മുംബൈ: ബിഗ് ബോസ് 11 മത്സരാര്‍ത്ഥിയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുവും കൂടിയായ സുബൈര്‍ ഖാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. പരിപാടിയുടെ അവതാരകനായ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്താണ് സുബൈര്‍ കടുംകൈ ചെയ്തത്. പരിപാടിയുടെ ആദ്യ ആഴ്ച്ചയില്‍ മോശം പെരുമാറ്റത്തിന് സുബൈറിനെ സല്‍മാന്‍ ശകാരിച്ചിരുന്നു.

ഉറക്കഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുബൈറിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുബൈര്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മകളുടെ ഭര്‍ത്താവാണ്. മറ്റ് രണ്ട് വനിതാ മത്സരാര്‍ത്ഥികളോട് മോശമായി സംസാരിച്ചതിനായിരുന്നു സല്‍മാന്‍ സുബൈറിനെ ശകാരിച്ചത്.

വ്യക്തിത്വം ഒളിപ്പിച്ചുവെക്കുന്നയാളാണ് സുബൈറെന്നും മോശപ്പെട്ട ഡോണ്‍ ആണെന്നും സല്‍മാന്‍ സുബൈറിനെ വിശേഷിപ്പിച്ചിരുന്നു. തന്നെ ‘ബായി’ എന്ന് വിളിക്കരുതെന്നും താരം സുബൈറിനോട് പറഞ്ഞു. മത്സരാര്‍ത്ഥിയായ അര്‍ഷി ഖാനെ ‘രണ്ട് രൂപയുടെ സ്ത്രീ’ എന്ന് വിളിച്ച് സുബൈര്‍ അധിക്ഷേപിച്ചിരുന്നു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും സുബൈര്‍ പേരുദോഷം ഉണ്ടാക്കിയെന്നും സല്‍മാന്‍ തുറന്നടിച്ചു. ഈ എപ്പിസോഡില്‍ മോശമായി പെരുമാറുന്ന മറ്റ് മത്സരാര്‍ത്ഥികളേയും സല്‍മാന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ