കോവിഡ്-19 രോഗബാധയെ അതിജീവിച്ച മൂന്നു പേരിൽ ഒരാൾക്ക് വൈറസ് സ്ഥിരീകരിച്ച ശേഷമുള്ള ആറുമാസത്തിനുള്ളിൽ ന്യൂറോളജിക്കൽ (നാഡീവ്യൂഹസംബന്ധിയായ) അല്ലെങ്കിൽ സൈക്യാട്രിക് (മാനസികാരോഗ്യ സംബന്ധമായ) ആരോഗ്യപ്രശ്നങ്ങൾ സ്ഥിരീകരിക്കുന്നതായി പഠനം. ദി ലാൻസെറ്റ് സൈക്കിയാട്രി ജേണൽ എസ്റ്റിമേറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 230,000 രോഗികളുടെ മെഡിക്കൽ റെക്കോഡുകളിൽ നിന്നുള്ള വിവരങ്ങളാണ് പരിശോധിച്ചത്.

കോവിഡ് -19 രോഗവ്യാപനം ആരംഭിച്ചതുമുതലുള്ള കണക്കുകൾ പ്രകാരം രോഗത്തെ അതിജീവിച്ചവർക്ക് നാഡീപരമായ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്. ഇതേ ഗവേഷണ ഗ്രൂപ്പിന്റെ മുമ്പത്തെ നിരീക്ഷണ പഠനത്തിൽ, കോവിഡ് -19 അതിജീവിച്ചവർക്ക് അണുബാധയ്ക്ക് ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ മാനസികാസ്വസ്ഥതകളും ഉത്കണ്ഠയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നു.

എന്നിരുന്നാലും, കോവിഡ് -19 അണുബാധയ്ക്ക് ശേഷമുള്ള ആറുമാസത്തിനുള്ളിൽ ന്യൂറോളജിക്കൽ, സൈക്യാട്രിക് രോഗനിർണയത്തിനുള്ള അപകടസാധ്യതകൾ സംബന്ധിച്ച് വലിയ തോതിലുള്ള വിവരങ്ങളൊന്ന് പരിശോധിച്ചുകൊണ്ടുള്ള പഠന ഫലങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

Read More: ഒന്നിൽ കൂടുതൽ തവണ കോവിഡ് ബാധിക്കുമോ? കണ്ടെത്തൽ ഇങ്ങനെ

ഈ പുതിയ പഠനം യുഎസ് ആസ്ഥാനമായുള്ള ട്രൈനെറ്റ് എക്സ് നെറ്റ്‌വർക്കിൽ നിന്നുള്ള 236,379 കോവിഡ് -19 രോഗികളുടെ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുന്നു. ഈ രേഖകളിൽ ഇതിൽ 81 ദശലക്ഷത്തിലധികം ആളുകളുടെ വിവരങ്ങൾ ഉൾപ്പെടുന്നു.

10 വയസ്സിനു മുകളിൽ പ്രായമുള്ളവരും 2020 ജനുവരി 20 ന് ശേഷം കോവിഡ് ബാധിച്ചവരുമായ രോഗികളുടെ വിവരങ്ങളാണ് പരിശോധിച്ചത്. ആകെ 236,038 രോഗികളുൾക്ക് ശ്വാസകോശത്തിൽ ലഘുവായ അണുബാധ വന്നതായി കണ്ടെത്തി. ഇതിൽ ഇൻഫ്ലൂവൻസ കണ്ടെത്തിയവർ 105,579 പേരാണ്.

Read More: കോവിഡ്-19 രോഗവ്യാപനം ഗർഭകാലത്തെ പ്രശ്നങ്ങൾ വർധിക്കാൻ കാരണമായെന്ന് പഠനം

കോവിഡ് -19 അണുബാധയെത്തുടർന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതോ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടതോ ആയ തകരാറുകൾ 34 ശതമാനം പേരിലാണ് കണ്ടെത്തിയത്. ഇതിൽ 13ശതമാനം ആളുകൾ ആദ്യമായി അത്തരം രോഗബാധ സ്ഥിരീകരിച്ചവരുമാണ്.

ഉത്കണ്ഠാ പ്രശ്നങ്ങൾ (17ശതമാനം രോഗികളിൽ ), മൂഡ് സ്വിങ്സ് പ്രശ്നങ്ങൾ (14 ശതമാനം), ലഹരിവസ്തുക്കളുടെ ദുരുപയോഗം (7 ശതമാനം), ഉറക്കമില്ലായ്മ (5 ശതമാനം) എന്നിവയാണ് കോവിഡ് -19 ന് ശേഷമുള്ള ഏറ്റവും സാധാരണമായ പ്രശ്നങ്ങൾ. മസ്തിഷ്ക രക്തസ്രാവം 0.6 ശതമാനം പേരിലും, ഇസ്കെമിക് സ്ട്രോക്ക് 2.1ശതമാനം പേരിലും, ഡിമെൻഷ്യ 0.7% പേരിലും കണ്ടെത്തി. ഇത്തരം നാഡീവ്യവസ്ഥാ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയത് കുററവാണ്.

“ഈ കണ്ടെത്തലുകൾ നിലവിലുള്ള ഗവേഷണത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതായി പഠനത്തിന്റെ രചയിതാക്കൾ പറയുന്നു. “മിക്ക പ്രശ്നങ്ങളുടെയും വ്യക്തിഗത അപകടസാധ്യതകൾ വളരെ ചെറുതാണെങ്കിലും, പകർച്ചവ്യാധിയുടെ തോത് കാരണം മുഴുവൻ ജനസംഖ്യയിലുമുള്ള സ്വാധീനം ഗണ്യമായിരിക്കാം, മാത്രമല്ല ഈ അവസ്ഥകളിൽ പലതും വിട്ടുമാറാത്തതുമാണ്. ഇവയ്ക്ക് പരിഹാരം കാണാൻ വേണ്ട ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്,” ഗവേഷകർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook