തെന്നിന്ത്യന്‍ സിനിമ കാത്തിരിക്കുന്ന രണ്ടു വലിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ പ്രോമോഷന്‍ റിലീസുകള്‍ക്ക് ഇന്നലെ യൂട്യൂബ് സാക്ഷ്യം വഹിച്ചു.  താന്‍ നായകനായി എത്തുന്ന ‘മാരി 2’വിന്റെ ട്രെയിലര്‍ ധനുഷ് റിലീസ് ചെയ്തപ്പോള്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ഒടിയ’നിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ലാലേട്ടനും റിലീസ് ചെയ്തു.  ‘മാരി 2’ ട്രെയിലര്‍ രാവിലെ പതിനൊന്നു മണിയ്ക്കും, ‘ഒടിയനി’ലെ ഗാനം വൈകിട്ട് ആറു മണിക്കുമാണ്‌ റിലീസ് ചെയ്തത്.  ഒരു രാത്രി പിന്നിടുമ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗ് സ്ഥാനം പിടിക്കാനായി  ‘ഒടിയ’നും ‘മാരി 2’വും കട്ടയ്ക്ക് മത്സരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്‌.

യൂട്യൂബ് ട്രെന്‍ഡിംഗ് വീഡിയോസ്/സ്ക്രീന്‍ഷോട്ട്

95 ലക്ഷത്തോളം വ്യൂസുമായി ‘മാരി 2’വിന്റെ ഒഫീഷ്യല്‍ ട്രെയിലറാണ് ട്രെന്‍ഡിങ്ങില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.  മലയാളി താരം ടോവിനോ തോമസ്‌ ആണ് ‘മാരി 2’വിലെ വില്ലന്‍ എന്നത് കൊണ്ടാവാം ചിത്രത്തിന്റെ ട്രെയിലറിന് കൂടുതല്‍ കമന്റ്‌സും മലയാളികളുടെ വകയാണ്.  മോഹന്‍ലാല്‍ തന്നെ ആലപിച്ച ‘ഒടിയ’നിലെ ‘ഏനൊരുവന്‍’ എന്ന  ഗാനം റിലീസ് ചെയ്തിട്ട് 17 മണിക്കൂറുകള്‍ ആകുമ്പോള്‍ ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനത്താണ് ഈ പാട്ടിപ്പോള്‍. ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് ഈ വീഡിയോ ഇതു വരെ കണ്ടത്.

Read More: യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയി ‘ഒടിയനി’ലെ ഗാനം

മോഹന്‍ലാലാണ് ഗാനം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. പ്രഭാവര്‍മയുടെ വരികള്‍ക്ക് ജയചന്ദ്രനാണ് സംഗീതം.  മോഹന്‍ലാല്‍ നായകനായെത്തുന്ന വി.എ ശ്രീകുമാര്‍ മേനോന്‍ ചിത്രം ‘ഒടിയ’നിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ദിവസങ്ങളോളം യൂടൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്തായിരുന്നു. അതിനു പിന്നാലെയാണ് ‘ഏനൊരുവന്‍’ എന്ന രണ്ടാമത്തെ പാട്ടും റിലീസ് ചെയ്തത്.

 

സൂപ്പര്‍ഹിറ്റായ ‘മാരി’യുടെ തുടര്‍ച്ചയായി ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാരി 2’. മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസും തമിഴകത്തിന്റെ പ്രിയനടന്‍ ധനുഷും കൈകോര്‍ക്കുന്ന ‘മാരി 2’ ഡിസംബര്‍ 21ന് റിലീസ് ചെയ്യും.  സായി പല്ലവിയാണ് ചിത്രത്തിലെ നായിക. വ്യത്യസ്തമായ വില്ലൻ ഗെറ്റപ്പിലാണ് ടോവിനോ ചിത്രത്തിൽ എത്തുന്നത്. ബീജ എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ്, ടൊവിനോ, റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ എന്നീവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. 2015ൽ ഇറങ്ങിയ ‘മാരി’യില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മാരി 2’.

Read More: ധനുഷ് – ടൊവിനോ ചിത്രം ‘മാരി 2’ ട്രെയിലർ

ഈ വര്‍ഷത്തെ മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ഡിസംബര്‍ 14ന്  റിലീസ് ചെയ്യുന്ന ‘ഒടിയന്‍’. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. നായിക മഞ്ജു വാര്യര്‍. നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook