മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം യാത്രയുടെ ടീസര്‍ എത്തി. വൈഎസ്ആറായി കൂടുവിട്ട് കൂടു മാറുകയാണ് മമ്മൂട്ടി. മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ എഫ്ബി പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ടീസറിലെ സംഭാഷണ ശകലത്തില്‍ മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. തെലുങ്കില്‍ അനായാസമെന്ന് തോന്നിക്കുന്ന രീതിയിലാണ് സംഭാഷണം കേള്‍ക്കാനാവുന്നത്.
‘എനിക്ക് കേൾക്കണം, എനിക്ക് ഈ കടപ്പാ ദേശത്തിനും അപ്പുറം ഉള്ള വീടുകൾ സന്ദർശിക്കണം, എനിക്ക് അവരുടെ കൂടെ യാത്ര ചെയ്യുന്നത് പോലെ തോന്നണം, എനിക്ക് അവരുടെ ഓരോ ഹൃദയമിടിപ്പും അറിയണം, ഞാൻ വിജയിച്ചാൽ അവർ അത് എന്റെ തന്റേടം ആണെന്ന് പറയും, ഞാൻ പരാജയപ്പെട്ടാൽ എന്റെ വിഡ്ഢിത്തരം ആണെന്ന് പറയും, ഈ പദയാത്ര എന്റെ തന്റേടമോ വിഡ്ഢിത്തമോ ചരിത്രം നിശ്ചയിക്കട്ടെ!!’
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം മഹി വി.രാഘവാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വൈ.എസ്.രാജശേഖര റെഡ്ഡിയായി എത്തുന്നത് മമ്മൂട്ടിയാണ്.
2004ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാനായി വൈഎസ്ആര്‍ നടത്തിയ 1475 കിലോമീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുമ്പോഴാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ വൈഎസ്ആര്‍ മരിക്കുന്നത്.