സാങ്കേതികവിദ്യകൊണ്ട് ഒരുപാട് മുന്നില്‍ നില്‍ക്കുന്ന ചൈനയുടെ കപ്പലായ ‘യുവാൻ വാങ് 5’ ശ്രീലങ്കയുടെ തെക്കൻ തീരത്തുള്ള ഹമ്പൻടോട്ട തുറമുഖത്ത് ആഗസ്റ്റ് 16 മുതൽ ഒരാഴ്ചത്തേക്ക് തുടരുമെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഉന്നയിച്ച സുരക്ഷ ആശങ്കകളെത്തുടർന്ന് കപ്പലിന്റെ വരവ് മാറ്റിവയ്ക്കാൻ ചൈനയോട് നേരത്തെ ശ്രീലങ്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നൽകിയതായാണ് റിപ്പോര്‍ട്ട്.
ചൈനയില്‍ നിന്ന് കടമെടുത്ത പണം ഉപയോഗിച്ച് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെ തന്റെ ജില്ലയില്‍ നിര്‍മ്മിച്ച വാണിജ്യപരമായ അപ്രോപ്യമായ പദ്ധതിയാണ് ഹമ്പന്തോട്ട തുറമുഖം. കടം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തുറമുഖം പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗയുടെയും സർക്കാര്‍ 2017 ൽ ചൈനയ്ക്ക് 99 വർഷത്തെ പാട്ടത്തിന് കൈമാറാൻ നിർബന്ധിതരായി. തുറമുഖത്തിന് ചുറ്റുമുള്ള 15,000 ഏക്കർ ഭൂമിയും ശ്രീലങ്ക ചൈനക്കാർക്ക് കൈമാറി. ചൈനയോടുള്ള തങ്ങളുടെ മൊത്തം കടം ഏകദേശം എട്ട് ബില്യൺ ഡോളറാണെന്ന് ശ്രീലങ്കൻ ഉദ്യോഗസ്ഥർ അന്ന് വെളിപ്പെടുത്തിയിരുന്നു.
ഹംബന്തോട്ടയിൽ നങ്കൂരമിട്ടിരിക്കുന്ന ചൈനീസ് കപ്പലിനെക്കുറിച്ച്
ഗവേഷണത്തിനും സര്‍വേയ്ക്കുമായി ഉപയോഗിക്കുന്ന കപ്പലാണ് ‘യുവാൻ വാങ് 5’. ഉപഗ്രഹം, റോക്കറ്റ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ എന്നിവ ട്രാക്കുചെയ്യുന്നതിന് ചൈന യുവാൻ വാങ് വിഭാഗം കപ്പലുകൾ ഉപയോഗിക്കുന്നു. പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിൽ ഉടനീളം പ്രവർത്തിക്കാൻ ശേഷിയുള്ള ഏഴ് ട്രാക്കിങ് കപ്പലുകളിൽ ചൈനയ്ക്കുണ്ട്. കപ്പലുകൾ ബീജിങ്ങിലെ ട്രാക്കിങ് സ്റ്റേഷനുകൾക്ക് അനുബന്ധമായി പ്രവർത്തിക്കുന്നു.

അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്സാണ് (എസ് എസ് എഫ്). പിഎല്‍എയുടെ സ്ട്രാറ്റജിക് സ്പേസ്, സൈബർ, ഇലക്ട്രോണിക്, ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻസ്, സൈക്കോളജിക്കൽ വാർഫെയർ മിഷനുകളും കേന്ദ്രീകരിക്കാൻ സ്ഥാപിതമായ ഒരു തിയേറ്റർ കമാൻഡ് ലെവൽ ഓർഗനൈസേഷനാണിത്.
ചൈനയിലെ ജിയാങ്‌നാൻ ഷിപ്പ്‌യാർഡിൽ നിർമ്മിച്ച യുവാൻ വാങ് 5 2007 സെപ്തംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 222 മീറ്റർ നീളവും 25.2 മീറ്റർ വീതിയുമുള്ള ഈ കപ്പലിൽ സമുദ്രാന്തര ബഹിരാകാശ നിരീക്ഷണത്തിനായി അത്യാധുനിക ട്രാക്കിങ് സാങ്കേതികവിദ്യയുണ്ട്. കഴിഞ്ഞ മാസം ചൈനയുടെ ‘ലോങ് മാർച്ച് 5 ബി’ റോക്കറ്റിന്റെ വിക്ഷേപണമായിരുന്നു കപ്പലിന്റെ അവസാന നിരീക്ഷണ ദൗത്യം. ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിന്റെ ആദ്യ ലാബ് മൊഡ്യൂളിന്റെ വിക്ഷേപണത്തിന്റെ സമുദ്ര നിരീക്ഷണത്തിലും കപ്പല്‍ അടുത്തിടെ ഉൾപ്പെട്ടിരുന്നു.
കപ്പൽ ഹംബന്തോട്ടയിലേക്ക് പോകുന്നതിന് പിന്നില്‍
യുവാൻ വാങ് 5 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ചൈനയുടെ ഉപഗ്രഹങ്ങളുടെ ഉപഗ്രഹ നിയന്ത്രണവും ഗവേഷണത്തിന്റെ ട്രാക്കിങ്ങും നടത്തുമെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ‘യുവാൻ വാങ് 5’ ന്റെ ഹമ്പൻടോട്ട തുറമുഖ സന്ദർശനം ശ്രീലങ്കയ്ക്കും പ്രാദേശിക വികസ്വര രാജ്യങ്ങൾക്കും അവരുടെ സ്വന്തം ബഹിരാകാശ പദ്ധതികള്‍ പഠിക്കാനും വികസിപ്പിക്കാനുമുള്ള മികച്ച അവസരമായിരിക്കും.
ഇന്ത്യ എന്തുകൊണ്ട് ആശങ്കപ്പെടണം?
യുവാൻ വാങ് 5 ഗണ്യമായ ആകാശ വിസ്താരമുള്ള (ഏകദേശം 750 കിലോമീറ്റര്‍) ഒരു ട്രാക്കിങ് കപ്പലാണ്. അതിനർത്ഥം കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിരവധി തുറമുഖങ്ങൾ ചൈനയുടെ റഡാറിൽ ആയിരിക്കുമെന്നാണ്. ദക്ഷിണേന്ത്യയിലെ നിരവധി സുപ്രധാന പദ്ധതികള്‍ കപ്പലിന്റെ ട്രാക്കിങ് ഭീഷണിയിലാണെന്നാണ് റിപ്പോർട്ടകളില്‍ പറയുന്നത്.
“ഓഗസ്റ്റിൽ കപ്പൽ ഹംബന്തോട്ടയിൽ എത്തുമെന്ന റിപ്പോർട്ടുകൾ സംബന്ധിച്ചുള്ള വിവരമുണ്ട്. ഇന്ത്യയുടെ സുരക്ഷയേയും സാമ്പത്തിക താത്പര്യങ്ങളേയും ബാധിക്കുന്ന ഏതൊരു നീക്കവും സർക്കാർ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നതാണ്,” കപ്പലിന്റെ വരവ് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചിയുടെ വാക്കുകള്‍.
സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ശ്രീലങ്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചില രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ നീതീകരിക്കാനാകില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം ഓഗസ്റ്റ് എട്ടിന് പറഞ്ഞത്. എന്നാല്‍ ഓഗസ്റ്റ് 12 അരിന്ദം ബാഗ്ചി ഇത് നിഷേധിച്ചു. “ശ്രീലങ്ക ഒരു പരമാധികാര രാജ്യമാണ്, സ്വതന്ത്ര തീരുമാനങ്ങൾ എടുക്കുന്നു. ഞങ്ങളുടെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്… നോക്കൂ, ഇത് ഓരോ രാജ്യത്തിന്റെയും അവകാശമാണ്. ഞങ്ങളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി ഞങ്ങൾ ഏറ്റവും മികച്ച തീരുമാനമെടുക്കും. ഇത് സ്വാഭാവികമായും മേഖലയിലെ, പ്രത്യേകിച്ച് നമ്മുടെ അതിർത്തി പ്രദേശങ്ങളിൽ നിലവിലുള്ള സാഹചര്യം കണക്കിലെടുത്താകും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.