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പുറത്തുവന്നത്. ഏറെ വിവാദങ്ങൾക്കിടയിൽ ഈ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അറിയേണ്ടതെല്ലാം
പിഴ എങ്ങനെ?
ഇനിപറയുന്ന നിയമലംഘനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ പിഴ ഈടാക്കുന്നത്.
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ - 500 രൂപ,
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ -500 രൂപ,
ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താൽ - 1000 രൂപ,
ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ - 2000 രൂപ
അനധികൃത പാര്‍ക്കിംഗ് - 250 രൂപ
അമിതവേഗം - 1500 രൂപ
ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നൽ ലംഘിക്കുന്ന കേസുകൾ കോടതിയ്ക്ക് കൈമാറും. കോടതിയാണ് പിഴതുക തീരുമാനിക്കുന്നത്. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും.
ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ കയറ്റിയാൽ പിഴ ഈടാക്കുമോ?
ഇരുചക്ര വാഹനങ്ങളിലെ മൂന്നാമത്തെയാൾ 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴ ഈടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതേതുടർന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് ഇരുചക്രവാഹനത്തിലെ മൂന്നാമത്തെയാൾ എങ്കിൽ തല്‍കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്.
12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാൻ എ ഐ ക്യാമറകള്‍ക്ക് കഴിയുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു. എന്നാൽ നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാണ്.
ഇരുചക്രവാഹനയാത്രക്കാർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഹെൽമറ്റ് ധരിച്ചാലും പിഴ വരാം. ഹെൽമറ്റ് സ്ട്രാപ്പ് ശരിയായി ധരിച്ചിലെങ്കിൽ, പുറകിൽ ഇരിക്കുന്ന ആളിന് ഹെൽമറ്റ് ഇല്ലെങ്കിൽ, ധരിച്ച ഹെൽമറ്റ് ഐഎസ്ഐ മാർക്കുള്ളതല്ലെങ്കിൽ അങ്ങനെ പിഴ ഒടുക്കാൻ കാരണങ്ങൾ നിരവധിയാണ്. സൈഡ് ഗ്ലാസ് ഇല്ലെങ്കിലും പിഴ നൽകണം. കാറിൽ ഡ്രൈവർക്ക് പുറമേ മുൻ സീറ്റിൽ ഇരിക്കുന്നയാളും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം.
/indian-express-malayalam/media/media_files/uploads/2023/06/AI-Camera-2.jpg)
726 എഐ ക്യാമറകൾ
726 എഐ ക്യാമറകളാണ് ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽതന്നെ പലതിനും പല ദൗത്യങ്ങളാണുള്ളത്. ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ് 675 ക്യാമറകൾ ഉപയോഗിക്കുന്നത്.
അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാൻ 18 ക്യാമറകളും ഉണ്ടാകും. എല്ലാ ജില്ലയിലും കൺട്രോൾ റൂം സംവിധാനവും ഒരുക്കും.
പിഴയിൽനിന്നു ആർക്കാണ് ഇളവ്?
എമര്‍ജന്‍സി വാഹനങ്ങളെ പിഴകളില്‍ നിന്ന് ഒഴിവാക്കാന്‍ ചട്ടമുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളുമാണ് ഈ വിഭാഗത്തില്‍ ഉൾപ്പെടുന്നത്. ഈ നിയമം ദുർവിനിയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.
പിഴ ഈടാക്കുന്നതെങ്ങനെ?
നിയമലംഘനം ക്യാമറ പിടികൂടിയാൽ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. 14 ദിവസത്തിനുള്ളിൽ നോട്ടീസും ഇ- ചെല്ലാനും വീട്ടിലെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് തുടർ നടപടികളിലേക്ക് കടക്കും.
ക്യാമറ വഴി ലഭിക്കുന്ന ചിത്രത്തിൽനിന്ന് കൺട്രോൾ റൂമിലെ ഓപ്പറേറ്റർ നിയമലംഘനം സ്ഥിരീകരിച്ചശേഷം ഇതു തിരുവനന്തപുരത്തെ സെൻട്രൽ സെർവറിലേക്ക് അയയ്ക്കും. ബന്ധപ്പെട്ട ഗതാഗതവകുപ്പ് ഉദ്യോഗസ്ഥൻ അംഗീകരിച്ചശേഷം ഇ- ചെലാൻ എസ്എംഎസ് ആയും തപാലിലും അയയ്ക്കും.
പിഴ അടയ്ക്കുന്നതെങ്ങനെ?
നോട്ടീസ് ലഭിച്ചാൽ ഓൺലൈൻ വഴിയും ആർടി ഓഫീസുകളിൽ നേരിട്ട് എത്തിയും പിഴ അടയ്ക്കാം. മോട്ടർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ ഓൺലൈനായി പിഴ അടയ്ക്കാം. https://mvd.kerala.gov.in/en/fine-remittance-camera-surveillance-0 എന്ന സൈറ്റിലാണ് ഇ- ചെല്ലാൻ നമ്പർ നൽകി പിഴ അടയ്ക്കേണ്ടത്.
/indian-express-malayalam/media/media_files/uploads/2023/06/AI-Camera-3.jpg)
അപ്പീൽ നൽകുന്നത് ഏത് സാഹചര്യത്തിൽ?
ഗതാഗത നിയമലംഘനത്തിന് എഐ ക്യാമറയിൽ കുടുങ്ങി പിഴയടയ്ക്കാൻ നോട്ടിസ് ലഭിക്കുന്നവർക്ക് അപ്പീലിന് അനുവദിച്ചിരിക്കുന്നത് 14 ദിവസമാണ്. വാഹനനമ്പർ ദുരുപയോഗം എന്ന സാധ്യത മുന്നിൽകണ്ടാണ് ഈ സംവിധാനം. വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ച് നടത്തുന്ന ഗതാഗതലംഘനം കേസുകളിലാണ് ഇത് പ്രയോജനപ്പെടുന്നത്.
തന്റെ വാഹനം അതുവഴി പോയിട്ടില്ലെന്നോ ഗതാഗത നിയമലംഘനം ഉണ്ടായിട്ടില്ലെന്നോ ബോധ്യമുണ്ടെങ്കിൽ വാഹനനമ്പർ ഉടമയ്ക്ക് അപ്പീൽ നൽകുകയും ജില്ലാ എൻഫോഴ്സ്മെന്റ് അതോറിറ്റിക്ക് പരാതി നൽകുകയും ചെയ്യാം. കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പായാൽ ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പോൾ തന്നെ പിഴ നോട്ടിസ് റദ്ദാക്കാൻ സാധിക്കും.
2017 മുതൽ റജിസ്റ്റർ ചെയ്തതും അതിനു മുൻപു റജിസ്റ്റർ ചെയ്തവയിൽ വിവിധ ആവശ്യങ്ങൾക്കായി പിന്നീട് മോട്ടർ വാഹന വകുപ്പിനെ സമീപിച്ചതുമായ വാഹന ഉടമകളുടെ വിവരങ്ങളുണ്ട്. മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ വാഹന ഉടമകളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയവ ഇല്ലാത്തവർക്ക് എസ്എംഎസ് അയയ്ക്കാൻ കഴിയില്ല.
തപാൽ വകുപ്പ് വഴി അയയ്ക്കുന്ന ചെലാൻ നോട്ടീസിലൂടെ നിയമലംഘന വിവരവും പിഴയൊടുക്കാനുള്ള നിർദേശവും അറിയിക്കും. പതിവായി നിയമലംഘനം നടത്തി പിഴ അടയ്ക്കാത്തവരുടെ വാഹനങ്ങൾ വിലക്കുപട്ടികയിൽപെടുത്തും.
ക്യാമറ നിരീക്ഷിക്കുന്നത് എന്തൊക്കെ?
ഹെൽമറ്റും സീറ്റും ബെൽറ്റും മാത്രമേ ക്യാമറയിൽ പിടികൂടൂ എന്ന് ചിന്തിക്കാൻ വരട്ടെ. ഇത് മാത്രമല്ല ക്യാമറയിൽ പതിയുന്നത്. ക്യാമറ ആദ്യം പിടികൂടുന്നത് ഇത്തരം നിയമലംഘനങ്ങളാണ്.
- ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര
- രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്
- ലെയ്ൻ മറികടന്നുള്ള ഡ്രൈവിങ്
- സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര
- മൊബൈലിൽ സംസാരിച്ചുള്ള യാത്ര
- വാഹനം ഓടിക്കുന്നതിനിടെ ഫോൺ കൈയിൽ എടുത്ത് സംസാരിക്കുന്നതിനാണ് പിഴ ഈടാക്കുന്നത്. ബ്ലൂടൂത്തിൽ വഴി സംസാരിക്കുന്നതിന് പിഴ ഈടാക്കുമോ എന്നതിൽ വ്യക്തയില്ല.
റോഡിന്റെ നടുവിലൂടെ നീണ്ട വെള്ള വരയാണ് പോകുന്നതെങ്കിൽ അത് ഓവർടേക്ക് ചെയ്യാൻ പാടില്ല. വിട്ട് വിട്ട് വരകൾ വരുമ്പോൾ മാത്രമാണ് ഓവർടേക്ക് ചെയ്യാൻ പാടുള്ളൂ.
വെള്ളവരയ്ക്ക് പകരം മഞ്ഞ വരയാണ് നടുവിലൂടെ പോകുന്നതെങ്കിൽ അവിടെ ഒരു കാരണവശാലും ഓവർടേക്കിങ്ങ് പാടില്ല. വളവുകളിൽ വരകളുടെ അതിർത്തി കടന്ന് ഓവർടേക്ക് ചെയ്യുന്നതിനും പിഴയുണ്ട്. എന്നാൽ ആദ്യ ഘട്ടത്തിൽ ഇവ പിഴയുടെ പരിധിയിൽ വരുമോ എന്നത് വ്യക്തമല്ല.
ക്യാമറകളിൽ പതിയുന്ന കേസുകൾ
കഴിഞ്ഞ ഒരു വർഷമായി ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങൾ പതിയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു എഐ ക്യാമറയിൽപെട്ടതുകൊണ്ട് അടുത്ത നിയമലംഘനം പിടിക്കില്ല എന്ന ചിന്ത വേണ്ട. നിയമലംഘനങ്ങൾ ക്യാമറകൾ അതുപോലെ അങ്ങ് ഒപ്പിയെടുക്കും. വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുന്നതും, സൈലന്‍സര്‍ പരിഷ്‌കരിക്കുന്നതും ക്യാമറ പിടികൂടും.
പ്രവർത്തനം 24 മണിക്കൂറും
ക്യാമറകളുടെ പ്രവർത്തന സമയം 24 മണിക്കൂറാണ്. രാത്രിയിലും ക്യാമറകൾ പ്രവർത്തിക്കും എന്നർഥം. 726 എഐ ക്യാമറകളാണ് ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 81, എറണാകുളം 62, കോഴിക്കോട് 60 എന്നിങ്ങനെയാണ് ക്യാമറകളുടെ എണ്ണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.