/indian-express-malayalam/media/media_files/uploads/2023/10/Prime-Minister-Narendra-Modi-with-Prime-Minister-of-Qatar-Sheikh-Abdullah-bin-Nasser-bin-Khalifa-Al-Thani.jpg)
ഗാസയുടെ മേലുളള ആക്രമണത്തിൽ പശ്ചിമേഷ്യ തിളച്ചുമറിയുന്ന ഈ സമയത്താണ് ഇന്ത്യാക്കാർക്ക് വധശിക്ഷ വിധിച്ചുകൊണ്ടുളള വാർത്തയുമെത്തിയിരിക്കുന്നത്
എട്ട് മുൻനാവികസേനാംഗങ്ങളെ ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഖത്തർ അധികൃതർ കഴിഞ്ഞ വർഷം (2022) ഓഗസ്റ്റ് 30ന് അറസ്റ്റ് ചെയ്തതു മുതൽ ഇവർ ഏകാന്ത തടവിലായിരുന്നു. ഈ വർഷം (2023) മാർച്ച് 29നാണ് വിചാരണ ആരംഭിച്ചത്.
വധശിക്ഷ അഗാധമായ ഞെട്ടലുണ്ടാക്കിയെന്നും വിശദമായ വിധി ലഭിക്കാൻ കാത്തിരിക്കുകയാണെന്നും സാധ്യമായ എല്ലാ നിയമവഴികളും പരിശോധിക്കുമെന്നും വ്യാഴാഴ്ച്ച (ഒക്ടോബർ 26) വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മുൻ സേനാംഗങ്ങളുടെ നീണ്ട കസ്റ്റഡിയ്ക്കും ഇപ്പോൾ വന്ന ശിക്ഷാവിധിക്കുമുളള കാരണം പരസ്യമാക്കിയിട്ടില്ല. വിചാരണ നടത്താനുള്ള കാരണമെന്തെന്ന് തടവിലാക്കിയവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുമില്ല.
ഇന്ത്യൻ ഗവൺമെന്റിനു മുമ്പിൽ പ്രധാനപ്പെട്ട ഒരു നയതന്ത്ര വെല്ലുവിളിയാവുകയാണ് ഈ കേസ്.
ആരാണീ ഇന്ത്യാക്കാർ ? ഖത്തറിൽ അവരെന്താണ് ചെയ്തിരുന്നത്?
ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ പൂർണേന്ദു തിവാരി, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, കമാൻഡർ അമിത് നാഗ്പാൽ, സെയിലർ രാഗേഷ് എന്നിവരാണ് ആ മുൻ നാവികസേനാംഗങ്ങൾ. പട്ടാള സർവീസ് പ്രൊവൈഡർ കമ്പനിയായ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് & കൺസൾട്ടൻസി സർവീസിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
റോയൽ ഒമാൻ എയർഫോഴ്സിൽ നിന്നും വിരമിച്ച സ്ക്വാഡ്രൻ ലീഡറും ഒമാനി പൗരനുമായ ഖാമിസ് അൽ അജ്മിയാണ് കമ്പനി ഉടമ. ഇന്ത്യാക്കാർക്കൊപ്പം ഇയാളെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും 2022 നവംബറിൽ ഇയാളെ വിട്ടയച്ചു.
ഇപ്പോൾ നിലവിലില്ലാത്ത, കമ്പനിയുടെ പഴയ വെബ്സൈറ്റിൽ പറയുന്നത് ഖത്തറി എമിരി നേവൽ ഫോഴ്സിന് (QENF) ആവശ്യമായ പരിശീലനവും ലോജിസ്റ്റിക്സ് സേവനങ്ങളും നടത്തുകയായിരുന്നു എന്നാണ്. പുതിയ വെബ്സൈറ്റിലാകട്ടെ ക്യു ഇ എൻ എഫി (QENF) നെ കുറിച്ച് പരാമർശമൊന്നുമില്ല. ദഹ്റ ഗ്ലോബൽ എന്ന് പേരിലറിയപ്പെടുന്ന കമ്പനിയിലെ നേതൃനിരയിൽ ജോലി ചെയ്തിരുന്ന ഈ ഏഴുപേരെക്കുറിച്ചുളള വിവരങ്ങളുമില്ല.
കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയിരുന്ന റിട്ട. കമാൻഡർ പൂർണേന്ദു തിവാരി ഖത്തറും ഇന്ത്യയും തമ്മിലുളള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തിയ സേവനങ്ങൾക്ക് 2019ലെ പ്രവാസിഭാരതീയ സമ്മാൻ ഏറ്റുവാങ്ങിയ ആളാണ്. ദോഹയിൽ വെച്ചുനടന്ന ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചതാകട്ടെ ഖത്തർ ഡിഫൻസ് ഫോഴ്സ് ഇന്റർനാഷണൽ കോ-ഓപ്പറേഷന്റെ മുൻ മേധാവിയും പിന്നീട് ഇന്ത്യൻ സ്ഥാനപതിയുമായ പി. കുമാരൻ ആയിരുന്നു. ഇന്ത്യൻ കൾച്ചറൽ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ ആ സമയത്ത് ഇന്ത്യൻ എംബസിയുടെ ഡിഫൻസ് അറ്റാഷെ ആയിരുന്ന നാവികസേനയിലെ ക്യാപ്റ്റൻ കപിൽ കൗശികും സന്നിഹിതനായിരുന്നു.
രണ്ടു രാജ്യങ്ങളും തമ്മിലുളള നല്ലബന്ധത്തിന് കാരണമായ കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് കുമാരനും അദ്ദേഹത്തിന്റെ പിൻഗാമി ദോഹയിലെ ഇന്ത്യൻ എംബസി സ്ഥാനപതി ദീപക് മിത്തലും നൽകിയിട്ടുളള സർട്ടിഫിക്കറ്റുകൾ ദഹ്റയുടെ വെബ്സൈറ്റിൽ കാണാം. അറസ്റ്റ് വേളയിൽ ഈ ഏഴുപേരും നാല് മുതൽ ആറു വർഷമായി ദഹ്റയിൽ ജോലിചെയ്യുകയായിരുന്നു.
എപ്പോഴാണിവർ അറസ്റ്റ് ചെയ്യപ്പെട്ടത്? എന്തിന്?
ഖത്തർ ഇന്റലിജൻസ് ഏജൻസിയായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മധ്യത്തോടെയാണ് അറസ്റ്റിനെ കുറിച്ചുളള വിവരം ഇന്ത്യൻ എംബസി അറിയുന്നത്.
സെപ്റ്റംബർ 30ന് കുടുംബവുമായി കുറച്ചുനേരത്തേക്ക് ഫോണിൽ ബന്ധപ്പെടാൻ അനുവദിച്ചു. കസ്റ്റഡിയിൽ എടുത്ത് ഒരു മാസത്തിലേറെ കഴിഞ്ഞ് ഒക്ടോബർ മൂന്നിനാണ് ഇന്ത്യൻ എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥന് ഇവരെ കാണാനായത്.
അടുത്ത കുറച്ചു മാസത്തേക്ക് ആഴ്ച്ചയിലൊരിക്കൽ കുടുംബാംഗങ്ങളെ ഫോണിൽ വിളിക്കാനുളള അനുവാദം ലഭിച്ചു.
ഇവർക്കെതിരേയുളള കുറ്റം ഇതുവരെയും പരസ്യപ്പെടുത്തിയിട്ടില്ല. സുരക്ഷാസംബന്ധിയായ എന്തോ കുറ്റത്തിനായിരിക്കണം ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുന്നതെന്ന ഊഹം മാത്രമാണുളളത്.
ഇന്ത്യയും ഖത്തറും തമ്മിലുളള ബന്ധത്തിന്റെ സ്വഭാവമെന്താണ്?
ദശാബ്ദങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ സൗഹൃദപരമായ അന്തരീക്ഷമാണുളളത്. 2008 നവംബറിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഖത്തർ സന്ദർശനത്തോടെ ആ ബന്ധം കൂടുതൽ ഊഷ്മളമായി. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഖത്തർ സന്ദർശനമായിരുന്നു അത്.
2015ൽ ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽ തനി ഇന്ത്യ സന്ദർശിച്ചു. 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ സന്ദർശിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ മൂന്നു തവണയെങ്കിലും ഖത്തർ സന്ദർശിച്ചിട്ടുണ്ട്. അന്തരിച്ച സുഷമ സ്വരാജ് ആണ് ഖത്തർ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി. 2018ലായിരുന്നു അത്.
ഖത്തറിന്റെ ഏറ്റവും പ്രധാന നാല് കയറ്റുമതി രാജ്യങ്ങളിൽ 2021ൽ മുന്നിലായിരുന്നു ഇന്ത്യ. ഖത്തറിന്റെ ഇറക്കുമതി കേന്ദ്രങ്ങളിൽ ആദ്യത്തെ മൂന്നിലും ഇന്ത്യയുണ്ട്. 15 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കിടയിലുള്ളത്. ഖത്തറിൽ നിന്നുളള പെട്രോളിയം പ്രകൃതിവാതക ഉത്പന്നങ്ങളുടെ മൂല്യം തന്നെ 13 ബില്യൺ ഡോളറിനു മുകളിലാണ്.
രാജ്യരക്ഷയിലുളള സഹകരണം ഇന്ത്യ- ഖത്തർ ബന്ധത്തിന്റെ നെടുന്തൂണായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 2008ൽ മൻമോഹൻ സിങ്ങിന്റെ സന്ദർശനവേളയിൽ ഒപ്പിട്ട ഇന്ത്യ-ഖത്തർ ഡിഫൻസ് കോ-ഓപ്പറേഷൻ എഗ്രിമെന്റ് ആണ് നിർണായക വഴിത്തിരിവായത്. 2018ൽ ഈ ഉടമ്പടി അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.
മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് & അനാലിസിസ് (IDSA) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കൊടുത്തിരിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പ്രസ്താവന അനുസരിച്ച് സേനയുടെ ഹ്രസ്വകാല സന്ദർശനവും ഖത്തർ നാവികസേനക്കുളള പരിശീലനവും പരസ്പരമുളള സന്ദർശനങ്ങളുമെല്ലാം ഉടമ്പടിയുടെ ഭാഗമാണ്.
ഇന്ത്യൻ നേവൽ, കോസ്റ്റ് ഗാർഡ് കപ്പലുകൾ പതിവായി ഖത്തർ സന്ദർശിക്കാറുണ്ട്. 2021ൽ ഇന്ത്യ നടത്തിയ രണ്ട് നാവികാഭ്യാസങ്ങളിൽ ഖത്തർ പ്രതിനിധികളും പങ്കാളികളായിരുന്നു. സയ്ർ അൽ ബഹ്ർ എന്നു പേരിട്ട സംയുക്ത നാവിക അഭ്യാസത്തിന്റെ രണ്ട് പതിപ്പുകളും ഇതിനിടെ നടന്നു.
ഉഭയകക്ഷി ബന്ധത്തിൽ വെല്ലുവിളി ഉണ്ടാക്കുന്ന വിഷയങ്ങൾ
ബിജെപി വക്താവ് നൂപുർ ശർമ്മ,2022 ജൂണിൽ ഒരു ടിവി ഷോയിൽ പ്രവാചകനെതിരായി നടത്തിയ അപകീർത്തികരമായ ചില പ്രസ്താവനകളെ തുടർന്നുണ്ടായ വിവാദമാണ് ആദ്യത്തെ പ്രധാനവിഷയം.
വിവാദത്തിനു തൊട്ടുപുറകേ ഖത്തർ പ്രതിഷേധിക്കുകയും ഇന്ത്യയിൽ നിന്നും ഒരു “പൊതുമാപ്പപേക്ഷ“ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധിക്കുന്ന ആദ്യരാജ്യം കൂടിയാണ് ഖത്തർ. എന്നു മാത്രമല്ല, വിഷയത്തിൽ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി താക്കീതും ചെയ്തു. ഇസ്‌ലാമിക ലോകത്ത് വിവാദ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധം ആളിപ്പടർന്നതോടെ ശർമ്മയ്ക്കെതിരേ നടപടിയെടുത്ത് ബിജെപി പ്രശ്നമൊതുക്കിത്തീർത്തു.
അടുത്തിടെ ഉണ്ടായ രണ്ടാമത്തെ വലിയ വെല്ലുവിളിയാണ് എട്ട് മുൻ നാവിക ഉദ്യോഗസ്ഥരുടെ അറസ്റ്റും തുടർനടപടികളും. എട്ടുലക്ഷം ഇന്ത്യാക്കാർ തൊഴിലെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന രാജ്യത്തുനിന്നുളള നടപടി ഇന്ത്യയെ കനത്ത ആഘാതമാണ്. ഖത്തറിലെ ഏറ്റവും വലിയ പ്രവാസിസമൂഹമാണ് ഇന്ത്യാക്കാർ. ഇൻഡോറിൽ കഴിഞ്ഞ വർഷം നടന്ന പ്രവാസിഭാരതീയ ദിവസ് ചടങ്ങിൽ പങ്കെടുത്ത പ്രതിനിധികളിൽ 210 പേർ ഖത്തറിൽ നിന്നായിരുന്നു, ഏറ്റവും കൂടുതൽ പ്രതിനിധികളെ പങ്കെടുപ്പിച്ച മൗറീഷ്യസിനു തൊട്ടുപിറകിൽ രണ്ടാമതായി.
ഗാസയുടെ മേലുളള ആക്രമണത്തിൽ പശ്ചിമേഷ്യ തിളച്ചുമറിയുന്ന ഈ സമയത്താണ് ഇന്ത്യാക്കാർക്ക് വധശിക്ഷ വിധിച്ചുകൊണ്ടുളള വാർത്തയുമെത്തിയിരിക്കുന്നത്. പലസ്തീനിനോട് അനുഭാവമുളള ഖത്തറിന്റെ മധ്യസ്ഥതയിൽ ഗാസയിൽ ഹമാസ് തടങ്കലിൽ വെച്ചിരുന്ന രണ്ട് അമേരിക്കൻ പൗരന്മാരെ വിട്ടയച്ചിരുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ഖത്തർ പ്രതിനിധികൾ പ്രാദേശിക മധ്യസ്ഥരായി പ്രവർത്തിക്കുകയാണിപ്പോൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.