Latest News

ഇവിടെ അച്ഛനും മോളും ഒന്നുമില്ല; പൊതുവേദിയിൽ സുജാതയോട് റീടേക്ക് പറഞ്ഞു യേശുദാസ്, ത്രോബാക്ക് വീഡിയോ

‘എന്റെ എല്ലാമെല്ലാമല്ലേ…’ എന്നു തുടങ്ങുന്ന പാട്ടിന്റെ തുടക്കത്തിലെ സംഭാഷണശകലങ്ങൾ അൽപ്പം നാണത്തോടെ പാടിയ സുജാതയെ തിരുത്തുകയാണ് ഗാനഗന്ധർവ്വൻ

K J Yesudas, Sujatha Mohan, കെ ജെ യേശുദാസ്, Yesudas birthday, യേശുദാസിന് 82ാം പിറന്നാൾ, ganagandharvan, Yesudas Songs

മലയാളത്തിന്റെ അഭിമാനം ഗാനഗന്ധർവ്വൻ കെ ജെ യേശുദാസിന്റെ 82-ാം ജന്മദിനമാണ് ഇന്ന്. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമായ യേശുദാസിന്, പ്രിയപ്പെട്ടവരുടെ ദാസേട്ടന് ജന്മദിനാശംസകൾ നേരുകയാണ് കലാലോകം.

യേശുദാസും സുജാതയും ഒന്നിച്ചുള്ള ഒരു പഴയ സ്റ്റേജ് പ്രോഗ്രാമിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ‘എന്റെ എല്ലാമെല്ലാമല്ലേ…’ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുകയാണ് യേശുദാസും സുജാതയും. പാട്ടിന്റെ തുടക്കത്തിലെ സംഭാഷണശകലങ്ങൾ അൽപ്പം നാണത്തോടെ പറയുന്ന സുജാതയോട് സെക്കന്റ് ടേക്ക് എടുക്കാൻ ആവശ്യപ്പെടുകയാണ് യേശുദാസ്. “അത് ശരിയായില്ല. ഇവിടെ അച്ഛനും മോളുമൊന്നുമില്ല. സിറ്റുവേഷന് അനുസരിച്ച് പാടുക,” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സംഭാഷണശകലം ആവർത്തിച്ച് മനോഹരമാക്കിയപ്പോൾ സുജാതയെ അഭിനന്ദിക്കാനും യേശുദാസ് മറന്നില്ല.

സുജാതയ്ക്ക് പിതൃതുല്യനാണ് യേശുദാസ്. ഒൻ‌പത് വയസ്സു മുതൽ യേശുദാസിനൊപ്പം ഗാ‍നമേളകളിൽ പാടി തുടങ്ങിയ ഗായികയാണ് സുജാത. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചു വാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടത്.

Read more: ഒരേയൊരു ദാസേട്ടന്‍; യേശുദാസിന് പിറന്നാള്‍ ആശംസകളുമായി കലാലോകം

പിറന്നാൾ ദിനത്തിൽ, പ്രിയപ്പെട്ട ദാസേട്ടന് ജന്മദിനാശംസകൾ നേരുകയാണ് കലാലോകം. “നമ്മുടെ ഒരേയൊരു ദാസേട്ടന് ജന്മദിനാശംസകൾ. എല്ലാ ഹൃദയങ്ങളെയും സ്പർശിക്കുന്ന ശബ്ദം. ഗായകർക്ക് നിങ്ങളൊരു യഥാർത്ഥ പ്രചോദനമാണ്. ദൈവം സമൃദ്ധമായി നൽകിയ കഴിവുകൾക്കൊപ്പം നിങ്ങൾ ഏകമനസ്സോടെയും തികഞ്ഞ ശ്രദ്ധയോടെയും പ്രവർത്തിച്ചു. നിങ്ങളുടെ ശബ്ദം കേൾക്കാതെ ഒരുടെയും ഒരു ദിവസം പോലും കടന്നുപോവുന്നില്ല. മഹാനായ കർമ്മയോഗിയ്ക്ക് മുന്നിൽ ഞാൻ തല കുനിക്കുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി എന്റെ എല്ലാ പ്രാർത്ഥനകളും,” യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര കുറിച്ചു.

കട്ടപ്പറമ്പില്‍ ജോസഫ്‌ യേശുദാസ് എന്ന ഗായകന്‍, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്‍റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്‍റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്‍റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം. 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകന്‍ തന്റെ അവിതര്‍ക്കമായ സാന്നിദ്ധ്യം അറിയിച്ചു.

അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.

1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റെക്കോർഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടു കണ്ടത്‌ യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്‌.

മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ (എട്ടു തവണ)നേടിയ യേശുദാസ് കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Yesudas singing with sujatha on stage funny moments throwback video

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express