“മമ്മൂട്ടിയെ ‘ഡയറക്റ്റ്’ ചെയ്തു എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹവുമായി സഹകരിച്ചു എന്ന് പറയാനാണിഷ്ടപ്പെടുന്നത്,” തെലുങ്ക് ചിത്രം ‘യാത്ര’യുടെ സംവിധായകന് മാഹി വി രാഘവ് പറയുന്നു.
ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാനമായ ‘പദയാത്ര’യെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ വൈ എസ് ആര് ആയി എത്തുന്നത് മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയാണ്. മെഗാ സ്റ്റാറുമായുള്ള സിനിമാ അനുഭവത്തെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ മാഹി വി രാഘവ് സംസാരിച്ചു.
മമ്മൂട്ടി ഒരു കഥാപാത്രത്തെ സമീപിക്കുന്നത് കണ്ടത് തന്നിലെ സംവിധായകനെ ‘ബെറ്റര്‍’ ആക്കി മാറ്റി എന്നും ആ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഭാവി പ്രൊജക്റ്റുകളില്‍ മറ്റു അഭിനേതാക്കളെ ഇനി കുറെയും കൂടി നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കും എന്ന ആത്മവിശ്വാസമുണ്ട് എന്നും മാഹി വെളിപ്പെടുത്തി.
“ഇപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ ‘മെത്തേഡ്’, ‘ടെക്നിക്’ എന്നിവ അറിയാം. അത് മനസ്സിലാക്കിയത് കൊണ്ട് ഭാവി സിനിമാകളിലെ ജോലികളും എളുപ്പമായി എന്ന് ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു,” ‘യാത്ര’ പൂര്‍ണ്ണമായും ഒരു മമ്മൂട്ടി ചിത്രമാണ് എന്നും മാഹി വ്യക്തമാക്കി. “പെരുപ്പിച്ചു കാണിക്കലോ പ്രശംസയോ അല്ല, പക്ഷേ മമ്മൂട്ടിയോളം നന്നായി ഈ റോള്‍ ചെയ്യാന്‍ മറ്റാക്കും സാധിക്കില്ല.”
തെലുങ്കിലെ വരികള്‍ കൃത്യമായി പഠിക്കാനായി സ്ക്രിപ്റ്റ് പൂര്‍ണ്ണമായും മലയാളത്തിലാക്കി എഴുതുകയായിരുന്നു മമ്മൂട്ടി. തെലുങ്ക് വാക്കുകളുടെ ഉച്ചാരണം കൃത്യമാക്കാന്‍ വേണ്ടി ‘യാത്ര’ ഷൂട്ടിംഗ് ലോക്കെഷനിലും ഡബ്ബിംഗ് സ്റ്റുഡിയോയിലും ഒരു ഡയലോഗ് അസിസ്റ്റന്റിന്റെ സഹായവും അദ്ദേഹം തേടിയിരുന്നതായും മാഹി പറഞ്ഞു.
“കഥാപാത്രത്തിന്റെ അന്തസത്ത മനസിലായിക്കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം അത് മെല്ലെ ‘ബില്‍ഡ്’ ചെയ്യും. മറ്റാരെയും അനുകരിക്കാന്‍ അല്ല അദ്ദേഹം നോക്കുന്നത്. കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങാനാണ്. അദ്ദേഹത്തിന്റെ ഈ ‘അപ്പ്രോച്ച്’ ആണ് മറ്റുള്ളവരില്‍ നിന്നും മമ്മൂട്ടിയെ വ്യത്യസ്ഥനാക്കുന്നത്. വൈ എസ് ആറിന്റെ ആത്മാവിലേക്കും ചൈതന്യത്തിലെക്കും ഇറങ്ങിച്ചെന്ന്, അതിനു തന്റേതായ ഭാഷ്യം ചമയ്ക്കുകയായിരുന്നു മമ്മൂട്ടി.”
ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്. വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് സിനിമയുടെ നിര്‍മാണം.
ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും ‘യാത്ര’യില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ‘യാത്ര’യ്ക്കുണ്ട്. 1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നത്.
Read More: ഇഷ്ടതാരങ്ങൾ വീണ്ടുമൊന്നിക്കുമ്പോൾ
ഫെബ്രുവരി 8 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഥാവകാശ തര്‍ക്കത്തെത്തുടര്‍ന്ന് ചെന്നൈ ഹൈക്കോടതി ‘യാത്ര’യുടെ അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 6നാണ് ഇതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുക. അത് പരിഹരിച്ചാല്‍ മാത്രമേ ‘യാത്ര’ റിലീസ് സാധ്യമാവുകയുള്ളൂ.
ചെന്നൈയിലെ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം മുരുകൻ ആണ് പരാതിക്കാരൻ. ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താൻ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആൻഡ് ടെലിഫിഷൻ പ്രൊഡ്യൂസർ ഗിൽഡിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തതാണെന്നുമാണ് മുരുകൻ പരാതിയിൽ പറയുന്നത്. പാരാതി സ്വീകരിച്ച ജസ്റ്റിസ് എം സുന്ദർ ‘യാത്ര’യുടെ നിർമ്മാതാക്കളായ 70എംഎം എന്റർടെയിൻമെന്റിനും ശിവ മേഘ ഫിലിം പ്രൊഡ്യൂസേഴ്സിനും ഗ്യൂബ് സിനിമ ടെക്നോളജീസിനും നോട്ടീസ് അയക്കുകയായിരുന്നു.
ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി. റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിനു എതിരെയുള്ള ഹർജി റിലീസിംഗിന് തന്നെ ആശങ്കയുണർത്തുകയാണ്. ഗിൽഡിന്റെ ഉപദേശം കേൾക്കാൻ കൂട്ടാക്കാതെ നിർമ്മാതാക്കൾ റിലീസ് ഫെബ്രുവരി എട്ടിലേക്ക് പ്ലാൻ ചെയ്യുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.
Read More: കഥാവകാശ തര്‍ക്കം: മമ്മൂട്ടിയുടെ ‘യാത്ര’യ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്