scorecardresearch

Election Results 2022: പഞ്ചാബ് ആം ആദ്മി തൂത്തുവാരിയത് എങ്ങനെ? 5 കാരണങ്ങൾ

രണ്ടു പ്രമുഖ പാർട്ടികളുടെ 70 വർഷത്തെ ഭരണത്തിൽ പഞ്ചാബിലെ ജനങ്ങൾ മനസ് മടുത്തുവെന്നതിന്റെ സന്ദേശമാണ് എഎപിയുടെ മുന്നേറ്റം നൽകുന്നത്

രണ്ടു പ്രമുഖ പാർട്ടികളുടെ 70 വർഷത്തെ ഭരണത്തിൽ പഞ്ചാബിലെ ജനങ്ങൾ മനസ് മടുത്തുവെന്നതിന്റെ സന്ദേശമാണ് എഎപിയുടെ മുന്നേറ്റം നൽകുന്നത്

author-image
WebDesk
New Update
Punjab, aap, ie malayalam

പഞ്ചാബിൽ ആം ആദ്മി പാർട്ടി തരംഗം. സംസ്ഥാനത്തെ രണ്ടു മുൻനിര പാർട്ടികളായ കോൺഗ്രസിനെയും ശിരോമണി അകാലി ദളിനെയും ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് എഎപിയുടെ മുന്നേറ്റം. കഴിഞ്ഞ ഏഴു ദശാബ്ദക്കാലമായി മാറി മാറി ഭരിച്ച പാർട്ടികളെ നിലംപരിശാക്കി പഞ്ചാബിലെ ആം ആദ്മി പാർട്ടി നടത്തിയ മുന്നേറ്റത്തിന്റെ അഞ്ചു കാരണങ്ങൾ.

Advertisment

മാറ്റത്തിന്റെ മുഖം

പഞ്ചാബിൽ 1997 മുതൽ 2001 വരെ ശിരോമണി അകാലിദൾ-ബിജെപി സഖ്യമാണ് ഭരിച്ചത്. 2007 ലും 2012 ലും കോൺഗ്രസായിരുന്നു ഭരണത്തലപ്പത്ത്. ഇത്തവണ ജനങ്ങൾ മാറ്റത്തിനായ് വോട്ട് ചെയ്തു. രണ്ടു പ്രമുഖ പാർട്ടികളുടെ 70 വർഷത്തെ ഭരണത്തിൽ ജനങ്ങൾ മനസ് മടുത്തുവെന്നതിന്റെ സന്ദേശമാണ് എഎപിയുടെ മുന്നേറ്റം നൽകുന്നത്. 'ഇത്തവണ നിങ്ങൾ വഞ്ചിതരാകില്ല, ഭഗവന്ത് മാനും കേജ്‌രിവാളിനും ഒരവസരം നൽകൂവെന്ന' എഎപി മുദ്രാവാക്യം ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയതിന്റെ സൂചനയാണ് പഞ്ചാബിലെ അവരുടെ വിജയം കാണിക്കുന്നത്.

ഡൽഹി മോഡൽഭരണം

എഎപി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ തന്റെ ഡൽഹി മോഡൽ ഭരണമാണ് പഞ്ചാബിലെ ജനങ്ങൾക്കു മുന്നിലും വാഗ്‌ദാനം ചെയ്തത്. എഎപി അധികാരത്തിലെത്തിയാൽ ഗുണനിലവാരമുള്ള സർക്കാർ വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം എന്നിവ കുറഞ്ഞ നിരക്കിൽ പഞ്ചാബിലെ ജനങ്ങൾക്കും ലഭ്യമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. ഉയർന്ന വൈദ്യുതി നിരക്കും വിദ്യാഭ്യാസവും ആരോഗ്യരംഗവും കൂടുതലും സ്വകാര്യവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തിലെ ജനങ്ങൾ കേജ്‌രിവാളിനൊപ്പം നിന്നുവെന്നതിൽ അതിശയിക്കേണ്ടതില്ല.

യുവാക്കളും സ്ത്രീകളും

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് യുവാക്കളും സ്ത്രീകളുമായ വോട്ടർമാരിൽനിന്നും വലിയൊരു പിന്തുണ ഇത്തവണ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുനിന്നും അഴിമതിയെ വേരോടെ പിഴുതെറിയുമെന്ന കേജ്‌രിവാളിന്റെ വാഗ്‌ദാനം, 'നിലവിലെ സംവിധാനം' മാറണമെന്ന് താൽപര്യമുള്ള യുവാക്കളിൽ പ്രതിധ്വനിച്ചു. നല്ല വിദ്യാഭ്യാസവും തൊഴിലവസരങ്ങളും എഎപി അധികാരത്തിലെത്തിയാൽ തങ്ങൾക്ക് ലഭ്യമാകുമെന്ന് അവർ വിശ്വസിച്ചു. അതുപോലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുമെന്ന എഎപിയുടെ വാഗ്‌ദാനം സ്ത്രീകൾക്ക് ഏറെ ഇഷ്ടപ്പെട്ടു. അത്തരം ജനകീയ വാഗ്‌ദാനങ്ങൾ സാധാരണയായി ലംഘിക്കപ്പെടുമെന്ന് പലരും സമ്മതിക്കുന്നുണ്ട്. എങ്കിലും സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ ഇതിലൂടെ എഎപിക്ക് കഴിഞ്ഞു, പുരുഷാധിപത്യ സംസ്ഥാനത്ത് അതൊരു വലിയ വാഗ്‌ദാനമായിരുന്നു.

Advertisment

ഭഗ്‌വന്ത് സിങ് മാൻ എഎപിയുടെ മുഖ്യമന്ത്രി മുഖം

ഭഗ്‌വന്ത് സിങ് മാനെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത് പാർട്ടിക്ക് പഞ്ചാബിൽ വൻ നേട്ടത്തിന് വഴിയൊരുക്കി. രാഷ്ട്രീയവും സാമൂഹികവുമായ ആക്ഷേപഹാസ്യത്തിലൂടെ നിരവധി പഞ്ചാബികളുടെ ഹൃദയത്തിൽ ഇടം നേടിയ ജനപ്രിയ ഹാസ്യനടനായ മാന്, മറ്റേതു പരമ്പരാഗത രാഷ്ട്രീയക്കാരനെയും പോലെയല്ല, മണ്ണിന്റെ മകന്റെ പ്രതിച്ഛായയാണ്. താൻ എങ്ങനെയാണ് ഒരു വാടകവീട്ടിൽ താമസിച്ചതെന്നും, തുടർച്ചയായ എല്ലാ തിരഞ്ഞെടുപ്പുകളിലും തന്റെ ആസ്തി എങ്ങനെ കുറയുന്നുവെന്നും അദ്ദേഹം വിവരിച്ചത് വോട്ടുകളായി മാറുന്നതിൽ വഴിതെളിഞ്ഞു.

കർഷക സമരവും മാൾവയും

മോദി സർക്കാരിന്റെ വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാൻ ഒരു വർഷത്തോളം കർഷകർ നടത്തിയ സമരവും അതിന്റെ വിജയവും പഞ്ചാബിൽ ഭരണ മാറ്റത്തിന് കാരണമായി. കർഷക സമരവും ഇത്തവണത്തെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. പഞ്ചാബിലെ ആകെയുള്ള 117 നിയമസഭ മണ്ഡലങ്ങളിൽ മാൾവയിൽ മാത്രം 69 അസംബ്ലി സീറ്റുകളാണുള്ളത്. മാൾവയിലെ വോട്ട് ബാങ്കിനെ സ്വാധീനിക്കുന്നത് കർഷക സംഘടനകളാണ്. ഇത്തവണ കർഷകരും എഎപിക്ക് ഒപ്പം നിന്നുവെന്നതിന്റെ തെളിവാണ് ബിജെപിയിലെ ഭരണമാറ്റം.

Read More: Election Results 2022: ആദ്യം ഡല്‍ഹി, ഇപ്പോള്‍ പഞ്ചാബ്; ദേശീയരാഷ്ട്രീയത്തിലേക്ക് ആം ആദ്മി

Punjab Aap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: