Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

സിനിമയില്‍ നിന്നും പിന്നിട്ട ദൂരങ്ങള്‍: ചിത്ര പറയുന്നു

സിനിമയിൽ അല്ലേ സെന്റിമെൻസ് ഉള്ളൂ, സിനിമക്കാർക്കിടയിൽ അതൊന്നുമില്ല, മുൻകാലനടി ചിത്ര പറയുന്നു

Yesteryear Actress Chithra opens up on marriage life and films
Yesteryear Actress Chithra opens up on marriage life and films

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍താര ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യങ്ങളിൽ ഒന്നായിരുന്നു ചിത്ര എന്ന അഭിനേത്രി. നൂറോളം ചിത്രങ്ങളിലായി വലുതും ചെറുതുമായ നിരവധിയേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്ര, കഴിഞ്ഞ 16 വർഷത്തിലേറെയായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിൽക്കുകയാണ്.

ഒഴുക്കിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയിൽ തനിക്ക് പരിചയക്കാർ ഇല്ലാതായെന്നാണ് ചിത്ര പറയുന്നത്. “ഒരൊഴുക്കല്ലേ സിനിമ. അതിന്റെ കരയിൽ കയറി നിന്നാൽ നമ്മളവിടെ നിൽക്കും. ഒഴുക്ക് തുടരും. മറന്നുപോകുന്നത് സ്വാഭാവികമാണ്. സിനിമയിലല്ലേ സെന്റിമെൻസ് ഉള്ളൂ. സിനിമാക്കാർക്കിടയിൽ അതൊന്നുമില്ല.” വനിത മാഗസിനു നൽകിയ അഭിമുഖത്തിൽ ചിത്ര പറഞ്ഞു.

പുതിയ തലമുറയിൽ ദുൽഖറിനെ അറിയാം, കുട്ടിയായിരിക്കുമ്പോൾ മമ്മൂക്കയ്ക്കൊപ്പം വരാറുള്ളത് ഓർമയുണ്ട്. അന്ന് നല്ല കുസൃതിയായിരുന്നു. നടിമാരിൽ മഞ്ജുവിനെ​ അറിയാം, ആറാം തമ്പുരാനിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള പരിചയമാണ്, ചിത്ര കൂട്ടിച്ചേർക്കുന്നു.

Mammooty Bharathan Amaram Cast and Crew
ഭരതന്‍ സംവിധാനം ചെയ്ത അമരത്തിന്റെ അണിയറപ്രവര്‍ത്തകര്‍, ചിത്രം. ബാബു തിരുവല്ല/ഫേസ്ബുക്ക്‌

സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഭിനയത്തിൽ നിന്നും ചിത്ര പിൻവാങ്ങുന്നത്. ‘രാജവാഴ്ച’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചിത്രയുടെ അമ്മ ദേവി മരിക്കുന്നത്. പിന്നീട് അച്ഛനും വൃക്കസംബന്ധിയായ പ്രശ്നങ്ങളാൽ രോഗബാധിതനായി. അമ്മയുടെ മരണസമയത്ത് അമ്മയ്ക്കൊപ്പം ഉണ്ടാവാൻ സാധിച്ചില്ലെന്ന വിഷമവും വേണ്ടവിധം അമ്മയെ ശുശ്രൂഷിക്കാനായില്ലെന്ന കുറ്റബോധവും പേറുന്ന ചിത്ര, തന്‍റെ അസാന്നിദ്ധ്യത്തില്‍ ഇനി അപ്പയും അതുപോലെ യാത്രയാകരുതെന്ന് ആഗ്രഹിച്ചിരുന്നു. സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത ചിത്ര, അപ്പയെ ശുശ്രൂഷിച്ച് ഒരു മകളുടെ കർത്തവ്യം നിറവേറ്റാൻ തുടങ്ങി. തന്റെ മരണത്തോടെ മകൾ ഒറ്റയ്ക്കാകുമെന്ന് ഭയന്ന അച്ഛൻ മകളെ എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് അയക്കാൻ തീരുമാനിക്കുകയും തുടർന്ന് ബിസിനസ്സുകാരനായ വിജയരാഘവനുമായി ചിത്രയുടെ വിവാഹം നടത്തുകയും ചെയ്തു..

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തനിക്കും ഭർത്താവിനും ഇടയിൽ ഒരടുപ്പവും ഉണ്ടായിരുന്നില്ലെന്നും ആറുമാസം രണ്ട് അപരിചിതരെ പോലെയാണ് ഞങ്ങൾ ജീവിച്ചതെന്നും ചിത്ര വെളിപ്പെടുത്തുന്നു. “ഇഷ്ടവുമില്ല, വെറുപ്പുമില്ല എന്നൊരു അവസ്ഥ,” ചിത്ര പറയുന്നു.

ഭർത്താവിന്റെ വീട്ടുകാർക്ക് സിനിമാ അഭിനയം ഇഷ്ടമാകില്ലെന്ന മുൻവിധിയോടെ ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനവും അതിനിടയിൽ ചിത്ര എടുത്തിരുന്നു. എന്നാല്‍, “എന്റെ കുടുംബത്തിലെ സ്ത്രീകളും ജോലിക്ക് പോകുന്നവരാണ്, അതുകൊണ്ട് നിന്റെ ജോലി നീ നിഷേധിക്കേണ്ടതില്ല എന്ന് ഭർത്താവ് നൽകിയ പിന്തുണയാണ് കല്യാണശേഷം ‘മഴവില്ല്’, ‘സൂത്രധാരൻ’ എന്നീ ചിത്രങ്ങളിൽ അഭിനയിക്കാൻ കാരണമായത്,” അവർ കൂട്ടിച്ചേർക്കുന്നു.

“അച്ഛന്റെ അസുഖം കൊണ്ടാണ് അഭിനയിക്കേണ്ട​ എന്നു തീരുമാനത്തിനു പിറകിലെങ്കിൽ അതു പ്രശ്നമാക്കേണ്ട, അച്ഛനെ ഞാൻ നോക്കിക്കോളാം എന്ന് അദ്ദേഹം പറഞ്ഞു. ആ ദിവസത്തിനു ശേഷമാണ് ഭാര്യാഭർത്താക്കന്മാരായി ഞങ്ങൾ ജീവിക്കാൻ തുടങ്ങിയത്.”

ഞാൻ സിനിമാനടിയായിരുന്നെന്ന് എന്റെ മോൾക്ക് അറിയില്ലായിരുന്നു. പുതിയ താരങ്ങളുടെ സിനിമകൾ മാത്രമേ അവൾ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ നടിയായിരുന്നെന്നും എന്റെ ചിത്രങ്ങളെ കുറിച്ചുമൊക്കെ അവൾ മനസ്സിലാക്കുന്നത്. അമ്മ എനിക്കു വേണ്ടിയാണോ അഭിനയം നിർത്തിയത്, വീണ്ടും​ അഭിനയിക്കണം, കരിയറിലേക്ക് തിരിച്ചെത്തണം എന്നൊക്കെ അന്നവൾ പറഞ്ഞു, ചിത്ര പറയുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Yesteryear actress chithra opens up on marriage life and films

Next Story
ലൈംഗികാതിക്രമണ കേസ് റദ്ദാക്കണമെന്ന് അര്‍ജുന്‍; കേസ് ഇന്ന് ഹൈക്കോടതിയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
X