/indian-express-malayalam/media/media_files/8biX4Vm25sZ2gAUTHssu.jpg)
ഇന്ത്യൻ പൗരന്മാരെല്ലാം ദോഹ ആസ്ഥാനമായുള്ള ദഹ്‌റ ഗ്ലോബലിന്റെ ജീവനക്കാരാണ്, ഇറ്റാലിയൻ അന്തർവാഹിനികളായ U2I2 ലെ ഇൻഡക്ഷൻ മേൽനോട്ടം വഹിക്കുയായിരുന്നു | ഫൊട്ടോ: പ്രതികാത്മ ചിത്രം
ഖത്തർ പൗരനെ കൊലപ്പെടുത്തിയതിന്, 2018 ജൂണിൽ, ഖത്തറിലെ ഒരു കോടതി നേപ്പാൾ തൊഴിലാളിയായ അനിൽ ചൗധരിയെ വധശിക്ഷയ്ക്ക് വിധിച്ചു. വെടിവെച്ചു കൊലപ്പെടുത്താനായിരുന്നു ശിക്ഷ. കാർ വാഷിങ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനിൽ ചൗധരി ഖത്തർ പൗരനെ ഖുക്രി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. 17 വർഷത്തിനിടെ ഖത്തറിൽ ആദ്യ വധശിക്ഷയായിരുന്നു ഇത്, ഇതിന് മുമ്പുള്ള അവസാനത്തെ വധശിക്ഷ നടപ്പാക്കിയത് 2003ലായിരുന്നു.
കഴിഞ്ഞയാഴ്ച ഖത്തർ കോടതി എട്ട് ഇന്ത്യക്കാരെ - എല്ലാവരും നാവികസേനയിലെ മുൻ ഉദ്യോഗസ്ഥരാണ് - ചാരവൃത്തി ആരോപിച്ച് ശിക്ഷിച്ചു.
ഖത്തർ അപൂർവ്വമായി മാത്രമേ വധശിക്ഷ വിധിക്കാറുള്ളൂ. അതിനാൽ ഇത് ഇന്ത്യൻ സർക്കാരിനെ ഞെട്ടിച്ചു. ഇന്ത്യൻ പൗരന്മാർക്കെതിരായ കുറ്റങ്ങൾ ഖത്തർ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
പശ്ചാത്തലം
ഇന്ത്യൻ പൗരന്മാരെല്ലാം ദോഹ ആസ്ഥാനമായുള്ള ദഹ്‌റ ഗ്ലോബലിന്റെ ജീവനക്കാരാണ്, ഇറ്റാലിയൻ സ്‌മോൾ സ്റ്റെൽത്ത് അന്തർവാഹിനികളായ U2I2 ലെ ഇൻഡക്ഷൻ മേൽനോട്ടം വഹിക്കുന്നതിനായി ദഹ്‌റ ഗ്ലോബലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു.
ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരെ 2022 ഓഗസ്റ്റിലാണ് കസ്റ്റഡിയിലെടുത്തത്.
രണ്ട് ഖത്തർ പൗരന്മാർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്, അവരിൽ ഒരാൾ ദഹ്‌റ ഗ്ലോബൽ സിഇഒ ഖമീസ് അൽ അജ്മിയാണ്. 2022 ഒക്ടോബറിൽ അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുന്നതുവരെ രണ്ട് മാസത്തേക്ക് അൽ-അജ്മിയെ ഏകാന്ത തടവിൽ പാർപ്പിച്ചു. കസ്റ്റഡിയിലെടുത്ത ഒരു ഒമാൻ പൗരനെ ഫിഫ ഫുട്ബോൾ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മോചിപ്പിച്ചു.
ദോഹയിലെ മുൻ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, തടങ്കലിൽ കഴിയുന്നവരെ മൂന്ന് തവണ കണ്ടിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള ദീപക് മിത്തലിനെ ഡൽഹിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിനടത്താൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഫിനാൻഷ്യൽ ടൈംസിലെ റിപ്പോർട്ട് പ്രകാരം എട്ട് ഇന്ത്യക്കാർക്കെതിരെ ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് കേസ്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ ആരോപണങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.
ഖത്തറിലെ ഇന്ത്യക്കാർ
ഗൾഫ്, പശ്ചിമേഷ്യൻ മേഖലകളിൽ ഏകദേശം 90 ലക്ഷം ഇന്ത്യക്കാർ ഉണ്ട് - അതിൽ എട്ട് ലക്ഷത്തോളം പേർ ഖത്തറിലാണ് - ഇന്ത്യൻ പ്രവാസികൾ പൊതുവെ നിയമം പാലിക്കുന്നവരാണ്.
അതേസമയം, കുറ്റകരമായ പ്രവൃത്തികളുടെ പേരിൽ ഇന്ത്യാക്കാർക്കെതിരെ പ്രാദേശികമായ നടപടിയെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കേസുകളിൽ ചിലത് ബിജെപിയുടെ നൂപൂർ ശർമ്മയുടെ പ്രവാചകനെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ്, ഈ അഭിപ്രായങ്ങളെ പിന്തുണയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്ത ഇന്ത്യക്കാർക്കെതിരെ ഗൾഫ് മേഖലയിലെ ചില രാജ്യങ്ങൾ നടപടി സ്വീകരിച്ചു. നൂപൂർ ശർമ്മയുടെ അഭിപ്രായങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഗൾഫ് മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഖത്തർ.
ഇത്തവണ, ചാരവൃത്തിയാണ്. അത് ഗുരുതരമായ ആരോപണമാണ്
ഈ എട്ട് ഇന്ത്യക്കാരും റോയൽ ഒമാനി എയർഫോഴ്‌സിൽ നിന്ന് വിരമിച്ച സ്ക്വാഡ്രൺ ലീഡറായിരുന്ന ഒമാനി പൗരന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ സേവന ദാതാക്കളുടെ കമ്പനിയായ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിൽ ജോലി ചെയ്യുകയായിരുന്നു. ഖത്തർ എമിരി നേവൽ ഫോഴ്‌സിന് (ക്യുഇഎൻഎഫ്) പരിശീലനം, ലോജിസ്റ്റിക്‌സ്, മെയിന്റനൻസ് സേവനങ്ങൾ എന്നിവ കമ്പനി നൽകിയിരുന്നു. നാല് മുതൽ ആറ് വർഷമായി അവിടെ ജോലി ചെയ്യുകയായിരുന്നു. ഇന്ത്യൻ പ്രതിനിധികൾ കമ്പിനിയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.
വാസ്തവത്തിൽ, കമ്പനിയുടെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ച വിരമിച്ച കമാൻഡർ പൂർണേന്ദു തിവാരി, ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ വഹിച്ച പങ്കിന് 2019 ൽ പ്രവാസി ഭാരതീയ സമ്മാൻ അവാർഡിന് അർഹനായ വ്യക്തിയാണ്.
സെപ്റ്റംബർ പകുതിയോടെ ദോഹയിലെ ഇന്ത്യൻ എംബസിയെ അറസ്‌റ്റ് ചെയ്‌ത വിവരം അറിയിക്കുകയും സെപ്‌റ്റംബർ 30-ന് ടെലിഫോണിലൂടെ കുടുംബാംഗങ്ങളുമായി കുറച്ച് നേരം സംസാരിക്കാൻ അവരെ അനുവദിക്കുകയും ചെയ്‌തു.
നിയമ നടപടി
2022 ഒക്ടോബർ ഒന്നിന് ദോഹയിലെ ഇന്ത്യൻ അംബാസഡറും ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനും എട്ട് ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തി. 2022 ഒക്ടോബർ മൂന്നിന് ഇന്ത്യൻ എംബസിക്ക് കോൺസുലാർ ( തടവിൽ കഴിയുന്ന സ്വന്തം രാജ്യത്തെ പൗരരെ കാണാനും അവരുമായി ആശയവിനിമയം നടത്താനും ക്ഷേമം
പരിശോധിക്കാനും നിയമസഹായവും വൈദ്യപരിചരണവുമൊക്കെ ഉറപ്പാക്കാനുള്ള സംവിധാനം) അനുമതി നൽകി 2023 മാർച്ച് 15 ന് അവസാന ജാമ്യാപേക്ഷ തള്ളി.
തുടർന്ന്, 2023 മാർച്ച് 25 ന് എട്ട് പേർക്കെതിരെ കുറ്റം ചുമത്തി. 2023 മെയ് 30-ന് ദഹ്‌റ ഗ്ലോബൽ ദോഹയിലെ പ്രവർത്തനം അവസാനിപ്പിച്ചു. അവിടെ ജോലി ചെയ്യുന്നവരെല്ലാം - പ്രധാനമായും ഇന്ത്യക്കാർ - അതിനുശേഷം നാട്ടിലേക്ക് മടങ്ങി. ഒക്ടോബർ 26 ന് ഖത്തർ കോടതി എട്ട് ഇന്ത്യക്കാർക്കും വധശിക്ഷ വിധിച്ചു.
ഇന്ത്യയുടെ പ്രതികരണം
ഒക്‌ടോബർ 26-ലെ വിധിയോടുള്ള പ്രതികരണത്തിൽ, ഈ കേസിന് “അടിയന്തര പ്രാധാന്യം” നൽകുന്നതായും നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
“വധശിക്ഷയുടെ വിധിയിൽ ഞങ്ങൾ അഗാധമായ ഞെട്ടലിലാണ്, വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളുമായും അഭിഭാഷക സംഘവുമായും ബന്ധപ്പെട്ടു. എല്ലാ നിയമപരമായ സാധ്യതകളും ഞങ്ങൾ പരിശോധിക്കുകയാണ്," വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
“ഞെട്ടൽ” പ്രകടിപ്പിക്കുന്ന പ്രസ്താവന, വധശിക്ഷയുടെ കാര്യം രാജ്യം അറിയാതെ പോയി എന്നതിന്റെ സൂചനയാണ് നൽകുന്നത്. ഇന്ത്യക്കാർക്ക് എല്ലാ തലത്തിലുമുള്ള കോൺസുലാർ, നിയമ സഹായവും നൽകുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കാതെ, ദുരിതത്തിലായ ഇന്ത്യക്കാരോടുള്ള ഇന്ത്യയുടെ സ്ഥിരമായ സമീപനത്തിന് അനുസൃതമാണ് ഈ പ്രതികരണം.
ഒരു ഇന്ത്യക്കാരൻ വിദേശത്ത് വധശിക്ഷയ്ക്ക് വിധേയനാകുന്നത് ഇതാദ്യമായല്ല, അത്തരക്കാരെ മോചിപ്പിക്കാൻ ഇന്ത്യൻ സർക്കാർ എപ്പോഴും പിന്തുണ നൽകിയിട്ടുണ്ട്. 2019-ൽ സർക്കാർ സമർപ്പിച്ച കണക്കുകൾ പ്രകാരം, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ 44 ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുണ്ട്, അതിൽ ചിലർ ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലാണ് ശിക്ഷിക്കപ്പെട്ടത്.
ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ കസ്റ്റഡിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെതാണ് സമീപകാലത്തെ ഏറ്റവും പ്രശസ്തമായ കേസ്.
മൂന്ന് സാധ്യതകൾ
ഒന്നാമത്തേത്, നിയമനടപടി: 'ദി കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ്' എന്ന് വിളിക്കപ്പെടുന്ന കോടതിയിലാണ് ഈ കേസ് ഉൾപ്പെടുന്നത്. നാല് ഹിയറിങ്ങുകൾ നടന്നു. വധശിക്ഷയെ ഉയർന്ന കോടതികളിൽ ചോദ്യം ചെയ്യാനും വധശിക്ഷയിൽ നിന്ന് ഇളവ് നേടാനും ഇന്ത്യക്കാരെ സഹായിക്കാൻ ഇന്ത്യൻ സർക്കാരിന് ശ്രമിക്കാം.
കേസ് നടത്തുകയാണെങ്കിൽ ഇന്ത്യൻ സർക്കാരിന്, എൻറിക്ക ലെക്‌സി-ഇറ്റാലിയൻ മറൈൻ കേസിൽ സ്വീകരിച്ച രീതി പിന്തുടരാം.
2012 ഫെബ്രുവരി 15 ന് സെന്റ് ആന്റണി എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ കേരള തീരത്ത് കൊല്ലപ്പെട്ടു. ഇറ്റാലിയൻ പതാക ഘടിപ്പിച്ച വാണിജ്യ എണ്ണക്കപ്പലായ എംബി എൻറിക്ക ലെക്സിയിലുണ്ടായിരുന്ന രണ്ട് ഇറ്റാലിയൻ നാവികരാണ് മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയെന്ന് ഇന്ത്യ ആരോപിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ, മാരിടൈം സോൺസ് ആക്ട്, 1976, ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, UNCLOS 1982 ലെ വ്യവസ്ഥകൾ എന്നിവ അനുസരിച്ചാണ് ഇന്ത്യൻ സർക്കാർ നിലപാട് സ്വീകരിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
രണ്ടാമത്, ദയാഹർജി: റമദാൻ പോലുള്ള അവസരങ്ങളിൽ മാപ്പ് നൽകുന്ന ഖത്തർ അമീറിന് കുടുംബങ്ങൾക്ക് ദയാഹർജി നൽകാം. ഇന്ത്യൻ ഗവൺമെന്റിന്റെ സഹായത്തോടെയും ഈ ദയാഹർജിയുടെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാാം.
മൂന്നാമത്തേത്, രാഷ്ട്രീയവും നയതന്ത്രപരവുമായ സാധ്യതകളാണ്: വിഷയം ഇന്ത്യൻ സർക്കാർ വിവിധ ഔദ്യോഗിക രാഷ്ട്രീയ തലങ്ങളിൽ ഏറ്റെടുത്തിട്ടുണ്ട്.
ഈ ഗൾഫ് രാജ്യവുമായി ഇന്ത്യ നല്ലൊരു സൗഹൃദബന്ധം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങൾ ചെറുതും എന്നാൽ ശക്തവുമായ ഗൾഫ് രാഷ്ട്രവുമായുള്ള ബഹുമുഖ ബന്ധത്തിന്റെ പരീക്ഷണം കൂടിയായിരിക്കുമിത്.
അന്നത്തെ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി. [ഇപ്പോൾ ഫാദർ അമീർ] 1999, 2005, 2012 വർഷങ്ങളിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. 2008 നവംബറിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഖത്തർ സന്ദർശനം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു. 2015 മാർച്ചിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യ സന്ദർശിച്ചിരുന്നു. ഈ ബന്ധം തുടർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ജൂണിൽ ഖത്തർ സന്ദർശിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, മോദി അമീറുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ദീപാവലി ആശംസകൾ സ്വീകരിക്കുകയും ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെന്റിന് ഇന്ത്യയുടെ ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. 2022 ഒക്ടോബർ 29 ന് അവർ സംസാരിക്കുകയും ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുകയും ചെയ്തപ്പോൾ, ഇന്ത്യ-ഖത്തർ നയതന്ത്ര ബന്ധത്തിന്റെ 50 വർഷം സംയുക്തമായി ആഘോഷിക്കാൻ അവർ ധാരണയായി.
കഴിഞ്ഞ ദശാബ്ദത്തിലോ മറ്റോ വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര നയതന്ത്രരംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഖത്തറിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ - താലിബാന്റെ ആഗോള ദൗത്യത്തിന് ദോഹയിൽ ആതിഥേയത്വം വഹിക്കുന്നത് മുതൽ സമീപകാലത്ത് ഹമാസിന്റെ തടവിൽ നിന്ന് യുഎസ് ബന്ദികളെ മോചിപ്പിക്കുന്നതിലെ പങ്ക് വരെ - ഇരുപക്ഷത്തിനും തങ്ങളുടെ ശക്തമായ ബന്ധങ്ങളിൽ പങ്കാളിത്തം ഉള്ളതിനാൽ ഇന്ത്യയ്ക്ക് ഖത്തറിനെ സമീപിക്കാനും സാധിക്കും.
ഇരു രാജ്യങ്ങൾക്കും ശക്തമായ സാമ്പത്തിക ബന്ധമുണ്ട് - ഖത്തറിൽ നിന്നുള്ള എൽ എൻ ജി ഇറക്കുമതി ഈ ബന്ധങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ് - ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നിക്ഷേപം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായതാണ്.
2022-23 ൽ ഖത്തറുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 18.77 ബില്യൺ യുഎസ് ഡോളറായിരുന്നു. 2022-23 കാലയളവിൽ ഖത്തറിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 1.96 ബില്യൺ യുഎസ് ഡോളറും ഖത്തറിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 16.8 ബില്യൺ യുഎസ് ഡോളറുമാണ്.
ഖത്തറുമായുള്ള പ്രതിരോധ ബന്ധവും വളരെ ശക്തമാണ്, പ്രതിരോധ സഹകരണം ഉഭയകക്ഷി അജണ്ടയുടെ ഒരു പ്രധാന ഘടകമാണ്.
ഖത്തറിൽ ഇന്ത്യൻ കുടിയേറ്റക്കാരെ കുറിച്ച് നല്ല അഭിപ്രായമാണ് പൊതുവിലുള്ളതെന്ന് വിദേശകാര്യവൃത്തങ്ങൾ പറഞ്ഞു "അവർ നിയമം അനുസരിക്കുന്നവരായാണ് കാണുന്നത്, അതിനാൽ ഖത്തറിൽ ഇടപെടാൻ തക്ക സ്വാധീനമുള്ള ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുടെ സഹായവും ഞങ്ങൾ ഉപയോഗിക്കും," എന്നും അവർ വ്യക്തമാക്കി.
ഇന്ത്യയും ഖത്തറും തമ്മിൽ 2015ൽ ഒപ്പുവച്ച തടവുകാരുടെ കൈമാറ്റ കരാറാണ് ഇതിനുള്ള പരിഹാരങ്ങളിലൊന്ന്.
വെല്ലുവിളികൾ
ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണം ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാന വെല്ലുവിളികളിലൊന്ന്. ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിനിടയിൽ ആ പ്രദേശം ധ്രുവീകരിക്കപ്പെടുന്ന സമയത്ത്, ഭൗമരാഷ്ട്രീയം ചർച്ചചെയ്യുന്നത് നയതന്ത്രപരമായി ഇന്ത്യയ്ക്ക് കഠിനമായ ദൗത്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.