Latest News

യോദ്ധയിലെ വിക്രു ഇന്ന് യുവസംവിധായകൻ

മോഹൻലാൽ അവതരിപ്പിച്ച തൈപ്പറമ്പിൽ അശോകൻ എന്ന കഥാപാത്രത്തിന്റെ വലംകൈയായി കൂടെ നിന്ന വിക്രു എന്ന മിടുക്കനെ മലയാളിയ്ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല

Yodha movie Vikru actor, Vineeth Anil, Vineeth Anil Yodha, വിനീത് അനിൽ, യോദ്ധ, Yodha movie

മോഹന്‍ലാലും ജഗതിയും ഉർവശിയും മീനയും ഒടുവിൽ ഉണ്ണികൃഷ്ണനുമൊക്കെ തകര്‍ത്തഭിനയിച്ച ‘യോദ്ധ’ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. അരുശുമൂട്ടിൽ അപ്പുക്കുട്ടനും തൈപ്പറമ്പിൽ അശോകനും റിമ്പോച്ചെയും ദമയന്തിയും കുട്ടിമാമനുമൊക്കെ മലയാളിയെ സംബന്ധിച്ച് ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന കഥാപാത്രങ്ങളാണ്.

ബന്ധശത്രുവായ അപ്പുക്കുട്ടനോട് മോഹൻലാലിന്റെ അശോകൻ കിടപ്പിടിക്കുമ്പോഴെല്ലാം അശോകന് ആവേശവും പ്രോത്സാഹനവുമായി കൂടെ നിന്ന വിക്രു എന്ന കുട്ടിക്കുറുമ്പനെയും മലയാളിയ്ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. കാവിലെ പാട്ട് മത്സരത്തിലും ചെസ് മത്സരത്തിലുമെല്ലാം അപ്പുക്കുട്ടനെ അശോകൻ മലർത്തിയടിക്കുമ്പോൾ നിറഞ്ഞ കയ്യടിയുമായി മുൻനിരയിൽ തന്നെ ഇടം പിടിച്ച വിക്രു! മാസ്റ്റർ വിനീത് ആണ് വിക്രു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാലതാരമായി പത്തോളം സിനിമകളിൽ വേഷമിട്ട മാസ്റ്റർ വിനീത് എന്ന വിനീത് അനിൽ ഇന്ന് മലയാളസിനിമയിലെ സംവിധായകനാണ്.

1987ലാണ് ബാലതാരമായി വിനീത് അനിൽ അരങ്ങേറ്റം കുറിച്ചത്. ‘എഴുതാപ്പുറങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് തനിയാവർത്തനം, അഥർവ്വം, നെറ്റിപ്പട്ടം, വാസ്തുഹാര, ആനവാൽമോതിരം, ഏഴരപ്പൊന്നാന, യോദ്ധ, കണ്‍കെട്ട് തുടങ്ങി പത്തോളം സിനിമകളിൽ അഭിനയിച്ചു. ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ എന്ന സീരിയലിൽ ബാലതാരമായും വിനീത് അഭിനയിച്ചിട്ടുണ്ട്.

24 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്റെ റോളിലാണ് വിനീത് സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയത്. 2017ല്‍ ‘കവിയുടെ ഒസ്യത്ത്’ എന്ന ചിത്രം വിനീത് സംവിധാനം ചെയ്തു. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും വിനീതായിരുന്നു. പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്ണന്‍ രചിച്ച ഒസ്യത്ത് എന്ന നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ സിനിമ.

തിരുവനന്തപുരം സ്വദേശിയാണ് വിനീത്. സോഷ്യൽമീഡിയയിലും ഏറെ സജീവമാണ് ഈ ചെറുപ്പക്കാരൻ. നിരവധി ഹ്രസ്വചിത്രങ്ങളും മ്യൂസിക് വീഡിയോകളും വിനീത് സംവിധാനം ചെയ്തിട്ടുണ്ട്. ‘കൺവിഴിഞ്ഞാൽ’ എന്ന പേരിൽ അടുത്തിടെ തമിഴിൽ ഒരു മ്യൂസിക് വീഡിയോയും വിനീത് പുറത്തിറക്കിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Yodha movie child artist vineeth anil latest photos

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com