കോലാറിലെ സ്വര്‍ണഖനിയുടെ കഥപറഞ്ഞ കന്നഡ ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നു. ചിത്രത്തിന്റെ പൂജ ബാംഗ്ലൂരിലെ പഞ്ചമുഖി ഗണപതി ക്ഷേത്രത്തിൽ ഇന്നു രാവിലെ നടന്നു. സംവിധായകൻ പ്രശാന്ത് നീൽ, യഷ്, നായിക ശ്രീനിധി ഷെട്ടി എന്നിവരെല്ലാം പൂജയിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ഏതാനും രംഗങ്ങൾ ഇന്ന് ചിത്രീകരിച്ചു. ശേഷിക്കുന്ന സീനുകളുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കുമെന്നും അണിയറവൃത്തങ്ങൾ പറയുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഡബ്ബ് ചെയ്ത ഒന്നാം ഭാഗം, കന്നഡ സിനിമാ വ്യവസായത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രമായിരുന്നു. കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്. 2018 ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യമായി ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.

Read more: KGF movie review: താരത്തിളക്കത്തിലൂന്നിയ, മാറ്റില്ലാത്ത സ്വര്‍ണ്ണക്കഥ: ‘കെജിഎഫ്’ റിവ്യൂ

ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ യഷ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അടുത്ത ഭാഗത്തിൽ സഞ്ജയ് ദത്തുമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക എന്നാണ് വാർത്ത. എന്നാൽ ഇതിനെ കുറിച്ച് കെജിഎഫ് ടീം ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. ഫർഹാൻ ഖാനും ചിത്രത്തിന് ആശംസകളുമായി രംഗത്തുവന്നിട്ടുണ്ട്. കെജിഎഫ് ഹിന്ദി റീമേക്കിന്റെ നിർമ്മാതാവ് ഫർഹാൻ ആണ്.

‘കോലാർ ഗോൾഡ് ഫീൽഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെ ജി എഫ്’. കർണാടകത്തിലെ കോലാർ സ്വർണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം. രണ്ടുഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം നീണ്ട മൂന്നുവർഷങ്ങളെടുത്താണ് പ്രശാന്ത് നീൽ പൂർത്തിയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook