ലോകകപ്പില്‍ കിവീസുമായുള്ള സെമിയില്‍ 18 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായിരിക്കുകയാണ്. രവീന്ദ്ര ജഡേജ(77) യുടെയും ധോണി(50) യുടെയും പ്രകടനമാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ കഴിഞ്ഞത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി മികച്ച പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ജഡേജ പുറത്തായ ശേഷം പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു. എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു. ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു. ഇതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു.

ലോകകപ്പിൽ കിരീട സാധ്യത ഏറ്റവും കൂടുതല്‍ കല്‍പ്പിക്കപ്പെട്ടിരുന്ന ടീമാണ് ഇന്ത്യ. എന്നാല്‍ ന്യൂസിലൻഡിന്റെ പതിഞ്ഞ താളത്തില്‍ തുടങ്ങിയ കളിയില്‍ ഇന്ത്യ പരാജയപ്പെട്ട് പോവുകയായിരുന്നു. ഇന്ത്യയുടെ തോല്‍വി അയല്‍രാജ്യമായ പാക്കിസ്ഥാനിലെ ആരാധകരില്‍ ചിലര്‍ ആശ്വാസത്തോടെയാണ് കാണുന്നത്. സെമി കാണാതെ പാക്കിസ്ഥാന്‍ പുറത്തായത് ടീമിനും പാക് ആരാധകര്‍ക്കും ക്ഷീണമായിരുന്നു.

Read More:

എന്നാല്‍ ഇന്ത്യയുടെ തോല്‍വി ആഘോഷിക്കുന്ന പാക് ആരാധകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താരം യോഗി ബാബു. ആദ്യം സെമി ഫൈനലില്‍ കടക്കാന്‍ ടീമിന് ഉപദേശം നല്‍കാനാണ് പാക് ആരാധകരോട് യോഗി ബാബു പറയുന്നത്.

‘ഇന്ത്യ നന്നായി കളിച്ചു. ഞങ്ങളുടെ തോല്‍വി ആഘോഷിക്കും മുമ്പ് എങ്ങനെ സെമിയില്‍ കടക്കാമെന്ന് പാക് ആരാധകര്‍ നിങ്ങളുടെ ടീമിനെ ഉപദേശിക്കണം. തോല്‍വി ആയാലും ജയമായാലും ഞങ്ങളുടെ ടീം നിങ്ങളുടെ ടീമിനേക്കാള്‍ ഭേദമാണ്,’ യോഗി ബാബു ട്വീറ്റ് ചെയ്തു.

യോഗി ബാബു ഇപ്പോള്‍ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണെങ്കിലും ലോകകപ്പ് മത്സരങ്ങള്‍ മുടങ്ങാതെ കാണാറുണ്ട്. അദ്ദേഹത്തിന്റെ കോമഡി ചിത്രം ‘ഗൂര്‍ഖ’ നാളെയാണ് റിലീസ് ചെയ്യുന്നത്. ജീവയ്ക്കും ശാലിനി പാണ്ഡെയ്ക്കും ഒപ്പം അഭിനയിക്കുന്ന ‘ഗോറില്ല’ എന്ന ചിത്രത്തിലാണ് യോഗി ഇപ്പോള്‍ അഭിനയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook