scorecardresearch
Latest News

ആന്ധ്രാ പ്രദേശിലെ പുതിയ 13 ജില്ലകളും അവ രൂപീകരിക്കാനുള്ള കാരണങ്ങളും

സംസ്ഥാനത്ത് ഇപ്പോൾ 26 ജില്ലകളായി, നേരത്തെ ഉണ്ടായിരുന്ന 13 ജില്ലകളുടെ ഇരട്ടി

ആന്ധ്രാ പ്രദേശിലെ പുതിയ 13 ജില്ലകളും അവ രൂപീകരിക്കാനുള്ള കാരണങ്ങളും

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി തിങ്കളാഴ്ച (ഏപ്രിൽ 4) സംസ്ഥാനത്ത് 13 പുതിയ ജില്ലകൾ ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ 26 ജില്ലകളായി, നേരത്തെ ഉണ്ടായിരുന്ന 13 ജില്ലകളുടെ ഇരട്ടി.

പുതിയ ജില്ലകൾ ഇവയാണ്: 1) പാർവതീപുരം മന്യം, 2) അനകപ്പള്ളി, 3) അല്ലൂരി സീതാരാമ രാജു, 4) കാക്കിനട, 5) കോനസീമ, 6) ഏലൂരു, 7) പൽനാട്, 8) ബപട്‌ല, 9) നന്ദ്യാല, 10) ശ്രീ സത്യസായി, 11) ശ്രീ ബാലാജി, 12) അന്നമയ, 13) എൻടിആർ.

എപ്പോഴാണ് കൂടുതൽ ജില്ലകൾ എന്ന ഈ ആശയം വന്നത്?

സംസ്ഥാനത്തിന് കൂടുതൽ ചെറിയ ജില്ലകൾ വേണമെന്ന് മുഖ്യമന്ത്രി പണ്ടേ വാദിച്ചിരുന്നു. യുവജന ശ്രമിക കർഷക കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) അധികാരത്തിൽ വന്നാൽ, സംസ്ഥാനത്ത് പാർലമെന്റ് മണ്ഡലങ്ങളെ അടിസ്ഥാനമാക്കി പുതിയ ജില്ലകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. ആന്ധ്രാപ്രദേശിൽ 25 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്.

ഈ വർഷത്തെ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ ഈ നിർദ്ദേശം പരാമർശിച്ചുിരുന്നു. ഏപ്രിൽ ആദ്യവാരം തെലുങ്ക് പുതുവർഷത്തോടെ പുതിയ ജില്ലകൾ സൃഷ്ടിക്കപ്പെടുമെന്ന് പറഞ്ഞിരുന്നു.

തൊട്ടുപിന്നാലെ, നിലവിലുള്ള ജില്ലകളുടെ അതിർത്തികൾ ജില്ലകളുടെയോ റവന്യൂ ഡിവിഷനുകളുടെയോ എണ്ണം ഇരട്ടിയാക്കി 26 ആയി പുനർനിർണയിക്കുമെന്ന് പറഞ്ഞ് സർക്കാർ ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 1974ലെ ആന്ധ്രാപ്രദേശ് ഡിസ്ട്രിക്റ്റ്സ് (ഫോർമേഷൻ) ആക്ട് പ്രകാരമായിരുന്നു അത്.

ഏത് ജില്ലകളുടെ അതിർത്തികളാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്?

ശ്രീകാകുളം, പ്രകാശം, നെല്ലൂർ ജില്ലകൾ ഒഴികെ നിലവിലുള്ള 10 ജില്ലകളെ രണ്ടോ അതിലധികമോ ജില്ലകൾ വീതമായി തിരിച്ചിട്ടുണ്ട്.

വിജയനഗരം ജില്ല വിഭജിച്ച് പാർവതിപുരം മന്യം എന്ന പുതിയ, സമ്പൂർണ ആദിവാസി ജില്ല രൂപീകരിച്ചു.

വിശാഖപട്ടണത്തിൽ നിന്ന് അനകപ്പള്ളി, അല്ലൂരി സീതാരാമ രാജു എന്നീ രണ്ട് പുതിയ ജില്ലകൾ രൂപീകരിച്ചു. അരക്കു പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ അല്ലൂരി സീതാരാമ രാജു ജില്ല പൂർണ്ണമായും ആദിവാസി ഭൂരിപക്ഷ ജില്ലയാണ്. 1922-ലെ റമ്പാ ഗോത്രവർഗ കലാപത്തിന് നേതൃത്വം നൽകിയ ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലാണ് ജില്ല അറിയപ്പെടുന്നത്.

നിലവിലുള്ള ഈസ്റ്റ് ഗോദാവരി ജില്ലയെ മൂന്നായി വിഭജിക്കുകയും കാക്കിനഡ, കോനസീമ എന്നീ രണ്ട് പുതിയ ജില്ലകൾ നിലവിൽ വരികയും ചെയ്തു.

വെസ്റ്റ് ഗോദാവരി ജില്ലയിൽ നിന്ന് ഏലൂർ ജില്ല രൂപീകരിച്ചിരിക്കുന്നത്. ഗുണ്ടൂർ ജില്ലയെ മൂന്നായി വിഭജിച്ചു, പൽനാട്, ബപട്‌ല എന്നീ രണ്ട് പുതിയ ജില്ലകൾ നിലവിൽ വന്നു.

കർണൂലിൽ നിന്ന് നന്ദ്യാല ഒരു പ്രത്യേക ജില്ലയായി രൂപീകരിച്ചു.
ശ്രീ സത്യസായി ജില്ല അനന്തപൂരിൽ നിന്ന് വിഭജിച്ചു. ചിറ്റൂരിൽ നിന്ന് ശ്രീ ബാലാജി ജില്ല രൂപീകരിച്ചു. തിരുമലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന വെങ്കിടേശ്വര ക്ഷേത്രവും തീർത്ഥാടന നഗരമായ തിരുപ്പതിയും ഈ ജില്ലയിലാണ്.

കടപ്പയിൽ നിന്നാണ് അന്നമയ ജില്ല രൂപീകരിച്ചത്. നിലവിലുള്ള കൃഷ്ണ ജില്ലയിൽ നിന്നാണ് എൻടിആർ എന്ന പുതിയ ജില്ല രൂപീകരിച്ചത്. ടിഡിപിയുടെ സ്ഥാപകന്റെ പേരിൽ ഒരു ജില്ലയ്ക്ക് പേരിട്ടത് പ്രധാന പ്രതിപക്ഷ പാർട്ടിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നായിഡുവിന്റെ അഭ്യർത്ഥന മാനിച്ച് ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു എംഎൽഎയായ കുപ്പത്തിനും തന്റെ സർക്കാർ റവന്യൂ ഡിവിഷൻ പദവി നൽകിയതായി മുഖ്യമന്ത്രി റെഡ്ഡി തിങ്കളാഴ്ച പറഞ്ഞു. 14 വർഷം മുഖ്യമന്ത്രിയായിരുന്നിട്ടും നായിഡുവിന് ചെയ്യാൻ കഴിയാത്തത് തന്റെ സർക്കാർ ചെയ്തുവെന്നും റെഡ്ഡി പറഞ്ഞു.

പുതിയ ജില്ലകൾ രൂപീകരിക്കാനുള്ള കാരണം എന്താണ്?

വികേന്ദ്രീകരണവും ചെറിയ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളും മികച്ച ഭരണവും സുതാര്യതയും കാഴ്ചവയ്ക്കുുമെന്നും ക്ഷേമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി റെഡ്ഡി തിങ്കളാഴ്ച പറഞ്ഞു. മെച്ചപ്പെട്ട ഭരണവും വികസനവും മുൻനിർത്തിയാണ് നടപടിയെന്ന് ജനുവരിയിൽ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ആദ്യ 13 ജില്ലകളിലും ശരാശരി 38.15 ലക്ഷം പേർ താമസിക്കുന്നുണ്ടായിരുന്നുവെന്നും പുതിയ ജില്ലകൾ രൂപീകരിച്ചതോടെ ഇത് 19.07 ലക്ഷമായി കുറഞ്ഞെെന്നും മുഖ്യമന്ത്രി പറഞ്ഞു. അരുണാചൽ പ്രദേശ് പോലൊരു ചെറിയ സംസ്ഥാനത്തിന് പോലും മികച്ച ഭരണത്തിനായി 25 ജില്ലകളുണ്ടെന്നും റെഡ്ഡി പറഞ്ഞു.

കളക്ടർമാരുടെ പങ്കും അവരുടെ പരിധിയും കേവലം വരുമാനം ശേഖരിക്കുന്നതിൽ നിന്ന് ക്ഷേമപദ്ധതികളുടെ വിതരണ സംവിധാനത്തിലേക്കും ജനങ്ങളിലേക്ക് എത്തിക്കുന്നതിലേക്കും വിപുലീകരിച്ചിട്ടുണ്ടെന്നും 26 ജില്ലാ കളക്ടർമാരുടെയും ശ്രദ്ധ ഇനി സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിക്കുന്നതിലായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണം ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് സർക്കാർ നടപടി വിമർശിക്കപ്പെട്ടത്?

മെച്ചപ്പെട്ട ഭരണത്തിനായി ചെറിയ ജില്ലകൾ രൂപീകരിക്കുന്നത് തത്വത്തിൽ നല്ല ആശയമാണെങ്കിലും, അത് നടപ്പിലാക്കുന്നതിനായി സർക്കാർ മുന്നോട്ട് പോയതിൽ പ്രശ്‌നങ്ങളുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകരും എൻജിഒകളും മറ്റ് സംഘടനകളും വാദിക്കുന്നു.

ഹ്യൂമൻ റൈറ്റ്‌സ് ഫോറം “ജില്ലകളുടെ വിഭജനം വിശാലവും അർത്ഥവത്തായതുമായ പൊതു ചർച്ചയ്ക്ക് ശേഷം നടത്തണം” എന്ന് വാദിക്കുന്നു. എന്നാൽ ഈ കേസിൽ ” ശരിയായ ആലോചനയോ ജനാധിപത്യ കൂടിയാലോചനയോ ഉണ്ടായിട്ടില്ല” എന്നും സംഘടന പറയുന്നു.

പുതിയ അതിർത്തികൾ നിർദിഷ്ട ജില്ലാ ആസ്ഥാനവും സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങളും തമ്മിൽ ഗണ്യമായ അകലം ഉണ്ടാക്കുമെന്ന് ഫോറം പറയുന്നു. ചില സന്ദർഭങ്ങളിൽ, ജില്ലാ ആസ്ഥാനം കൂടുതൽ വിദൂരവും എത്തിച്ചേരാൻ പ്രയാസമായതുമാകുമെന്നും സംഘടന പറയുന്നു.

“ദൂരങ്ങൾ ഗണ്യമായി തുടരുമ്പോൾ പുതിയ ജില്ലകൾ സൃഷ്ടിക്കുന്നതിന്റെ അർത്ഥമെന്താണ്? ഈ രീതിയിൽ പുതിയ ജില്ലകൾ രൂപീകരിക്കുന്നത് മെച്ചപ്പെട്ട ഭരണമെന്ന പ്രഖ്യാപിത ലക്ഷ്യത്തെ ഒരു തരത്തിലും സുഗമമാക്കില്ല. പാർലമെന്റ് മണ്ഡലങ്ങൾ മാനദണ്ഡമാക്കി ജില്ലകളുടെ പുനഃസംഘടിപ്പിക്കുന്നത് അടിസ്ഥാനപരമായി പിഴവാണ്,” എച്ച്ആർഎഫ് വ്യക്തമാക്കി.

മുൻ ഐഎഎസ് ഓഫീസർ ഇഎഎസ് ശർമ്മ വാദിച്ചത് ആദിവാസി ജനസംഖ്യയുള്ള പ്രദേശങ്ങൾ വിഭജിക്കുന്നത് “ആദിവാസികളുടെ അവകാശങ്ങളുടെ ലംഘനമാണ്” എന്നാണ്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: 13 new districts andhra pradesh

Best of Express