/indian-express-malayalam/media/media_files/kCUcpPJpp3qPnhPEAcKW.jpg)
2022-ൽ, മൊത്തം റോഡപകടങ്ങളുടെ 72.3 ശതമാനവും, മൊത്തം മരണത്തിന്റെ 71.2 ശതമാനവും, മൊത്തം പരിക്കുകളുടെ 72.8 ശതമാനവും അമിതവേഗം കാരണമാണ്
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 'ഇന്ത്യയിലെ റോഡപകടങ്ങൾ - 2022' എന്ന പേരിൽ അവരുടെ വാർഷിക റിപ്പോർട്ട് ഒക്ടോബർഅവസാനം പ്രസിദ്ധീകരിച്ചു.
ഈ റിപ്പോർട്ട് പ്രകാരം, 2022 കലണ്ടർ വർഷത്തിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (UTs) ഉൾപ്പടെ മൊത്തം 4,61,312 റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഈ അപകടങ്ങളിൽ 1,68,491 പേർ മരിക്കുകയും 4,43,366 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളിൽ 11.9%, മരണങ്ങളിൽ 9.4%, പരിക്കുകളിൽ 15.3% വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
റോഡപകടങ്ങളിലെ മരണ നിരക്ക് കണക്കാക്കുന്നത് വാഹനങ്ങളുടെ സാന്ദ്രതയുമായി താരതമ്യം ചെയ്താണ്. പതിനായിരം വാഹനങ്ങളാണ് ഇതിലെ മാനദണ്ഡം. ആ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ 2022ൽ വാഹനാപകട മരണനിരക്കിലെ ദേശീയ തലത്തിലെ ശരാശരി 5.2 ആണ്. കേരളത്തിലെ വാഹനാപകട മരണനിരക്ക് മൂന്ന് ശതമാനമാണ്. ഡൽഹിയിൽ 1.2 ശതമാനവും.
ഏറ്റവും കൂടുതൽ വാഹനാപകട മരണനിരക്ക് സിക്കിമിലാണ്. 17 ശതമാനം. ഇത് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാൾ വളരെയധികം കൂടുതലാണ്. വാഹനാപകടമരണനിരക്ക് ഏറ്റവും കൂടതുലുള്ള രണ്ടാമത്തെ സംസ്ഥാനം ബീഹാറാണ്. ഇവിടെ റിപ്പോർട്ട് ചെയ്ത മരണനിരക്ക് ഒമ്പത് ശതമാനമാണ്. അതായത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനത്തേക്കാൾ ഇരട്ടിയോളം വാഹനാപകടമരണമാണ് സിക്കിമിൽ കഴിഞ്ഞ വർഷം സംഭവിച്ചത്. ലഡാക്കിലും ദാമൻ ആൻഡ് ദിയുവിലും കഴിഞ്ഞ വർഷം ഒരു വാഹനാപകടമരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ശതമാനത്തിൽ താഴെ വാഹനാപകട മരണനിരക്ക് റിപ്പോർട്ട് ചെയ്ത രണ്ട് സ്ഥലങ്ങളാണ് ലക്ഷദ്വീപും ചണ്ഡിഗഡും. ഇവിടങ്ങളിൽ യഥാക്രമം 0.9ഉം 0.8 ശതമാനമാണ് വാഹനാപകട മരണ നിരക്ക്.
അപകടങ്ങൾക്കുള്ള ഏഴ് പ്രധാന കാര്യങ്ങൾ ഇവയാണ്
1. അമിതവേഗമാണ് ഏറ്റവും വലിയ കൊലയാളി
2022-ൽ, മൊത്തം റോഡപകടങ്ങളുടെ 72.3 ശതമാനവും, മൊത്തം മരണത്തിന്റെ 71.2 ശതമാനവും, മൊത്തം പരിക്കുകളുടെ 72.8 ശതമാനവും അമിതവേഗം കാരണമാണ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് യഥാക്രമം 12.8 ശതമാനം, 11.8 ശതമാനം, 15.2 ശതമാനം കണ്ട് വർധിച്ചു.
2022-ലെ മൊത്തം റോഡപകടങ്ങളുടെ രണ്ടാമത്തെ ഏറ്റവും വലിയ കാരണം തെറ്റായ വശത്ത് വാഹനമോടിക്കുന്നതാണ്, മൊത്തം അപകടങ്ങളുടെ 4.9 ശതമാനവും ഇങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്.
2. മിക്ക അപകടങ്ങളും വളവുതിരുകളോ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇല്ലാത്ത നേരായ റോഡുകളിലാണ് സംഭവിച്ചത്
കണക്കുകൾ പ്രകാരം, 67 ശതമാനം അപകടങ്ങളും നേരായ റോഡുകളിലാണ് സംഭവിച്ചത്. വളഞ്ഞ റോഡുകളിലും കുഴികളുള്ള റോഡുകളിലും കുത്തനെയുള്ള ഗ്രേഡിയന്റുള്ള റോഡുകളിലും (13.8 ശതമാനം) നടന്ന മൊത്തം അപകടങ്ങളുടെ നാലിരട്ടിയാണ് ഇത്.
3. ‘പിന്നിൽ നിന്നുള്ള’ കൂട്ടിയിടികൾ ഏറ്റവും സാധാരണമായിരുന്നു
വാഹനങ്ങൾ തമ്മിലുള്ള 2022-ലെ മിക്ക കൂട്ടിയിടികളും, 'പിന്നിൽ നിന്നുള്ള ഇടി' എന്ന് തരംതിരിക്കുന്നു. ഇവ എല്ലാ കൂട്ടിയിടികളുടെയും 21 ശതമാനത്തിലധികം വരും, നേർക്ക് നേരെയുള്ള കൂട്ടിയിടികൾ (ഹെഡ് ഓൺ കൊളിഷൻസ്) 16.9 ശതമാനമാണ്.
4. ഭൂരിഭാഗം റോഡപകടങ്ങളും തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസങ്ങളിലാണ് സംഭവിച്ചത്
എല്ലാ അപകടങ്ങളുടെയും മരണങ്ങളുടെയും ഏതാണ്ട് നാലിലൊന്ന് 'വെയിൽ/തെളിഞ്ഞ' കാലാവസ്ഥയുള്ള സമയങ്ങളിലാണ് നടന്നത്. മഴ, മൂടൽമഞ്ഞ്, ആലിപ്പഴം പൊഴിച്ചിൽ തുടങ്ങിയ പ്രതികൂല കാലാവസ്ഥകളിലെ അപകടങ്ങൾ 2022 ലെ മൊത്തം റോഡ് അപകടങ്ങളുടെ 16.6 ശതമാനം മാത്രമാണ്.
5. ഏറ്റവും കൂടുതൽ അപകടങ്ങൾക്കും മരണങ്ങൾക്കും ഇടയാക്കിയത് ഇരുചക്രവാഹനങ്ങളാണ്
2022ൽ 63,115 ഇരുചക്രവാഹന അപകടങ്ങളാണ് ഉണ്ടായത്.ഇത് 25,228 മരണങ്ങൾക്ക് കാരണമായി. കാറുകളും കാൽനടയാത്രക്കാരുമാണ് അടുത്ത ഏറ്റവും കൂടുതൽ അപകടങ്ങൾ നേരിട്ടത്, ഇത് 29,005 അപകടങ്ങളും 10,174 മരണവും കാർ യാത്രക്കാർക്ക് നേരിട്ടതാണ്, കാൽനടക്കാർക്ക് 20,513 അപകടങ്ങളും അതിൽ 10,160 മരണവും സംഭവിച്ചു.
6. ഏറ്റവും ഉയർന്ന മരണനിരക്ക് സിക്കിമിലും ഏറ്റവും കുറവ് ലഡാക്ക്, ദാമൻ & ദിയുവിലും
ഒരു നിശ്ചിത സ്ഥലത്തെ വാഹന ജനസംഖ്യയുമായി ബന്ധപ്പെട്ട റോഡപകടങ്ങളെ വിശദീകരിക്കാൻ മരണനിരക്ക് ഉപയോഗിക്കുന്നു. ഓരോ 10,000 വാഹനങ്ങളിലും റോഡപകട മരണങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഇത് കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ മരണനിരക്ക് റിപ്പോർട്ട് ചെയ്തത് സിക്കിമിലാണ്, പതിനായിരം വാഹനങ്ങളിൽ 17 മരണമാണ് സിക്കിമിൽ സംഭവിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിലും ദാമൻ & ദിയുവിലുമാണ് ഏറ്റവും കുറഞ്ഞ മരണനിരക്ക് . ഈ പ്രദേശങ്ങളിൽ വാഹനാപകട മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഖിലേന്ത്യാതലത്തിലെ വാഹനാപകട മരണ നിരക്ക് 5.2 ആണ്. കേരളത്തിലെ 2022 ലെ വാഹാനപകട മരണ നിരക്ക് പതിനായിരം വാഹനങ്ങൾക്ക് മൂന്ന് ആണ്.
7. ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്
തമിഴ്‌നാട്ടിൽ 64,105 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു, മുൻവർഷത്തേക്കാൾ 15.1 ശതമാനം വർധനവാണിത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം അപകടങ്ങളുടെ 13 ശതമാനത്തിലധികം വരും ഇത്. 54,432 അപകടങ്ങൾ റിപ്പോർട്ട് ചെയ്ത മധ്യപ്രദേശാണ് തൊട്ടടുത്ത സ്ഥാനത്ത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.