2020 അധിവര്‍ഷമാണ്. അതായത് ഫെബ്രുവരിയില്‍ 28 ദിവസത്തിനു പകരം 29 ദിവസമുണ്ട്. ഈ വര്‍ഷം 365 ദിവസത്തിനുപകരം 366 ദിവസമുണ്ട്. 2016-ലായിരുന്നു ഇതിനു മുന്‍പത്തെ അധിവര്‍ഷം. അടുത്തത് 2024-ല്‍.
അധിവര്‍ഷമുണ്ടാകുന്നത് എങ്ങനെ?
ഭൂമിയിലെ ഋതുക്കള്‍ക്കനുസരിച്ചാണു കലണ്ടര്‍ തയാറാക്കുന്നത്. ഭൂമി സൂര്യനെ ഭ്രമണം ചെയ്യാനെടുക്കുന്നതിനു തുല്യമായ സമയവും കലണ്ടറിലെ ദിവസങ്ങളുടെ എണ്ണവും തുല്യമാകണം.
ഏകദേശം 365.242 ദിവസമാണ് സൂര്യനെ ചുറ്റാന്‍ ഭൂമിയ്ക്കു വേണ്ടിവരുന്നത്. സാധാരണ വര്‍ഷങ്ങളില്‍ 365 ദിവസങ്ങളാണുള്ളത്. ബാക്കി വരുന്ന 0.242 ദിവസത്തെ ഓരോ നാലു വര്‍ഷം കൂടുമ്പോഴും ഒരു മുഴുവന്‍ ദിവസമായി കണക്കാക്കി അധിവര്‍ഷത്തെ ഫെബ്രുവരിയില്‍ കലണ്ടറില്‍ ചേര്‍ക്കും. ഇത് ഏകദേശം 365.25 ദിവസമാണ്. ഈ സംഖ്യ യഥാര്‍ഥത്തിലുള്ള 365.242 ദിവസത്തിന് അടുത്തുവരും
എന്നാലിത് കൃത്യമാണോ?
നമ്മളിന്നു പിന്തുടരുന്ന ഗ്രിഗോറിയന്‍ കലണ്ടറില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 1582-ലാണ് ഗ്രിഗോറിയന്‍ അവതരിപ്പിച്ചത്. അതിനു മുമ്പ് ജൂലിയന്‍ കണ്ടറാണ് പിന്തുടര്‍ന്നിരുന്നത്. ഇത് ബി.സി 45ല്‍ അവതരിപ്പിച്ചതാണ്. ഈ കലണ്ടറുകള്‍ അധിവര്‍ഷത്തെ വ്യത്യസ്തമായ രീതിയിലാണ് സമീപിച്ചിരുന്നത്.
എല്ലാ നാലുവര്‍ഷത്തിലൊരിക്കല്‍ അധിവര്‍ഷം ജൂലിയന്‍ കലണ്ടറിലും ഉണ്ടായിരുന്നു. എന്നാല്‍ ഭൂമിയുടെ ഭ്രമണസമയത്തെ കൃത്യമായി ഇത് പിന്തുടര്‍ന്നില്ല. പ്രകൃത്യാലുള്ള ഋതുക്കള്‍ നൂറ്റാണ്ടുകളോളം ഈ കലണ്ടറില്‍ പിന്നിലായിരുന്നു. 16-ാം നൂറ്റാണ്ടായപ്പോഴേക്കും 10 ദിവസത്തോളം പിന്നിലായിരുന്നു ഋതുക്കള്‍.
ഈ തെറ്റ് 1582-ല്‍ പോപ് ഗ്രിഗറി പതിമൂന്നാമനാണ് തിരുത്തുന്നത്. അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരം ആ വര്‍ഷം ഒക്ടോബര്‍ നാലിന്റെ പിറ്റേദിവസം വരുന്നത് ഒക്ടോബര്‍ 15-ാണ്. കൂടാതെ അധിവര്‍ഷ സംവിധാനത്തെ പോപ് ക്രമീകരിക്കുകയും ചെയ്തു. ഈ സംവിധാനം ഗ്രിഗോറിയന്‍ കലണ്ടര്‍ എന്ന് അറിയപ്പെട്ടു.
എന്താണ് പുതിയ സംവിധാനം?
ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് വര്‍ഷത്തിന്റെ അവസാനം 00 ആകുന്ന നൂറാം വര്‍ഷം അധിവര്‍ഷം അല്ല. നാലിന്റെ ഗുണിതമാണെങ്കില്‍ പോലും ഈ നിയമത്തിന് മാറ്റമില്ല. അതിനാല്‍ 2100 ഒരു അധിവര്‍ഷമല്ല.
എന്നാല്‍ ഈ മാറ്റം കലണ്ടറിന് പൂര്‍ണ കൃത്യത നല്‍കുന്ന00ില്ല. അതിനാല്‍ കൃത്യത ഉറപ്പുവരുത്താന്‍ 400 കൊണ്ട് വിഭജിക്കാന്‍ പറ്റുന്ന നൂറ്റാണ്ട് വര്‍ഷത്തെ അധിവര്‍ഷമായി കണക്കാക്കുന്നു. അതിനാല്‍ 00 വന്നിട്ടും 2000 ഒരു അധിവര്‍ഷമായി.
ജൂലിയന്‍ കലണ്ടറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ തെറ്റ് കുറയ്ക്കുന്നു. അതിനാല്‍ ദിവസങ്ങള്‍ ഋതുക്കള്‍ക്കനുസരിച്ച് വര്‍ഷങ്ങളില്‍ തന്നെ വരുന്നു.