സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദും കെഎല്‍10ന്റെ സംവിധായകന്‍ മുഹ്‌സിന്‍ പരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന അടുത്ത ചിത്തിന് പേരായി. കാക്കതൊള്ളായിരത്തി ഇരുപത്തൊന്ന് (കാക്ക921) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുഹ്‌സിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താമസിയാതെ പുറത്തുവിടുമെന്ന് സക്കരിയാ മുഹമ്മദ് ഐ ഇ മലയാളത്തോടു പറഞ്ഞു.

ചിത്രം നിര്‍മ്മിക്കുന്നത് ഇ-ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സി.വി. സാരഥിയാണ്. സുഡാനിക്കു ശേഷം സൗബിന്‍ നായകനാകുന്ന ചിത്രം ‘അമ്പിളി’ നിര്‍മ്മിക്കുന്നതും സാരഥിയാണ്.

മലയാളത്തില്‍ അടുത്തകാലത്തെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായ ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന്‍െ തിരക്കഥയും സംവിധാനവും സക്കരിയയായിരുന്നു. ഈ ചിത്രത്തിന്റെ സംഭാഷണങ്ങളുടെ എഴുത്തില്‍ മുഹ്‌സിനും പങ്കാളിയായിട്ടുണ്ട്. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ സുഡാനി കേരളത്തില്‍ വന്‍ വിജയമായതിന് പിന്നാലെയാണ് മറ്റൊരു ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നത്.

കെഎല്‍10, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ മലപ്പുറം പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. സുഡാനിയില്‍ സൗബിനൊപ്പം സാമുവല്‍ റോബിന്‍സണും പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ മാനവികതയിലൂന്നിയ കഥയായിരുന്നു സുഡാനിയുടേത്.

കെഎല്‍10ല്‍ നായകനായി എത്തിയത് ഉണ്ണി മുകുന്ദനായിരുന്നു. ഫുട്‌ബോളും പ്രണയവും സൗഹൃദവുമെല്ലാം നിറഞ്ഞ ഒരു ചിത്രമായിരുന്നു ഇത്. ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook