സിനിമാ രംഗത്തെ ആദ്യ വിവാദം യുവനടിക്കെതിരെ നടന്ന ക്വട്ടേഷൻ ആക്രമണമാണ് സിനിമാ രംഗത്ത് നിന്നുണ്ടായ ഈ വർഷത്തെ വിവാദങ്ങളുടെ തുടക്കം. വർഷം അവസാനിക്കാറാകുമ്പോഴും മറ്റൊരു നടിക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നു. ഇതിനിടയിൽ സിനിമയുടെ പേരും വിവാദമാക്കി ആക്രമണവുമായി സിനിമയ്ക്കെതിരെ കേന്ദ്രസർക്കാർ സംവിധാനങ്ങൾ പോലും തിരിയുന്ന അവസ്ഥയുണ്ടായി.

യുവനടിയുടെ കാർ പിന്തുടർന്ന് ആക്രമിച്ച സംഭവമുണ്ടാകുന്നത് ഫെബ്രുവരിയിൽ ആയിരുന്നു. പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ ഇതിലെ പ്രതികളെ പൊലീസ് കോടതിയിൽ കയറിയാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഇതിൽ പ്രതിയായി പിന്നീട് അറസ്റ്റ് ചെയ്തത് പ്രമുഖ നടൻ ദിലീപിനെയായിരുന്നു. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് പൊലീസ് കേസ്.

യുവനടിക്കെതിരെ നടന്ന ക്വട്ടേഷൻ ആക്രമണം സിനിമാ മേഖലയിൽ മറ്റൊരു ചലനവും സൃഷ്ടിച്ചു. ആണധികാരത്തിന്രെ സംവിധാനകലയായി ചുരുക്കപ്പെട്ടിരിക്കുന്ന മലയാള സിനിമയിൽ സ്ത്രീസ്വരത്തിന്രെ കൂട്ടായ്മ ഉയർന്നുവന്നു. വിമൻ ഇൻ സിനിമാ കലക്ടീവ് എന്ന സംഘടന സിനിമാ രംഗത്തെ സ്ത്രീകളുടെ നേതൃത്വത്തിൽ രൂപപ്പെട്ടു. ബീനാപോൾ, റീമാ കല്ലിങ്ങൾ, പാർവ്വതി വിധു വിൻസെന്ര് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ സംഘടനയുടെ പ്രവർത്തനം സജീവമാണ്.

സിനിമാ മേഖലയിൽ മാത്രമല്ല, കേരള സമൂഹത്തിൽ തന്നെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് യുവ നടിക്കെതിരായി നടന്ന ക്വട്ടേഷൻ ആക്രമണം. ഇതേ കുറിച്ചുളള വാർത്തകളുടെ പേരിൽ എം എൽ എ മാർ കൂടെയായ നടന്മാരായ മുകേഷ്, ഗണേശ് കുമാർ എന്നിവരുടെയും എംപിയായ ഇന്നസെന്രിന്രെയും പരാമർശങ്ങൾ വിവാദമായി. നടികളെ കുറിച്ചുളള ഇന്നസെന്രിന്രെ പരാമർശവും വിവാദത്തിന് വഴിയൊരുക്കി. “അമ്മ”യുടെ മീറ്റിങിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർക്കെതിരെ മുകേഷും ഗണേശ് കുമാറുമടക്കുമുളള നടന്മാർ ആക്രോശിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു.ചാനൽ ചർച്ചകളിൽ പങ്കെടുത്ത പലരും സ്ത്രീകൾക്കെതിരായ നടത്തിയ പരാമർശങ്ങളും വിവാദമായി. പി സി ജോർജ് എം എൽ എയും ദിലീപിന് വേണ്ടി രംഗത്തു വന്നു. അദ്ദേഹത്തിന്രെ പരാമർശങ്ങളും വിവാദമായി.

ഈ വിവാദം കത്തി നിൽക്കുമ്പോൾ നടനും സംവിധായകനുമായ ലാലിന്രെ മകൻ ജീൻ പോൾ ലാലിനെതിരെയും പരാതി ഉയർന്നു. മകൻ ലാലിന്രെ സിനിമയിൽ അഭിനയിച്ച സ്ത്രീയുമായുളള സാമ്പത്തിക ഇടപടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മോശമായി പെരുമാറി എന്നും ആരോപിച്ച് കേസ് വന്നു.

ഈ വർഷം അവസാനിക്കാറാകുമ്പോൾ ഉണ്ണിമുകുന്ദനാണ് തനിക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന മുൻകൂർ അറിയിപ്പ് നൽകി മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയത്.

സിനിമാ രംഗത്തു നിന്നുളള മറ്റൊരു ഉയർന്നത് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സിനിമയുമായി ബന്ധപ്പെട്ടാണ്. സിനിമയുടെ പേര് വിവാദമായപ്പോൾ എസ്. ദുർഗ എന്നാക്കി. ഗോവയിൽ നടന്ന ഐ എഫ് എഫ് ഐ യിൽ കോടതി വിധി ഉണ്ടായിട്ടും സിനിമ കാണിക്കാതിരിക്കാൻ ശ്രമം നടത്തി. കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇത് കാണിക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചുവെങ്കിലും നൽകിയ സെൻസർ ഷിപ്പ് സർട്ടിഫിക്കറ്റ് പിൻവലിച്ചതിനാൽ അതും സാധിച്ചില്ല. ഈ വിവാദങ്ങൾക്കിടിയിൽ ഉയർന്ന മറ്റൊരു വിവാദം ഐ എഫ് എഫ് കെയിൽ നടി പാർവ്വതി നടത്തിയ പരാമർശമാണ്. “കസബ” എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ചുളള പരാമർശം പാർവ്വതിക്കെതിരെ നടന്രെ ആരാധകരും സിനിമയിലെ തന്നെ ഒരുവിഭാഗവും വിമർശനവും അധിക്ഷേപവുമായി എത്തി. അതിരുവിട്ട ആക്രമണങ്ങളാണ് പാർവ്വതിക്കെതിരെ സോഷ്യൽ മീഡിയിൽ ഒരുവിഭാഗം നടത്തിയത്. അവസാനം നടിക്ക് പൊലീസിൽ പരാതി കൊടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിജയ് മല്യയുടെ പേര് പരാമർശിക്കുന്നുവെന്ന പേരിൽ സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചുവെന്ന ആരോപണവും ഡിസംബറിൽ ഉയർന്നു. സുരേഷ് നാരായണൻ സംവിധാനം ചെയ്ത “ഇരട്ട ജീവിതം” എന്ന സിനിമയാണ് സെൻസർബോർഡിന്രെ നടപടിക്ക് ഇരയയാത്. സെൻസില്ലാത്ത ബോർഡാണ് സെൻസർ ബോർഡ് എന്ന പരിഹാസം വ്യാപകമാവുകയാണ് ഇപ്പോൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ