ഇന്ന് ആരംഭിച്ച എക്കാലത്തെയും വലിയ സ്പെക്ട്രം ലേലത്തിലൂടെ 5ജി യുഗത്തിലേക്ക് സുപ്രധാന ചുവടുവയ്പ് നടത്താൻ ഒരുങ്ങുകയാണ് രാജ്യം. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡേറ്റാ നെറ്റ്വർക്സ് എന്നീ നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്.
ആകെ 72 ജിഗാഹെർട്സ് സ്പെക്ട്രത്തിന്റെ ലേലമാണ് നടക്കുന്നത്. നിലവില് നാല് കമ്പനികളും കൂടി ഏണസ്റ്റ് മണി ഡെപ്പോസിറ്റായി (EMDs) ആയി 21,800 കോടി രൂപ ഇതിനോടകം ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ ഭാരതി എയർടെൽ 5,500 കോടിയും വോഡഫോൺ ഐഡിയ 2,200 കോടിയും അദാനി ഗ്രൂപ്പ് 100 കോടിയും നിക്ഷേപിച്ചപ്പോൾ റിലയൻസ് ജിയോയുടെ നിക്ഷേപം 14,000 കോടി രൂപയാണ്.
ഏതൊക്കെ ബാൻഡുകളാണ് ലേലം ചെയ്യുക?
20 വർഷത്തേക്ക് മൊത്തം 72,097.85 മെഗാഹെർട്സ് (72 ജിഗാഹെർട്സ്) സ്പെക്ട്രമാണ് 26 മുതൽ ലേലം ചെയ്യുക. ലോ ഫ്രീക്വൻസി വിഭാഗത്തിൽ 600, 700, 800, 900, 1,800, 2,100, 2,300,മെഗാഹെർട്സ് സ്പെക്ട്രങ്ങളും മിഡ് ഫ്രീക്വൻസി 3300 മെഗാഹെർട്സ് സ്പെക്ട്രവും ഹൈ ഫ്രീക്വൻസി വിഭാഗത്തിൽ 26 ജിഗാഹെർട്സ് സ്പെക്ട്രങ്ങളുമാണ് ലേലം ചെയ്യുന്നത്.
“നിലവിലെ 4ജി സേവനങ്ങളേക്കാൾ 10 മടങ്ങ് കൂടുതൽ വേഗതയും ശേഷിയും നൽകാൻ കഴിവുള്ള 5ജി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ പുറത്തിറക്കാൻ ടെലികോം സേവന ദാതാക്കൾ മിഡ്, ഹൈ ബാൻഡ് സ്പെക്ട്രം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് കഴിഞ്ഞ മാസം പുറപ്പെടുവിച്ച കേന്ദ്രമന്ത്രിസഭാ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഇ എം ഡി തുകയുടെ പ്രാധാന്യം എന്താണ്?
ഇ എം ഡി (ഏണസ്റ്റ് മണി ഡെപ്പോസിറ്റ്) തുക, ഒരു കമ്പനി വാങ്ങാൻ ആഗ്രഹിക്കുന്ന സ്പെക്ട്രത്തിന്റെ അളവിനെ സൂചിപ്പിക്കുന്നു. അത് അവരുടെ ലേല തന്ത്രത്തെ സംബന്ധിച്ചും സ്പെക്ട്രം വാങ്ങൽ ശേഷിയെ സംബന്ധിച്ചും സൂചന നൽകുന്നു.
ഇ എം ഡി അനുസരിച്ച് ഓരോ കമ്പനികൾക്കും യോഗ്യതാ പോയിന്റുകൾ നൽകുന്നു,. അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് സ്പെക്ട്രം ബാൻഡുകൾ നൽകാനാകും. അദാനി ഗ്രൂപ്പിന്റെ ഇ എം ഡി അടിസ്ഥാനമാക്കിയാൽ അവർ 700 കോടി രൂപയുടെ സ്പെക്ട്രം വാങ്ങാൻ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
ഇ എം ഡി തുകകളിലെ വ്യത്യാസം വ്യക്തമാക്കുന്നത് എന്ത്?
അദാനി ഗ്രൂപ്പിന്റെ ഇ എം ഡിയും മറ്റു മൂന്ന് ടെലികോം കമ്പനികളുടെ, പ്രത്യേകിച്ച് ജിയോയുടെ തുകയും തമ്മിൽ ഇത്രയും വലിയ വ്യത്യാസമുള്ളതിനാൽ, അവർ നേരിട്ട് 5ജി രംഗത്തേക്ക് വരില്ലെന്നാണ് വിദഗ്ധർ മനസിലാക്കുന്നത്. എന്നിരുന്നാലും, സ്വകാര്യ 5ജി നെറ്റ്വർക്കുകൾക്കായാണ് ലേലത്തിലേക്കു വരുന്നതെന്ന് വ്യക്തമാക്കിയ അദാനി ഗ്രൂപ്പ്, എന്റർപ്രൈസ് സൊല്യൂഷൻ വെർട്ടിക്കലിൽ ടെലികോം കമ്പനികൾക്ക് എതിരാളിയായി മാറിയേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അദാനി: എയർപോർട്ടുകൾ, പവർ ജനറേഷൻ പ്ലാന്റുകൾ, ലോജിസ്റ്റിക്സ്, തുറമുഖങ്ങൾ തുടങ്ങിയ ബിസിനസ് വെർട്ടിക്കലുകൾക്കായി സ്വകാര്യ നെറ്റ്വർക്കുകൾ നിർമിക്കാൻ മാത്രമാണ് ലേലത്തിൽ പങ്കെടുക്കുന്നതെന്ന് അദാനി ഗ്രൂപ്പ് നേരത്തെ പറഞ്ഞിരുന്നു. ഇതു കണക്കിലെടുത്താൽ, കമ്പനി 26 ജിഗാഹെർട്സ് ബാൻഡിനായി ലേലം വിളിച്ചേക്കുമെന്ന് ഫീൽഡ് ട്രാക്കിങ് നിരീക്ഷകർ വിശ്വസിക്കുന്നു. ഉയർന്ന വേഗതയും കുറഞ്ഞ ലേറ്റൻസി ബാൻഡും സ്വകാര്യ നെറ്റ്വർക്കുകൾക്ക് അനുയോജ്യവുമാണ്. മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ അദാനിയുടെ കുറഞ്ഞ ഇഎംഡി, “സ്പെക്ട്രം ലേലത്തിൽ അതിന്റെ പങ്കാളിത്തം 26ജിഗാഹെർട്സ് ബാൻഡിലേക്ക് പരിമിതപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്നു”, എന്ന് ക്രെഡിറ്റ് സ്യൂസ് റിപ്പോർട്ടിൽ പറഞ്ഞു.
ജിയോ: അതേസമയം, ജിയോയ്ക്ക് ഏകദേശം 1,30,000 കോടി രൂപ വിലമതിക്കുന്ന സ്പെക്ട്രം വാങ്ങാൻ സാധിക്കും. കൂടാതെ ആപ്ലിക്കേഷനുകൾക്ക് ഏറ്റവും അനുയോജ്യമായ പ്രീമിയം 700 മെഗാഹെർട്സ് ബാൻഡിനായുള്ള ലേലത്തിലും പങ്കെടുക്കാം.
എയർടെൽ: 5,500 കോടി രൂപയുടെ ഇഎംഡിയുള്ള എയർടെൽ 3.5 ജിഗാഹെർട്സ്, 26 ജിഗാഹെർട്സ് ബാൻഡിലേക്കായി ലേലംവിളി നിയന്ത്രിക്കുമെന്ന് ക്രെഡിറ്റ് സ്യൂസ് പറയുന്നു. “കൂടാതെ, ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സർക്കിളുകളിൽ 900, 1800 മെഗാഹെർട്സ് ബാൻഡുകളിലെ സ്പെക്ട്രം തിരഞ്ഞെടുക്കാനും എയർടെല്ലിന് കഴിയും.”
വോഡഫോൺ: വോഡഫോൺ ഐഡിയയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ സ്പെക്ട്രത്തിന് മാത്രമേ ലേലം വിളിക്കാൻ കഴിയൂയെന്ന് ക്രെഡിറ്റ് സ്യൂസ് പറയുന്നു. അത് 3.5ജിഗാഹെർട്സ് ബാൻഡിൽ ~50 മെഗാഹെർട്സും 26 ജിഗാഹെർട്സ് ബാൻഡുകളിൽ 400മെഗാഹെർട്സും ആയിരിക്കും.