മലയാള സിനിമാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസ് നായകനാകുന്ന ‘മിന്നൽ മുരളി’. മലയാളത്തിലെ ആദ്യ ‘സൂപ്പർഹീറോ മൂവി’ എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന് മലയാളത്തിൽ ഇതുവരെ കാണാത്ത പ്രൊമോഷനാണ് അണിയറപ്രവർത്തകർ നൽകുന്നത്. ചിത്രം നാളെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താനിരിക്കെ പുതിയ പ്രൊമോഷൻ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് മിന്നൽ മുരളിക്ക് സ്‌പീഡ് ടെസ്റ്റ് നൽകുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ റെസ്‌ലിങ് താരം ഗ്രേറ്റ് ഖാലിയോടൊപ്പമുള്ള ‘സൂപ്പർഹീറോ ടെസ്റ്റ്’ വീഡിയോയും നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയിരുന്നു. മിന്നൽ മുരളിയുടെ ശക്തിയാണ് ഖാലി അതിൽ പരീക്ഷിച്ചത്. പുതിയ വീഡിയോയിൽ ആറ് പന്തിൽ ആറ് സിക്സ് എന്ന നേടി വേഗത തെളിയിക്കാനാണ് യുവരാജ് ആവശ്യപ്പെടുന്നത്.
ആദ്യ വീഡിയോയിലെ പോലെ മിന്നൽ മുരളിയുടെ അമാനുഷിക ശക്തികൾ ഇതിലും കാണാം. മുരളിയുടെ ഓരോ മിന്നൽ സിക്സറുകളും കൊൽക്കത്ത, അബുദാബി എന്നിവിടങ്ങളിലൊക്കെയാണ് വീഴുന്നത്. എല്ലാ പന്തും മിന്നൽ മുരളി തന്നെ കൈകളിലാക്കുന്നുണ്ട്.
ഇടിമിന്നൽ ഏൽക്കുന്നതിലൂടെ അത്ഭുതശക്തികൾ ലഭിക്കുന്ന മുരളി എന്ന യുവാവിന്റെ കഥയാണ് ‘മിന്നൽ മുരളി’ എന്ന ചിത്രം പറയുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘മിന്നൽ മുരളി’ നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്.
Also Read: ‘മിന്നല്‍ മുരളി’യുടെ റിലീസ് സമയം പ്രഖ്യാപിച്ചു