ഹോളിവുഡ് സിനിമകളെ​ ഓർമ്മപ്പെടുത്തുന്ന വിഷ്വലുകളുമായി രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ യുടെ ടീസർ ഇറങ്ങി. ‘യന്തിരൻ’ സിനിമയുടെ രണ്ടാം ഭാഗമാണ് ‘2.0’. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും ആക്ഷനുകളും ആനിമേഷനുമാണ് ടീസറിൽ നിറയുന്നത്. ചിട്ടി റോബോർട്ടിന്റെ മാസ് എൻട്രിയാണ് ഈ തകർപ്പൻ ടീസറിനെ ശ്രദ്ധേയമാക്കുന്നത്.

പൂര്‍ണമായും 3ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായ ‘2.0’ ൽ വിഎഫ്എക്സിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 3000 ടെക്നിഷ്യൻമാർ ചേർന്നൊരുക്കുന്ന വിഎഫ്എക്സ് വിസ്മയമാണ് ‘2.0’ എന്ന് സംവിധായകൻ ഷങ്കര്‍ വെളിപ്പെടുത്തിയിരുന്നു. ‘ലൈഫ് ഓഫ് പൈ’യുടെ വിഎഫ്എക്സ് ചെയ്ത ജോൺ ഹഗ്സ്, വാൾട് എന്നിവരും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

മൊബൈൽ ഫോൺ റേഡിയേഷനിലൂടെ മ്യൂട്ടേഷൻ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടർന്ന് ലോകത്തിന് ഭീഷണിയുയർത്തുന്ന അക്രമകാരികളായി അവ മാറുന്നതിനെയും കുറിച്ചാണ് സിനിമ. ഈ ലോകം മനുഷ്യർക്ക് മാത്രമുള്ളതല്ല എന്നർത്ഥം വരുന്ന ടാഗ്‌ലൈനാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.

രജനീകാന്ത് ഡബിൾ റോളിലെത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാർ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. ആമി ജാക്സൺ ആണ് ചിത്രത്തിലെ നായിക. സുധാൻഷു പാണ്ഡെ, ആദിൽ ഹുസൈൻ, മലയാളി താരങ്ങളായ റിയാസ് ഖാൻ, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നീരവ് ഷാ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എ.ആർ.റഹ്മാൻ സംഗീതം നിർവ്വഹിക്കുന്നു. മുത്തുരാജ് ആണ് കലാസംവിധാനം. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹനും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിർവ്വഹിക്കും. 543 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്.

‘ട്രാൻസ്ഫോർമേഴ്സ്’ എന്ന ചിത്രത്തിന്റെ ആക്ഷൻ ഒരുക്കിയ കെന്നീ ബേറ്റ്സ് ആണ് ‘2.0’ യുടെ ആക്ഷൻ ഡയറക്ടർ. ‘ജുറാസിക് പാർക്’, ‘അവഞ്ചേഴ്സ്’ തുടങ്ങിയ ഹോളിവുഡ് സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അനിമേഷൻ കമ്പനിയായ ലെഗസി ഇഫക്റ്റ്സും ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ‘2.0’ ന്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്.

 

നവംബര്‍ 29നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ലോകമെമ്പാടുമുള്ള 10000 സ്ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയേറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങത്. ജാപ്പനീസ്, കൊറിയൻ ഭാഷകൾ ഉൾപ്പെടെ ഒരേസമയം 15 ഭാഷകളിൽ സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ