പരിണയത്തിലെ ചെറുപ്പത്തിൽ വിധവയാകേണ്ടിവന്ന ഉണ്ണിമായയും പഞ്ചാബി ഹൗസിലെ ഊമയായ പൂജയെയും പട്ടാഭിഷേകത്തിലെ എടുത്തുചാട്ടക്കാരി കല്യാണിയെയും പ്രക്ഷകർ മറക്കാനിടയില്ല. മലയാളത്തിലടക്കം തെന്നിന്ത്യയിൽ ഒരു കാലത്ത് തിരക്കുളള നടികളിലൊരാളായ മോഹിനിയെ പക്ഷേ പ്രേക്ഷകർ കണ്ടിട്ട് കുറച്ച് കാലമായി. മോഹൻലാൽ നായകനായ ഇന്നത്തെ ചിന്താ വിഷയത്തിനു ശേഷം 2011ൽ കലക്‌ടർ എന്ന ചിത്രത്തിലാണ് മോഹിനി അവസാനമായി അഭിനയിച്ചത്.

പതിമൂന്നാം വയസ്സിൽ എറമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ 1991ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച മഹാലക്ഷ്‌മി എന്ന മോഹിനിയുടെ കണ്ണുകളെ പ്രേക്ഷകർ എന്നും ആരാധനയോടെ നോക്കിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച മോഹിനി ചില ടെലിവിഷൻ പരിപാടികളിലും എത്തിയിരുന്നു.
mohini

വിവാഹശേഷം യുഎസിലേക്ക് ചേക്കേറിയ മോഹിനി ഇപ്പോൾ ജീവിതത്തിന്റെ പുതിയ തിരക്കുകളിലാണ്. തമിഴ്‌നാട്ടുകാരിയായ മഹാലക്ഷ്‌മി എന്ന മോഹിനി ഇപ്പോൾ ക്രിസ്റ്റീനയാണ്. ജീവിതത്തിൽ പുതിയ തീരുമാനങ്ങളെടുത്ത മോഹിനി തന്റെ ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളെക്കുറിച്ചും ക്രിസ്‌തീയ വിശ്വാസത്തിലേക്കുമുളള മാറ്റത്തെക്കുറിച്ചും സംസാരിക്കുന്നു…

എന്തുകൊണ്ടാണ് സിനിമയിൽ സജീവമാകാത്തത് ?

ഞാൻ ഒരിക്കലും സിനിമയിൽ നിന്ന് വിട്ടു പോരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എപ്പോഴും ഞാൻ മലയാളത്തിലെ നടി തന്നെയാണ്. കുടുംബവുമൊത്ത് യുഎസിലാണ് താമസിക്കുന്നത്. രണ്ടാമത്തെ മകനെ ഗർഭിണിയാകുന്നതു വരെ സിനിമയിലും ടെലിവിഷനിലും സജീവമായിരുന്നു. രണ്ട് ആൺമക്കളാണ് എനിക്കുളളത്. ഒരാൾക്ക് 17 വയസ്സും ചെറിയ കുട്ടിക്ക് ആറ് വയസ്സും. ഭർത്താവ് ഭരത് കൃഷ്‌ണസ്വാമി ഇവിടെ എച്ച്‌സിഎല്ലിൽ ജോലി ചെയ്യുന്നു. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്തങ്ങൾക്കിടയിൽ ഒരുപാട് യാത്രകൾ എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇടവേള വരുന്നത്. നല്ല റോളുകൾ കിട്ടിയാൽ തീർച്ചയായും ഇനി ചെയ്യും.

mohini, mohini christina

മോഹിനി മക്കളോടൊപ്പം.

സിനിമയിൽ നിന്ന് വിട്ട് നിൽക്കുമ്പോൾ വിഷമം തോന്നിയോ ?

ഒരിക്കലുമില്ല. ഞാൻ എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോൾ വിഷമം തോന്നില്ലല്ലോ.

കരിയറിന്റെ തുടക്കത്തിൽ തന്നെ ബോളിവുഡിൽ നായികയാവാൻ ഭാഗ്യം ലഭിച്ചിട്ടും എന്തുകൊണ്ട് അത് തുടർന്നില്ല ?

അക്ഷയ് കുമാറിന്റെ നായികയായി ഡാൻസർ എന്ന ചിത്രത്തിലാണ് ബോളിവുഡിൽ അഭിനയിച്ചത്. ഞാൻ അഭിനയം തുടങ്ങിയ വർഷം തന്നെയാണ് ബോളിവുഡിലേക്ക് ക്ഷണം ലഭിച്ചത്. ബോളിവുഡ് എന്നെ സംബന്ധിച്ചിടത്തോളം ഗ്ലാമറസായി തോന്നി. വീട്ടിൽ നിന്ന് ഒരുപാട് ദൂരെയും. അന്ന് എനിക്ക് പതിനാല് വയസ്സ് മാത്രമായിരുന്നു പ്രായം. അന്ന് എനിക്ക് കംഫർട്ടബിൾ എന്ന് തോന്നുന്നത് മാത്രമാണ് ചെയ്യാൻ ആഗ്രഹിച്ചത്. കരിയർ എന്നൊക്കെ പറഞ്ഞാൽ ആ പ്രായത്തിൽ ദഹിക്കില്ലായിരുന്നു.

സിനിമയിൽ ഉളളവരുമായി ഇപ്പോഴും ബന്ധം നിലനിർത്തുന്നുണ്ടോ ?

അഭിനയിക്കുന്ന സമയത്ത് എല്ലാവരുമായി നല്ല ബന്ധമുണ്ടയിരുന്നു. ഇപ്പോൾ എല്ലാവരും കുടുംബവുമായി തിരക്കിലാണ്.

ക്രിസ്‌തു മതത്തിലേക്ക് മാറാൻ കാരണം ?

ഞാൻ ഭയങ്കര ദൈവവിശ്വാസിയായിരുന്നു. വളരെയേറെ പാരമ്പര്യമുളള ഒരു ബ്രാഹ്‌മണ കുടുംബത്തിലാണ് ജനിച്ചത്. എന്റെ ഭക്തിയും വിശ്വാസവും കണ്ട് വീട്ടുകാർ ഞാൻ സന്യാസിയാകുമോ എന്നുവരെ ഭയപ്പെട്ടിരുന്നു. ഷൂട്ടിങ്ങിന് പോകുമ്പോഴും എവിടെ പോയാലും പ്രാർഥനാ പുസ്‌തകങ്ങൾ എന്റെ പക്കലുണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ പോലും ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു.

പിന്നീട് വിവാഹശേഷം ജീവിതത്തിലുണ്ടായ പല തിരിച്ചടികളും എനിക്ക് വലിയ ഞെട്ടലായിരുന്നു. മോശം കാര്യങ്ങൾ ചെയ്‌തവർക്ക് മാത്രമേ ജീവിതത്തിൽ തിരിച്ചടികളുണ്ടാകൂ എന്ന് വിചാരിച്ചിരുന്ന എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. ആർക്കും ഒരു ഉപദ്രവവും ചെയ്‌തിട്ടില്ലാത്ത എനിക്ക് മുൻ ജന്മത്തിൽ ചെയ്‌ത പാപങ്ങളുടെയോ തലമുറയായി വന്ന എന്തെങ്കിലും പാപത്തിന്റെയോ ഫലമായിരിക്കും അതെന്ന് കരുതി.

mohini, christina, mohini christina

ചിത്രം കടപ്പാട്: യൂട്യൂബ്

എന്റെ വിഷമങ്ങൾക്ക് ഉത്തരം തേടി ഞാൻ ഹിന്ദു മതത്തിലെ മിക്ക പുസ്‌തകങ്ങളും വായിച്ചു. ബുദ്ധ മതത്തെക്കുറിച്ചും സിഖ് മതത്തെക്കുറിച്ചും ഖുറാനും എല്ലാം വായിച്ചു. പക്ഷേ ഒന്നിലും എനിക്ക് നമ്മുടെ ജീവിതത്തെ പുനരുദ്ധരിക്കാൻ കഴിയുന്നതായ ഒന്നും കണ്ടെത്താനായില്ല എന്നത് എനിക്ക് വലിയ ഞെട്ടലായിരുന്നു.

അങ്ങനെ മുപ്പത് മുക്കോടി ദൈവങ്ങളെ പ്രാർഥിച്ചിരുന്ന ഞാൻ പേരറിയാത്ത ആ ശക്തിയോട് പ്രാർഥിക്കാൻ തുടങ്ങി. എന്റെ വീട്ടിലെ ജോലിക്കാരിയിൽ നിന്ന് ഒരു ബൈബിൾ ലഭിച്ചത് ഞാൻ വായിച്ചു തുടങ്ങി. വായിക്കാൻ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന ഞാൻ ബൈബിളിലെ കഥകൾ വായിച്ചു തുടങ്ങി. അന്ന് രാത്രി സ്വപ്‌നത്തിൽ ഞാൻ ഒരു പ്രകാശവും ഒരു ദൈവീക രൂപവും കണ്ടു.

ആ രൂപം എനിക്ക് നോഹയെയും നോഹയുടെ പെട്ടകവും കാണിച്ചു തന്നു. വെളളത്തിൽ കിടന്നിരുന്ന ആ ബോട്ടിലേക്ക് എന്നെയും കൊണ്ടുപോകാൻ ആ രൂപം പറഞ്ഞു. അത് വലിയൊരു തിരിച്ചറിവാണ് എനിക്ക് നൽകിയത്. പക്ഷേ പിന്നെയും ഞാൻ എന്രെ യഥാർഥ ദൈവത്തെ തേടിയുളള അന്വേഷണം തുടർന്നു. അങ്ങനെ അവസാനം ഞാൻ ദൈവമാതാവിലേക്കും ക്രിസ്‌തുവിലേക്കുമുളള വഴി കണ്ടെത്തി.

എന്തുകൊണ്ടാണ് ഇവാഞ്ചലൈസേഷൻ നടത്താൻ തീരുമാനിച്ചത് ?

ഇന്ന് ഞാൻ ആയിരങ്ങളുടെ മുന്നിൽ ക്രിസ്‌തുവിനായി സാക്ഷ്യം പറയുന്നുണ്ട്. നമ്മുടെ സന്തോഷം മറ്റുളളവരുമായി പങ്കുവയ്‌ക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഞാൻ സാക്ഷ്യം പറയുന്നത്. ഞാൻ ക്രിസ്‌തുവിന് വേണ്ടിയല്ല സംസാരിക്കുന്നത്. ക്രിസ്‌തുവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ദൈവത്തിന് വേണ്ടി മറ്റാരെങ്കിലും സംസാരിക്കേണ്ട ആവശ്യമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ