കന്നട സിനിമയിൽ നിന്നും ഒരു ബ്രഹ്മാണ്ഡചിത്രം റിലീസിങ്ങിന് ഒരുങ്ങുകയാണ്. ‘കെ ജി എഫ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രമാണ് ഡിസംബർ 21 ന് തിയേറ്ററുകളിലെത്തുന്നത്. യാഷ് നായകനാവുന്ന ‘കെ ജി എഫ്’ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നീൽ ആണ്. ശ്രീനിധി ഷെട്ടിയാണ് നായിക. ‘കോലാർ ഗോൾഡ് ഫീൽഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെ ജി എഫ്’. കർണ്ണാടകയിലെ
കർണാടകത്തിലെ കോലാർ സ്വർണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം. 1970 കാലഘട്ടമാണ് ചിത്രത്തിൽ കാണിക്കുന്നത്. മൂന്നുഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഒന്നാം ഭാഗമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. നീണ്ട മൂന്നുവർഷങ്ങളെടുത്താണ് പ്രശാന്ത് നീൽ ഈ ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. രണ്ടു വർഷത്തോളം ഷൂട്ടിനുവേണ്ടിയും ഒരു വർഷം പോസ്റ്റ് പ്രൊഡക്ഷനു വേണ്ടിയുമെടുത്തു.
കന്നഡ സിനിമയിലെ ഏറ്റവും ചിലവേറിയ ഈ ചിത്രം ആറു ഭാഷകളിലായാണ് റിലീസിനൊരുങ്ങുന്നത്. ആർട്ട് ഡയറക്ടർ ശിവകുമാർ ഒരുക്കിയ സെറ്റുകൾക്ക് മാത്രം 30 കോടി രൂപയിലേറെ ചെലവു വന്നുവെന്നാണ് അണിയറവാർത്തകൾ. ചിത്രത്തിന്റെ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ജാപ്പനീസ്, ചൈനീസ് ഭാഷാപതിപ്പുകളും റിലീസിനൊരുങ്ങുന്നുണ്ട്. ഇന്ത്യയിൽ മാത്രം 2000 സെന്ററുകളിൽ ചിത്രം റീലീസ് ചെയ്യുന്നുണ്ട്. കർണാടകത്തിൽ 400 സെന്ററുകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. തമിഴിൽ വിശാൽ ഫിലിം ഫാക്ടറിയും ഹിന്ദിയിൽ ഫർഹാൻ അക്തറുമാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
‘ഗജ കേസരി’, ‘മിസ്റ്റർ ആൻഡ് മിസിസ് രാമചരി’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം യാഷ് അഭിനയിക്കുന്ന ചിത്രമാണ് ‘കെ ജി എഫ്’. ചിത്രത്തിനു വേണ്ടി മൂന്നു വർഷമാണ് യാഷ് ചെലവഴിച്ചത്.